Wednesday 15 April 2009

വീറില്ലാതെ എന്തു വാറണ്ട്?

“ന്‍റെ സാറേ..... ഓക്ക് ഈ ഒരു കുഞ്ഞിക്കാലുണ്ടായി കാണാന്‍ എത്ര നേര്‍ച്ചേം മന്ത്രോം ചെയ്തൂന്നറിയോ ., അവസാനം ആ മുണ്ടംപടിക്കലെ ഉപ്പാപ്പാന്റെ  അടുത്ത്പോയിട്ടാ ഓക്ക് ഒന്ന് പള്ളീലുണ്ടായത്. ഇന്നിട്ടും ഓന് ഓളെ വിട്ടു പോയല്ലോ.!! ഇന്‍റെ റബ്ബേ .... ഹയാതിലുണ്ടയാ മത്യായിരുന്നു".

മരുമകനെ തേടിയുള്ള ആ വയസ്സായ ഉമ്മയുടെ വരവ് തുടങ്ങിയിട്ട് മാസം
മൂന്നു കഴിഞ്ഞു.  ഉമ്മായുടെ മകളുടെ മുഖ ഭാവം കണ്ടാലറിയാം അവളുടെ കെട്ടിയവന്‍ ഇനി വരില്ലെന്നുള്ളത്......!! കെട്ടിയവനെ തിരഞ്ഞു പോകാനും കഴിയില്ല. കാരണം കര്ണ്ണാടകയിലൊ , മയ്‌സൂരിലോ എവിടെയോ ആണ്. തിരഞ്ഞു കണ്ടു പിടിക്കാനുള്ള പണച്ചിലവും താങ്ങാന്‍ കഴിയില്ല.., ഹാ... എല്ലാം അവളുടെ വിധി....!! ആ "ദീര്‍ഘശ്വാസം" ഉമ്മായുടെ മകളുടെ കേസ്സുള്ള ദിവസങ്ങളില്‍ എന്‍റെ ഓഫീസിന്‍റെ വരാന്തയില്‍ നിന്ന് കേള്‍ക്കാം.

ഈ ഉമ്മ ഏതാണെന്നല്ലേ....?
പറയാം., ഇതാണ് ഹവ്വാ ഉമ്മ.!
ഞാന്‍ അരീകോട് എ. ആര്‍. കാമ്പില്‍ ക്ലാസ്സെടുക്കുന്ന കാലം അവിടെ കാമ്പിന്‍റെ കിച്ചണില്‍ ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന വഴിക്കടവുകാരന്‍ ഉസ്മാനിക്കയാണ് ഈ ഉമ്മയെ ഒരു കുറിപ്പ് സഹിതം എന്‍റെ അടുത്തേക്ക് വിടുന്നത്. ഓഫീസില്‍ എന്‍റെ മേശക്കരികില്‍ നിന്ന് പൊട്ടിക്കരയുന്ന ആ ഉമ്മയുടെ കയ്യില്‍ നിന്നും ഉസ്മാനിക്കയുടെ എഴുത്ത് ഞാന്‍ വാങ്ങി വായിച്ചു.......

"പ്രിയപെട്ട വക്കീല്‍സാറിന്ന്.... ഈ എഴുത്തുമായി വരുന്ന ഹവ്വാഉമ്മ എന്‍റെ അയല്‍വാസിയാണ്. അവരുടെ മകളുടെ വിവാഹവുമായി ബന്ധപെട്ട് ഒരു പ്രശ്നമുണ്ട്. വേണ്ടത് ചെയ്തുകൊടുക്കുമല്ലോ.! സാറിന്‍റെ സ്വന്തം ഉസ്മാനിക്ക.."

               നമ്മളെല്ലാം വളരെ അധികം കേള്‍വിയുള്ള മയ്സൂര്‍ കല്ല്യാണത്തിന്‍റെ ഒരു "വിക്ടിം"ആണ് ഈ ഉമ്മയും മകളും അവളുടെ ഒരു വയസ്സായ മകനും. നമ്മളൊക്കെ മുമ്പ് കേട്ടിട്ടുള്ള അറബി കല്ല്യാണം പോലെതന്നെ അതിന്‍റെ മറ്റൊരുരൂപമാണ് മയ്സൂര്‍ കല്ല്യാണം. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളുടെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും അങ്ങിങായി നടന്നു വരുന്ന ഒന്നാണ് ഈ മയ്സൂര്‍ കല്ല്യാണം.  കര്‍ണാടകയില്‍ നിന്നും പുരുഷന്‍മാര്‍ ചില്ലറ കാശൊക്കെ ഒപ്പിച്ചു ഈ പ്രദേശത്തേക്ക് വരും. ചുളിവില്‍ ഒരു അയ്യായിരമോ പതിനായിരമോ സ്ത്രീധനവും കിട്ടും., കിളുന്തു പോലത്തെ പെണ്ണിനെ
കെട്ടുകയും ചെയ്യാം.! ഇവന്‍റെ ഊരും പേരും വിലാസവും എല്ലാം യഥാര്‍ത്ഥമാണോഎന്ന് ചോദിക്കാന്‍ മനസ്സില്‍ തോന്നിയാല്‍ തന്നെ പിന്നെ ഈ പാവങ്ങള്‍ ഒറ്റപ്പെടും. ചത്ത ശവത്തിന്‍റെ മേല്‍ കഴുകന്‍മ്മാര്‍ വട്ടമിട്ടു പറക്കുന്ന പോലെയാണ് ഇവിടെയുള്ള
ബ്രോക്കര്‍ സമൂഹം. പെണ്ണ് കെട്ടുന്ന മയ്സൂര്‍ കാരനാണെങ്കിലോ, അവനു ഒന്നോ രണ്ടോ വര്‍ഷം നല്ല "പുത്യാപ്ല" സല്കാരത്തോടെ ജീവിച്ചു പോകാം. അത് കഴിഞ്ഞു പിന്നെ അവനെ തിരഞ്ഞാല്‍ പൊടിപോലും കാണില്ല.

                          ഹവ്വാ ഉമ്മയുടെ ഭര്‍ത്താവ് മകള്‍ക്കു ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു
പോയി. പിന്നീട് ഈ ഉമ്മയുടെയും മകളുടെയും ജീവിതം കൊടും ദാരിദ്ര്യത്തിലായിരുന്നു. ആകപ്പാടെയുള്ളത് അഞ്ചുസെന്റ് ഭൂമിയും അതില്‍ മണ്ണും പുല്ലും കൊണ്ട്തീര്‍ത്ത ഒരു കൊച്ചു കുടിലും. പിന്നീട് മകളെ വളര്‍ത്തി ഇക്കോലത്തില്‍ എത്തിച്ചത് ആ ഉമ്മയുടെ മനോധൈര്യവും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്. പട്ടിണിയും ദാരിദ്ര്യവും
സഹിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തെത്തി നില്‍ക്കുമ്പോഴാണ് മകള്‍ പ്രായപൂര്‍ത്തിയായി പുര നിറഞ്ഞു നില്‍ക്കുന്നത് നാട്ടുകാരൊക്കെ ഓര്‍മ്മിപ്പിക്കാൻ തുടങ്ങിയത്. ഒരു കുപ്പി വിഷം വാങ്ങി അവള്‍ക്കു നല്‍കുന്നതിനെക്കാള്‍ നല്ലതാണല്ലോ ഒരുത്തനെപ്പിടിച്ചു അവളെ ഏല്പിക്കുന്നത് എന്നോര്‍ത്താണ് ആ ഉമ്മ കര്‍ണാടകക്കാരനെ കൊണ്ട് കെട്ടിച്ചത്.

                         കുടുംബ കോടതി നിയമം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നത് 1984 ആണ്. അതിനു മുമ്പ് ഇത്തരത്തിലുള്ള കുടുംബ പ്രശ്നങ്ങള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രട്ടിന്‍റെ കീഴിലായിരുന്നു വിചാരണ നടന്നിരുന്നത് . വാശിയേറിയ ക്രിമിനല്‍ കേസ്സുകള്‍ക്കിടക്ക് അരക്കാശിന്നു ഗതിയില്ലാത്ത ഇത്തരം പാവങ്ങളുടെ കേസ്സ് ആര് നോക്കാന്‍...പിന്നീട് 1986 ലാണ് മലപ്പുറം ജില്ലയില്‍ ആദ്യമായി കുടുംബ കോടതി നിലവില്‍ വന്നത്. മഞ്ചേരി കച്ചേരിപ്പടിയിലായിരുന്നു തുടക്ക സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ മലപ്പുറം കലക്റ്ററേറ്റിന്‍റെ അകത്താണ് പ്രവര്‍ത്തിക്കുന്നത്.

                            ഉമ്മയുടെ മകളെ മയ്സൂര്‍ കാരന്നു കല്ല്യാണം ചെയ്തത് നമ്മുടെ നാട്ടില്‍ കുടംബ കോടതിയും നിയമവും എല്ലാം നിലവില്‍ വന്ന കാലത്താണ്. മാത്രവുമല്ല ഉമ്മയുടെ സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒത്തിരി സാമുദായിക കൂട്ടായ്മകള്‍ ഉമ്മാക്ക് മുന്നിലുള്ള കാലം..... എല്ലാം കൊണ്ടും ധന്യയായ ഉമ്മാക്ക് ഇനി എന്താണ് പ്രശ്നം.!

                   ഉമ്മ തന്‍റെ പുന്നാര മകളെ ആ മയ്സ്സൂര്‍കാരന് കല്ല്യാണം കഴിച്ചു കൊടുത്തിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ആ നാളുകളില്‍" സ്വര്‍ഗം" എന്നത് ഉമ്മയുടെ വീടാണെന്നു പോലും ഉമ്മാക്ക് തോന്നി പോയി. പിന്നീട് അവിടുന്നങോട്ട് ഓരോ ദിനവും ഉമ്മാക്ക് വിഷമം പിടിച്ചതായിരുന്നു. കാരണം ഉമ്മയുടെ പുന്നാര മകള്‍ ഇത് വരെ ഗര്ഭിണിയായില്ല . ഉമ്മ ജീവിതത്തില്‍ ഇന്നേ വരെ ഒരു വൈദ്യനെ കണ്ടിട്ടില്ല. കാര്യപ്പെട്ട ഒരസുഖവും ഇത് വരെ ഉമ്മാക്ക് വന്നതായി ഓര്‍മയുമില്ല. ഉമ്മ തന്‍റെ മകളെ തൊട്ടടുത്തുള്ള ഒരു ഔല്യെ പാപ്പാനെ (മന്ത്രവാദി) കാണിക്കാന്‍ തീരുമാനിച്ചു. ഔല്യെ പാപ്പ ചില്ലറക്കാരനല്ല. ചുട്ട കോഴിയെ പറപ്പിച്ച ആളാണ്‌.( എന്താണാവോ എല്ലാ മന്ത്രവാദികളും ചുട്ടകോഴിയെ മാത്രം പറപ്പിക്കുന്നത്? എന്തു കൊണ്ടു താറാവിനെ പറപ്പിക്കുകയോ നീന്തിക്കുകയോ ചെയ്യുന്നില്ല.) എന്തായാലും അയാളെ കണ്ടതോടെ ഉമ്മാക്ക് സമാധാനമായി. കാരണം മകള്‍ക്ക് ഗര്‍ഭമുണ്ടാകാനുള്ള ചികിത്സ വളരെ നിസ്സാരം, ചിലവും നന്നേ കുറവ് . വെറും 501 രൂപ മാത്രം. ഉമ്മാന്‍റെ കയ്യില്‍ കഴിഞ്ഞ മാസം ഉമ്മാന്‍റെ ആടിനെ വിറ്റ ചില്ലറ പണമുണ്ട്.

ഇനി ചികിത്സ എന്താണെന്ന് അറിയേണ്ടേ.....
വളരെ വിചിത്രമായ ഒരു ചികിത്സാ രീതിയാണ് മുണ്ടം പടിയിലുള്ള ഔല്യെ
പാപ്പാന്‍റെത്. ചികിത്സാ രീതി ഇങ്ങനെ........

മൂന്നു വെള്ളിയാഴ്ച രാവുകളില്‍ അയാളുടെ വീട്ടില്‍ വെച്ച് അരി നിറച്ച ഒരു പാത്രത്തില്‍ കത്തി പല പ്രാവശ്യം കുത്തിയിറക്കുക. അവസാനം എപ്പോഴാണോ ഈ കത്തിയുടെ കൂടെ അരിയും പാത്രവും എല്ലാം കൂടി ഒട്ടി പിടിച്ചു മുകളിലേക്ക് പോരുന്നത് അതോടെ അവള്‍ ഗര്ഭിണിയാകും. ! വളരെ വിചിത്രം തന്നെ.! കേട്ടാല്‍ ആരുമൊന്നു അന്തിച്ചുപോകും.

(ഇനി ഈ കഥ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും.ഹവ്വാ ഉമ്മ ഓഫീസില്‍ വരുന്ന ദിവസം ഞാനും ഫ്രീ ആണെങ്ങില്‍ അല്പം നേരം ഉമ്മായുടെ പഴം കഥ കേട്ടിരിക്കും. അക്കൂട്ടത്തിലാണ് ഈ കഥയും ഉമ്മ എന്നോട് പറഞ്ഞത്).

കത്തിയുടെ കൂടെ അരിയും പാത്രവും ഒട്ടി പിടിച്ചത് ഉമ്മ നേരിട്ട് കണ്ടുവത്രെ! കേട്ടപ്പോള്‍ ആദ്യം ഞാനും ഒന്ന് ചിന്തിച്ചു. വളരെ ചെറുപ്പം തൊട്ടേ എനിക്ക് മാജിക്ക് എന്ന കലയോട് എന്തന്നില്ലാത്ത ഒരു അടുപ്പമായിരുന്നു. ഇപ്പോഴും അവസരം കിട്ടുന്ന സ്ഥലത്തൊക്കെ ഞാന്‍ ഒരു മാന്ത്രികനായി പ്രത്യക്ഷപ്പെടാറുണ്ട്. അഭിഭാഷകനായതില്‍ പിന്നെ പൊതു വേദികളില്‍ അവതരിപ്പിക്കാന്‍ അല്‍പ്പം ചമ്മലായിരുന്നു. എന്നാല്‍ ഇപ്പോല്‍ ആ ചമ്മല്‍ പോയി., ഇപ്പോള്‍ അഭിമാന മായി തോന്നുന്നു. കാരണം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഒരു പൊതു വേദിയില്‍ മാജിക് അവതരിപ്പിക്കുന്നത് വാര്‍ത്തയില്‍ കണ്ടു. പിന്നെ കേവലം ഒരു വക്കീലായ ഞാന്‍ എന്തിന്നു ചമ്മണം...!!

എന്നാലും ഉമ്മയുടെ മന്ത്രവാദി കാണിച്ച ആ വിദ്യയുടെ രഹസ്യം ഞാന്‍ കണ്ടു പിടിച്ചു. അത് ഞാന്‍ ഉമ്മാക്ക് കാണിച്ചു കൊടുത്തു ബോധ്യപെടുത്തുകയും ചെയ്തു. കാരണം നമ്മുടെ സമൂഹത്തില്‍ ഈ രൂപത്തില്‍ തട്ടിപ്പ് നടത്തി ജീവിക്കുന്ന ഒട്ടനവധി ആള്‍ദൈവങ്ങള്‍ ഉണ്ട്. ഉമ്മയെ പോലുള്ള പട്ടിണി പാവങ്ങള്‍ ഇനിയെങ്കിലും അത്തരക്കാരുടെ വലയത്തില്‍ കുടുങ്ങാതിരിക്കാന്‍ നമ്മളെ പോലുള്ളവര്‍ രംഗത്ത് വരേണ്ടതാണ്.

കത്തിയും അരിയും പാത്രവും ഉപയോഗിച്ചുള്ള ആ വിദ്യയുടെ രഹസ്യം വളരെ ലളിതം. അറിയാത്തവര്‍ ക്കു വേണ്ടി ഞാന്‍ ഇവിടെ പറയാം.












പാത്രവും,കത്തിയും..ചെറിയൊരുരൂപരേഖ.
വായ് വട്ടം നന്നേ കുറഞ്ഞ അടിഭാഗം അല്പം വീര്‍ത്തിരിക്കുന്നതു മായ ഒരു
സ്റ്റീല്‍ കൊണ്ടുള്ള പാത്രമാണ് നമുക്ക് വേണ്ടത്. അത് നിറയെ നമ്മള്‍ ചോറ്
ഉണ്ടാക്കുന്ന സാധാരണ അരി എടുക്കുക. ഇനി ആ പാത്രത്തിന്റെ വലിപ്പ മനുസരിച്ച് അറ്റം കൂര്‍ത്ത ഒരു കത്തിയെടുത്തു ഈ അരിയില്‍ പലപ്രാവശ്യം കുത്തി നോക്കൂ..! കത്തിയോടൊപ്പം അരിയും പാത്രവും എല്ലാം ഒന്നിച്ചു പൊങ്ങിപ്പോരുന്നത് കാണാം.
ഇത് മന്ത്രവാദമോ കുട്ടിച്ചാത്തന്റെ സേവയോ ഒന്നുമല്ല! ഇത് സയന്‍സാണ്. അരിയില്‍ പല പ്രാവശ്യം ലോഹം കൊണ്ട് നിര്‍മ്മിച്ച കത്തി കുത്തി യിറക്കുമ്പോള്‍ അവിടെ ഒരു കാന്തിക മേഖല രൂപപ്പെടുന്നത് ഈ ഒട്ടി പിടിക്കലിന്നു ഒരു കാരണമാകുന്നു. മറ്റൊരു കാരണം വായ് വട്ടം കുറഞ്ഞ ഈ പാത്രത്തില്‍ അരിമണികള്‍ക്കിടയിലൂടെ കത്തി താഴ്ന്നു പൊങ്ങുമ്പോള്‍ അരി മണികള്‍ തമ്മില്‍ ഒരു ഇന്‍റെര്‍ ലോക്ക് രൂപ പ്പെടുകയും അതുകാരണം കത്തിക്ക് പാത്രത്തില്‍ നിന്ന് അത്ര പെട്ടന്ന് ഊരി പോരാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇനി നിങ്ങള്‍ സ്വന്തമായി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആദ്യമായി കാണുന്നവര്‍ക്കു ഇതൊരല്‍ഭുതം തന്നെ!

എല്ലാ കേസ്സിനും ഉമ്മ രാവിലെ തന്നെ ഓഫീസില്‍ എത്തും. അന്നൊക്കെ മുപ്പതു രൂപയും ഉച്ചക്ക് നല്ലൊരു ഊണും ഞാന്‍ ഉമ്മാക്ക് കൊടുക്കും. കൊടുക്കുന്ന മുപ്പതു രൂപ ഒന്നിനുമായിട്ടല്ല. എന്നാലും അഞ്ചരക്കുള്ള വഴിക്കടവ് ബസ്സിനുള്ള വണ്ടി ക്കൂലിയെങ്ങിലുംആകുമല്ലോ..

നാട്ടില്‍ പോയി ഉടന്‍മടങ്ങി വരാം എന്ന് പറഞ്ഞു പോയ മകളുടെ ഭര്‍ത്താവ്... വര്‍ഷം ഒന്നാവാറായി, ഇതുവരെ ഒരു വിവരവു മില്ല. കോടതികള്‍ക്ക് ഉമ്മയുടെ മരുമകനെ തേടി പിടിച്ചു കൊടുക്കുന്ന പണിയില്ല. അതിന്നു നിയുക്തരായ പോലീസും ഭരണാധികാരികളും ഇവിടെയുണ്ട്. ഉമ്മയെ സഹായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഇതുവരെ വന്നില്ല. തിരഞ്ഞെടുപ്പ് ഒന്നുകൂടി ഉമ്മയുടെ മുന്നിലൂടെ കടന്നു പോകുന്നു. എഴുപതു കഴിഞ്ഞ ഉമ്മാക്ക് ഇനി എത്ര തിരഞ്ഞെടുപ്പ് കാണാനുള്ള യോഗമുണ്ട് ആവോ..!!

എന്‍റെ മേശമേല്‍ വീണ ആ ഉമ്മയുടെ ഓരോ കണ്ണുനീരും ഞാന്‍ നിസ്സാരമായി കാണുന്നില്ല. ഉമ്മ ജനിച്ച ആ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും കാവല്‍ സൂക്ഷിപ്പുകാരുടെ പിടിപ്പുകേടും.,ജനകീയ ജനാധിപത്യ വ്യവസ്ഥയിലെ കാവല്‍ ഭടന്‍മ്മാരുടെ കഴിവില്ലായ്മയും, നിരുത്തരവാദിത്തവും., ഞാന്‍ അതില്‍ കാണുന്നു.
മരുമകനെ കണ്ടാല്‍ അറസ്റ്റു ചെയ്യാനുള്ള വാറണ്ട് കയ്യില്‍ പിടിച്ചു കോണിയിറങ്ങി പോകുന്ന ഉമ്മ അന്നും തന്‍റെ മക്കനയുടെ മൂല കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു.. ഒരു നാള്‍ വെറുങ്ങലിച്ച ആ മയ്യത്തു കുളിപ്പിക്കാനും
പള്ളിക്കാട്ടിലെടുക്കാനും പൊക്കുമ്പോള്‍ കിടക്കപ്പായക്കു കീഴെ നിന്നു വീഴുന്ന ആ കടലാസു വാലാത്തന്‍ തിന്ന ഒരു വാറണ്ടാവും. വാറന്റിനെക്കാള്‍ വീറു പുലര്‍ ത്തേണ്ട സമൂഹമാണു ഈ തെറ്റു പരിഹരിക്കേണ്ടത്.......

Wednesday 8 April 2009

ഷൂസ് കൊണ്ടുള്ള ഏറ്

ഷൂസ്കൊണ്ടുള്ള ഏറ് ഇപ്പോള്‍ ആഗോള
തലത്തില്‍ ഒരു പരസ്യോപാധി ആയി
മാറിയിരിക്കുന്നു. അത്തരമൊരു ഏറ്
ഏറെ പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയത്
ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്
ജോര്‍ജ്ബുഷിനെ ഒരു പത്രപ്രവര്‍ത്തകന്‍
ഷൂസ്കൊണ്ട് എറിഞ്ഞ പ്പോഴാണ്.
ഈ അടുത്തിടെ ചയ്നയുടെ പ്രധാനമന്ത്രി
വെന്‍ ജിയാബവോക്കെതിരെ ലെണ്ടന്‍
കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍വെച്ച്
ഒരുത്തന്‍ ഇത്പോലെ തന്‍റെ ഷൂസ്സ്
എറിയുകയുണ്ടായി.
ഇന്ത്യയുടെ ഹോം മിനിസ്റെര്‍ ചിതംബരത്തിന്
നേരെ പഞ്ചാബ്കാരനായ
ഒരു പത്രപ്രവര്‍ത്തകന്‍
തന്റെഷൂസ് വലിച്ചെറിയുന്നത് ഇന്നലെ
വാര്‍ത്തയില്‍
കണ്ടു.ഇന്ത്യയില്‍ ഇതിനു മുമ്പ് ലെജിസ്ലേച്ചരില്‍
ഉള്ളവര്‍ക്കെതിരെ പത്ര പ്രവര്‍ത്തകരുടെ ആക്രോശം
കണ്ടിട്ടുള്ളത് കേരളാ വ്യവസായ വകുപ്പ് മന്ത്രി
പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ കരിപൂര്‍
വിമാനതാവളത്തില്‍ വെച്ചുണ്ടായ സംഭവമായിരുന്നു.
ഇനി എത്ര ഏറുകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി
വരുമോ എന്തോ...?

ജേര്‍ണലിസം കോഴ്സില്‍ ഇനി അങ്ങനെ വല്ല ഷൂ
ഏറ് ടോപിക് വല്ലതും പുതുതായി പഠിപ്പിക്കുന്നുണ്ടോ
എന്ന് തോന്നിപ്പോയി. എന്തായാലും ഷൂ ഏറുകള്‍ക്ക്
പിന്നിലെ വികാരങ്ങള്‍ എന്താണെങ്കിലും സംഗതി കലക്കി.
പത്ര പ്രവര്‍ത്തകന്‍റെ പേനക്ക് ശക്തി പോരാഞ്ഞിട്ടോ
അതോ പത്ര ധര്‍മത്തിന്റെ പുതിയൊരു രൂപ മായിട്ടാണോ
ഇത്തരത്തില്‍ ഒരു പ്രതികരണ ശൈലി തിരഞ്ഞെടുത്തത്‌
എന്ന് എനിക്കറിയില്ല.

എന്‍റെ അഭിഭാഷക ജീവിതത്തിലും ഇങ്ങനെ
ഒരേറിനു സാക്ഷിയായതു ഞാന്‍ പറയാം.
അത് നേതാക്കന്മ്മാര്‍ക്കെതിരെ അല്ലായിരുന്നു.
സാക്ഷാല്‍ ജില്ലാ ജഡ്ജിക്ക് നേരെ തന്നെ ആയിരുന്നു
ആ ഏറ്.

കേരളത്തിലെ കോടതികള്‍ ഒട്ടു മിക്കവയും
ഒരു പതിനൊന്നു മണിയോടെയാണ്
സിറ്റിംഗ് തുടങ്ങാറ്.
തുടങ്ങിയാല്‍ പിന്നെ നിർത്താൻ വൈകുന്നേരം
മൂന്ന്
മണിയോടെ നോക്കിയാല്‍ മതി. കേസ്സുകളുടെ
റോള്കാളില്‍ ആദ്യം വിളിക്കാറ്
ജയിലില്‍ കഴിയുന്ന
റിമാന്റ് പ്രതികളെയാണ്. ഓരോ പതിനാലു ദിവസവും
കൂടുമ്പോഴാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാര്.
ഇങ്ങനെ കോടതിയില്‍
ഹാജരാക്കുന്ന പ്രതികള്‍ക്ക്
എസ്കോര്‍ട്ടായി രണ്ടു പോലീസുകാരും കൂടെ
യുണ്ടാകും.
മിക്കവാറും അത് പുതുതായി സര്‍വീസില്‍ കയറിയ കുട്ടി
പോലിസുകാരായിരിക്കും. അവര്‍ കോടതി നടപടികളിലെ
നൂലാ മാലകളെ കുറിച്ച് പഠിക്കുന്നത് ഇത്തരത്തിലുള്ള
പ്രതികളില്‍ നിന്നായിരിക്കും.

അങ്ങനെ
ആയുസ്സിന്‍റെ പകുതിയോളം റിമാന്റ്
ജീവിതവും ജയില്‍ വാസവും അനുഭവിച്ചു ഇപ്പോള്‍
കണ്ണൂര്‍ സെന്റര് ജയിലില്‍ കഴിയുന്ന ഒരു കളവു കേസ്സിലെ
പ്രതിയാണ് ഇവിടെനമ്മുടെ നായകന്‍. ആ കുറ്റവാളിയുടെ
പേര് ഞാന്‍ ഇവിടെ പറയുന്നില്ല കാരണം ഈ ഞാന്‍ ആ
കേസ്സിലെ ഒരു സാക്ഷി ആയിരുന്നു.

സംഭവം നടന്ന വര്‍ഷം എനിക്ക് കൃത്യ മായി ഓര്‍മ്മയില്ല.
സംഭവം ഇങ്ങനെ ഞാന്‍ ഓര്‍ക്കുന്നു രാവിലെ
പതിനൊന്നു മണിയോടെ കോടതി സിറ്റിംഗ് തുടങ്ങി.
മൂന്നാമത്തെയോ നാലാമത്തെയോ കേസായിരുന്നു അത്.
ബഞ്ച് ക്ലാര്‍ക് പേര് വിളിച്ചു പ്രതി പ്രതികള്‍ക്കായി
പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കേറി നിന്നു.
തനിക്കു ബഹുമാനപെട്ട കോടതി മുമ്പാകെ ഒരു
ആവലാതി ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞു ഒരു
പേപര്‍ചുരുട്ടി നീട്ടുന്നുണ്ടായിരുന്നു. കോടതി അത്
വാങ്ങി വായിച്ചു., നിങ്ങളുടെ ഈ ആവശ്യം
അന്ഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി പറഞ്ഞു.
ഇപ്പോള്‍ കഴിയുന്ന ജയിലില്‍ നിന്നും മാറ്റി
മറ്റൊരു ജയിലിലേകു ആക്കണ മെന്നായിരുന്നു
പ്രതിയുടെ അപേക്ഷ. തന്‍റെ ആവശ്യം അംഗീകരിക്കില്ല
എന്ന് കണ്ട പ്രതി തന്‍റെ പോക്കറ്റില്‍ കരുതിയിരുന്ന ഒരു
ഉരുളന്‍ കല്ല് ജഡ്ജിക്ക് നേരെ എറിഞ്ഞു.
പക്ഷെ പ്രതിക്ക് ഉന്നം നന്നേ കുറവായിരുന്നു എന്ന്
മനസ്സിലായി. കാരണം കല്ല് ജഡ്ജി യുടെ ടേബിള്‍ വരെ
എത്തിയുള്ളൂ. എസ്കോര്‍ട്ട് വന്ന കുട്ടി പോലീസുകാര്‍
ചാടി വീഴലും പ്രതിയുടെ കയ്യുകള്‍ രണ്ടും പുറകിലേക്ക്
പിടിച്ചു കയ്യാമം വെക്കലും ഒക്കെ വളരെ
പെട്ടന്നായിരുന്നു.
അവിടുന്നങ്ങോട്ട് ഈ ബ്ലോഗില്‍ എഴുതാന്‍ പോലും പറ്റാത്ത
രൂപത്തിലുള്ള തെറികളുടെ അഭിഷേക മായിരുന്നു
പ്രതി നടത്തിയത്. ഫലമോ?.. അവന്‍റെ റിമാന്റ് വീണ്ടും
ഒരു പതിനാലു ദിവസത്തേക്ക് നീട്ടി. അവനെ അതേ
ജയിലിലേക്ക് തന്നെ അയച്ചു.

കോളെജ്കളില്‍ നവാഗതരായ വിദ്യാത്ഥികളെ
സീനിയേര്‍സ് റാഗ് ചെയ്യുന്നത് പോലെ ജയിലുകളിലും
അതിന്‍റെ ഒരു മൂര്‍ത്തീ രൂപ മുണ്ട്. നമ്മുടെ കഥാ
നായകന്‍റെയും പ്രശ്നം അതായിരുന്നു.
ബഹുമാനപെട്ട
കോടതി അക്കാര്യം മനസ്സിലാക്കിയത് കൊണ്ടായിരിക്കാം
നമ്മുടെ കഥാ നായകനെതിരെ നാമമാത്രമായി
ഒരു പെറ്റികേസ്സ് മാത്രമേ ചുമത്തിയതൊള്ളൂ. എന്നാല്‍
നായകന് എസ്കൊര്‍ട്ട് വന്ന കുട്ടി പോലീസു കാരോട്
കോടതി വിശദീകരണം ആവശ്യപ്പെട്ടു.
വിശദീകരണം
മറ്റൊന്നുമല്ല. റിമാന്റ് കാലഘട്ടത്തില്‍ കോടതി മുമ്പാക
ഹാജരാക്കപെട്ട ഒരു പ്രതിയുടെ പോക്കറ്റില്‍
എങ്ങനെ ഉരുളന്‍ കല്ലെത്തി..?
കാര്യത്തിന്‍റെ ഗൌരവം
പോയ പോക്കേ.!
കുട്ടി പോലീസുകാര്‍ കാര്യങ്ങള്‍
ചോദിച്ചു മനസ്സിലാക്കിയിരുന്ന അവരുടെ
ഉസ്താതാണ്
അവര്‍ക്ക് ഇങ്ങനെ ഒരു വിന ഒപ്പിച്ചു കൊടുത്തത്.
പോലീസുകാർ
പരസ്പരം പാരപണിയുന്ന വിധം
അന്നാണൂ ഞാൻ ആദ്യമായികാണുന്നത്.

വിശദീകരണം മൂന്നു ദിവസത്തിനകം നല്‍കാനായിരുന്നു
കോടതി ഉത്തരവ്.
കാര്യങ്ങള്‍ അവസാനം എന്‍റെ
ചേംബറില്‍ എത്തി. ആ കേസിലെ ഒരു സാക്ഷി ഞാന്‍
ആയതിനാല്‍ ഓപ്പണ്‍ആയി കേസ്സില്‍
ഇടപെട്ടില്ലെങ്കിലും
അനുഭവ ക്കുറവിന്‍റെ യും സാങ്കേതികതയുടെയും
ഡിഫ്ഫന്‍സ്സുകള്‍ നിരത്തി കുട്ടിപ്പോലീസുകാര്‍
രക്ഷപെട്ടു.
അവര്‍ ഇരുവരും ഇന്നും സര്‍വ്വീസില്‍
തുടരുന്നു എന്ന് ചുരുക്കം ..........

Saturday 4 April 2009

രണ്ടു തല ചേരും നാലു മുല ചേരില്ല.

എന്റെ അക്ഷരയിലെ പത്താംക്ലാസ്സിലെ
പഠനസമയത്തു അവിടത്തെ അധ്യാപകനായിരുന്ന
കരീംമാഷിന്റെ ബ്ലോഗിലെഴുതിയ ഒരു ലേഖനം
വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്ന ഒരു
സംഭവമാണു ഞാനിപ്പോള്‍ എഴുതുന്നത്‌.


അക്ഷരയിലെ പഠനകാലത്തു ഒത്തിരി നന്മകള്‍
സ്വായത്തമാക്കാനും അവ
ജീവിതത്തില്‍
പ്രയോഗിക്കാനും എന്നെ വളരെ സ്വാധീനിച്ച ഒരു
അധ്യാപകനാണു കരീംമാഷ്‌. ബ്ലോഗില്‍ നിങ്ങളോക്കെ
"കരീംമാഷ്‌" എന്ന ബ്ലോഗുനാമത്തിനു മാത്രം
പ്രാധാന്യം നല്‍കുമ്പോള്‍ എന്റെ ജീവിതത്തില്‍
കരീംമാഷ്‌ എന്നു ശിഷ്യബോധത്തിലല്ലാതെ
എനിക്കദ്ദേഹത്തെ സംബോധന ചെയ്യാനാവില്ല.
"ക്യാപ്പിറ്റല്‍ പണിഷ്‌മന്റ്‌" (തൂക്കിക്കൊല്ലല്‍)
"സ്റ്റോണിംഗ്‌"(കല്ലെറിഞ്ഞു കൊല്ലല്‍) എന്നീ
ശിക്ഷാനടപടികളിലെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചു
ഇക്കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചകളുടെയും
ഇവന്റുകളുടെയും ഭാഗമായി ഞാന്‍ അവതരിപ്പിച്ച
അസ്സെസ്സ്‌മെന്റില്‍ എല്ലാവരേയും ആകര്‍ഷിച്ചത്‌
എന്റെ കമ്പ്യൂട്ടര്‍ സൈഡുകളിലൂടെയുള്ള ഒരു
പുതുമയുള്ള അവതരണ ശൈലിയായിരുന്നു.
അതിനു ഞാന്‍ കരീംമാഷിനോടു കടപ്പെട്ടിരിക്കുന്നു.
പ്രബന്ധങ്ങളും തിസ്സീസുകളും അവതരിപ്പിക്കുമ്പോള്‍
വളരെ ഭംഗിയോടെ കളര്‍ ചെയ്തു മോടിപിടിപ്പിച്ച
തലക്കെട്ടുകളും ഉപതലക്കെട്ടുകളുമായി ഒരു
ഷോര്‍ട്ടു നോട്ടു തയ്യാറാക്കി ഞാന്‍ കയ്യില്‍
കരുതുമായിരുന്നു. ഇതു പോയന്റുകള്‍
മിസ്സാവാതിരിക്കാനും പ്രാധ്യാന്യം കൂടുതലുള്ളവക്കു
കൂടുതല്‍ ഊന്നല്‍ നല്‍കാനും ക്രമത്തിനനുസരിച്ചു
പ്രസന്റു ചെയ്യാനും എന്നെ വളരെ സഹായിക്കാറുണ്ട്‌.
ഇതും ഞാന്‍ കരീം മാഷിന്റെ അടുത്തു നിന്നും
പഠിച്ചതാണ്‌. മാഷു ക്ലാസ്സിലെത്തുമ്പോള്‍
അന്നെടുക്കേണ്ട വിഷയത്തിന്റെ ഒരു ഷോര്‍ട്ടു
നോട്ടും ഇതുപോലെ ഭംഗിയായി
തയ്യാറാക്കിയായിരുന്നു വന്നിരുന്നത്‌.

പറഞ്ഞു പറഞ്ഞു ഞാന്‍ വിഷയത്തില്‍
നിന്നു മാറണ്ട.മാഷിന്റെ ലേഖനത്തിലേക്കു
തന്നെ വരാം. മാഷിന്റെ ആന്റി, റുഖ്യാത്ത
ഒരു കുടുംബശ്രീ യൂനിറ്റ്‌ തുടങ്ങിയതും ആ
സ്ഥാപനത്തിന്റെ വികസനവും ഗമനവും
തടസ്സപ്പെടുന്ന രീതിയില്‍ ആ മേഖലയിലെ
കുത്തകകളോടു കിടപിടിക്കാന്‍ കഴിയാതെ
ആ സംരംഭം അടച്ചുപൂട്ടിയതുമായ സംഭവം
അറിഞ്ഞു.

2002ല്‍ ഞാന്‍ പഞ്ചായത്തു മെമ്പര്‍ ആയിരുന്നു
കാലത്തു എന്റെ വാര്‍ഡിലെ ഒരു കുടുംബശ്രീ
യൂനിറ്റും ഇതുപോലെ നന്നായി പ്രവര്‍ത്തിച്ചു
വരുന്നതായിരുന്നു.എട്ടോളം വനിതാ അംഗങ്ങളുള്ള
അതില്‍ പതിമൂന്നു മോണിറ്റരിംഗ്‌ കമ്മറ്റി
മെമ്പര്‍മാരുള്ളതില്‍ ഏക പുരുഷാംഗമായ ഞാനും
ബാക്കി 12 വനിതകളും ചേര്‍ന്ന ആ യൂണിറ്റ്‌
ആദ്യഘട്ടങ്ങളില്‍ നല്ല വിജയമായിരുന്നെങ്കിലും
പിന്നീടു പരാജയപ്പെടാന്‍ കാരണം മാഷിന്റെ
ലേഖനത്തില്‍ പറഞ്ഞ ആ സ്ഥാപനത്തിനു
പറ്റിയപോലെ ബാഹ്യമായ ഇടപെടല്‍
അല്ലായിരുന്നു. പരസ്യത്തിന്റെ പാരയും
അല്ലായിരുന്നു.
യൂണിറ്റിനകത്തെ സ്ത്രീ ജനങ്ങളുടെ
സ്വതസിത്തമായതും ജനിതകപരവുമായ കുശുമ്പും
കുന്നായ്മയും മാത്രമായിരുന്നു. എന്തൊക്കെ സ്ത്രീ
വിമോചനവും സ്ത്രീസ്വാതന്ത്യവും പ്രസംഗിച്ചാലും
അടിസ്ഥാനപരമായി സ്ത്രീകളില്‍ അടങ്ങിയിരിക്കുന്ന
ഈ ചീത്തഗുണങ്ങള്‍ മാറാത്തിടത്തോളം കാലം
നമ്മുടെ
സ്ത്രീയെ മുഖ്യധാരയിലെത്തിക്കാന്‍
കഴിയുമെന്നു തോന്നുന്നില്ല.
സാഹിത്യവാരഫലം
എം.കൃഷ്ണന്‍ നായരുടെ വാക്കുകള്‍ കടമെടുത്തു
തന്നെ പറയട്ടെ! "അസൂയയും ദു:ഖവും സ്ത്രീക്കു
സഹിക്കാന്‍ കഴിയില്ല.രണ്ടു തല തമ്മില്‍
ചേര്‍ന്നാലും നാലുമുല തമ്മില്‍ ചേരില്ല"......
ആ സ്ഥാപനം അടച്ചു പൂട്ടിയിട്ടു ഇപ്പോള്‍
നാലു വര്‍ഷമായി...!

Friday 3 April 2009

ലെണ്ടന്‍ ബ്രിഡ്ജ് അഥവാ ടവര്‍ ബ്രിഡ്ജ്....

















ഇരുമ്പുഴിആലിക്കപറമ്പിലെ ബാര്‍ബര്‍ര്‍ഷോപ്പില്‍
മുടിവെട്ടാന്‍ ഇരിക്കുമ്പോള്‍ മുന്നിലുള്ള
കണ്ണാടിക്കു മുകളിലായി ലെണ്ടന്‍ ടവര്‍
ബ്രിഡ്ജിന്‍റെ വലിയ്യൊരു ഫോട്ടോ കണ്ടിട്ടുണ്ട്
എന്ന ഒരു പരിചയം മാത്രമേ
എനിക്കുണ്ടായിരുന്നോള്ളൂ. പിന്നീട്
ഉപരിപഠനാര്‍ത്ഥം ലെണ്ടനിലേക്ക്
വന്നപോഴാണ് ഈ പാലം നേരിട്ട് കാണാന്‍
കഴിഞ്ഞത്

ലെണ്ടന്‍ നഗരത്തിലൂടെ ഒഴുകുന്ന പ്രശസ്തമായ
"തെംസ്" നദിക്കു കുറുകെയുള്ള പാലമാണ്
ലോക പ്രശസ്ത മായ ഈ ടവര്‍ ബ്രിഡ്ജ്.
ഇതിനെ പല ആളുകളും ലെണ്ടന്‍ ബ്രിഡ്ജ്
എന്ന് തെറ്റായി പറയാറുണ്ട്‌. എന്നാല്‍ ഈ
ടവര്‍ ബ്രിഡ്ജില്‍ നിന്നും വളരെ അകലെ യായി
സ്ഥിതിചെയ്യുന്ന മറ്റൊരു പാല മാണ് സത്യത്തില്‍
" ലെണ്ടന്‍ ബ്രിഡ്ജ്". ലെണ്ടന്‍ നഗരത്തില്‍ ലെണ്ടന്‍
ടവറിനു അടുത്തായതിനാലാണ് ഇതിനു ടവര്‍
ബ്രിഡ്ജ് എന്ന പേര് വന്നത്.
( കാലിഫോര്‍ണിയയില്‍
സാക്രാമെന്റോ എന്ന് പേരായ നദിക്കു കുറുകെ
യുള്ള പാലത്തിന്നും ഇതേ പേര്തന്നെ എന്ന്
ഓര്‍മിച്ചു കൊള്ളട്ടെ...)

(King Edward VII and Queen Alexandra.)
ഈ പാലം ഇന്ന് ബ്രിട്ടി ഷ്കാരന്‍റെ ഒരു പ്രൌഡിയുടെ ഭാഗമായിട്ടാണ് കാണുന്നത്.
ഇതിന്‍റെ ഉടമസ്സ്താ അവകാശവും, പരിപാലനവും, ലെണ്ടന്‍ സിറ്റി കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റായ സിറ്റി ബ്രിഡ്ജ്ട്രെസ്റ്റില്‍ നിക്ഷിപ്തമാണ്.

അപ്പുറവും ഇപ്പുറവും ആയി സ്ഥിതി
ചെയ്യുന്ന രണ്ടു ഭീമാകാരങ്ങളായ ടവറില്‍
നിന്ന് ബലമേറിയ കമ്പികളില്‍ തൂങ്ങി
യുള്ള ഒരു തൂക്കു പാല മാണിത്. ഇതിന്റെ
ഓപ്പരേട്ടിന്ഗ് മെഷീനറികള്‍ സ്ഥിതി ചെയ്യുന്നത്
ഈ ടവരുകള്‍ക്ക് താഴെയാണ്. ഈ പാലതിന്നു
നല്‍കിയിരിക്കുന്ന നിറം 1977 വരെ ഒരു ചോകളേറ്റു ബ്രൌണ്‍
നിറമായിരുന്നു. അതിന്നു ശേഷം ബ്രിട്ടീഷ് രാക്ഞിയുടെ
സില്‍വര്‍ ജൂബിലിയോടെ ചുകപ്പ്, വെള്ള, നീല എന്നീ
നിറങ്ങള്‍ ആക്കി മാറ്റി.

ലെണ്ടന്‍ ബ്രിഡ്ജ് , ടവര്‍ ബ്രിഡ്ജ് എന്നീ പേരുകളിലെ
കഫ്യൂഷന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
1968 ല്‍ അമേരിക്കയിലെ ഓള്‍ഡ് ലെണ്ടന്‍ ബ്രിഡ്ജ്
വിലക്ക് വാങ്ങിയ റോബര്‍ട്.എം.സി. കുല്ലോട്ടു, എന്ന
കോടീശ്വരന്‍ തെറ്റായി ധരിച്ചു വെച്ചിരുന്നത് അയാള്‍
ഈ പാലമാണ് വിലക്ക് വാങ്ങിയിരിക്കുന്നത്
എന്നാണു. പിന്നീട് അക്കാര്യം അയാള്‍ സ്വയം നിഷേധിക്കുകയും
ആ വിഡ്ഢിത്തം പാലം വില്പന നടത്തിയ ഇവാന്‍ ലുക്കീന്‍
എന്ന ആളുടെ തലയില്‍ കെട്ടി വെക്കുകയും ചെയ്തു എന്നാണു
പറയപ്പെടുന്നത്‌.



19-)0നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ലെണ്ടനില്‍ വാണിജ്ജ്യ വികസനം നടക്കുകയും അതിന്‍റെ ഭാഗമായി
തെംസ് നദിക്കു കുറുകെ ഒരു പാലത്തിന്‍റെ ആവശ്ശ്യം ഉയരുകയും ചെയ്തു. എന്നാല്‍ സാധാരണ രീതിയില്‍ ഒരു പരംബരാകതമായ പാലം നിര്‍മ്മിച്ചാല്‍ അത് ഈ പാലതിന്നും ലെണ്ടന്‍ ടവരിന്നും ഇടയിലുള്ള ലെണ്ടന്‍ തടാകവുമായുള്ള തുറമുഖ ബന്തം നിലച്ചു പോകും എന്ന് വന്നു. അതിനായി നൂതനമായ രൂപത്തിലുള്ള ഒരു പാലം വേണം നിര്‍മ്മിക്കാന്‍.

അതിനായി 1876 ല്‍ സര്‍, ആല്‍ബര്‍ട്ട് ജോസഫ്
ആള്ടുമാന്‍ എന്നയാള്‍ ചെയര്‍മാനായി ഒരു
സബ് വേ കമ്മറ്റി രൂപീകരിച്ചു., തുടര്‍ന്ന്
വളരെ പ്രശസ്തനായ ജോസഫ് ബസാല്ഗെട്
എന്ന സിവില്‍ എന്ജിനീയരുടെതടക്കം
മൊത്തം അന്‍പതോളം ഡിസൈനുകള്‍
സബ്മിറ്റ് ചെയ്തു. അതില്‍ ഹോറാകെ
ജോണ്‍ എന്ന സിറ്റി ആര്‍കി ടെക്ടിന്‍റെ പ്ലാന്‍
അംഗീകരിച്ചു. അങ്ങനെ 1884 ല്‍
പാലത്തിന്‍റെപ്ലാന്‍ തയ്യാറായി.

പാലത്തിന്‍റെ ഇരു ഭാഗത്തുമുള്ള
ലീഫുകള്‍ തുറന്നു തെംസ് നദിയിലൂടെ
ലെണ്ടന്‍ തടാകത്തിലേക്ക് കപ്പല്‍ കടന്നു
പോകാന്‍ തക്ക രൂപത്തില്‍ ഉള്ള ഒരു തൂക്കു
പാലത്തിനു രൂപരേഖ തയ്യാറായി. 1886 ല്‍
പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം
ആരംഭിച്ചു. അഞ്ചു പ്രധാനപെട്ട
കൊണ്ട്രാക്ടര്മാരുടെ കീഴില്‍ നടന്ന
നിര്‍മാണ പ്രവര്‍ത്തി എട്ടു വര്‍ഷത്തോളം
നീണ്ടുനിന്നു.

1894 ജൂണ്‍ 30 തിന്നു വേല്സിന്‍റെ രാജകുമാരനായ
കിംഗ്‌എഡ്വാട് VII (
ഇദ്ദേഹം 1901 ജനുവരി
22 മുതല്‍ 1910 മേയ് 6 നു അദ്ദേഹം മരിക്കുന്നത്
വരെ ഇന്ത്യയുടെ ചക്രവര്‍ത്തി ആയിരുന്നു. ) ഉം
അയാളുടെ ഭാര്യ വേല്‍സിന്‍റെ രാജകുമാരി
അല്കസാണ്ടര്‍ മാക്കും കൂടി പാലം ഔധ്യോധിക
മായി തുറന്നു കൊടുത്തു.

കപ്പലുകള്‍ കടന്നു പോകാനായി പാലത്തിന്റെ
ഇരു ഭാഗത്തെയും ലീഫ്കള്‍ തുറക്കുന്നത്
ആറു ഹൈഡ്രോളിക് അകൂമിലെറ്ററുകളുടെ
സഹായത്താലാണ്., പാലത്തിന്‍റെ മൊത്തം
നീളം 244 മീറ്റര്‍ ആണ്.


Wednesday 1 April 2009

സെറിബ്രല്‍ ത്രോംബോസിസ്.

രണ്ടു ദിവസം മുമ്പ് ഇന്റെര്‍നെറ്റ് യു ടൂബ് തുറന്നപ്പോഴാണ് ഒരു രാഷ്ട്രീയ നേതാവിന്‍റെ ധീര ഘോര പ്രസംഗം കേള്‍ക്കാനിട വന്നത്. കേട്ടു മുഴുവനാക്കിയപ്പോള്‍ ഇനി ഒരിക്കല്‍ കൂടി അതു കേള്‍ക്കാനിട വരരുതേ എന്ന് മനസ്സില്‍ തോന്നി കാരണം അയാളോടുള്ള എന്‍റെ രാഷ്ട്രീയ
വിയോജിപ്പല്ല, മറിച്ച് ആ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോള്‍ എന്‍റെഓര്‍മ്മ ചെന്നു നിന്നത് സുമാര്‍ ആറു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്കാണ്.


അന്ന് ഒരുച്ച സമയത്ത് കാണാതെ പോയ ഒരു ഫയലും തപ്പി ഞാന്‍ വിഷമിച്ചിരിക്കുന്ന സമയം എന്‍റെ പിതാവിന്‍റെ ഒരു പഴയ കൂട്ടുകാരന്‍ എന്റെ വക്കീലാപ്പീസില്‍ എത്തി. അയാള്‍ ഒന്നും സംസാരിക്കാതെ ഒത്തിരി സമയം ഓഫീസിന്‍റെ പുറത്തുള്ള കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം കണ്ടപ്പോള്‍ എന്തോ കാര്യമായി എന്നോട് പറയാനുണ്ടെന്ന് തോന്നി. ഞാന്‍ അയാളെ എന്‍റെ ചേമ്പറിനകത്തേക്ക് വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി.
കാര്യം കേട്ടപ്പോള്‍ , ഹോ. കാര്യം ഇത്രയേ ഒള്ളൂ !... ഇത് വളരെ നിസ്സാര മായ ഒരു കാര്യം....!., എന്നു തോന്നി. അയാളുടെ രണ്ടാം ഭാര്യയുടെ നാടായ ഇടക്കരയില്‍ കുറച്ചു ഭൂസ്വത്തിന്‍റെ രജിസ്ട്രേഷനാണു നാളെയെന്നും., അത് അയാളുടെ ആദ്യ ഭാര്യയിലെ മകന്‍റെ
പേരില്‍ എഴുതികൊടുക്കുന്ന സമയം രെജിസ്ട്രാപീസ്സില്‍ വക്കീലെന്ന നിലയില്‍ഞാനും വേണം. എന്നാണാവശ്യം. അത്രയേ ഒള്ളൂ കാര്യം.,ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു “അതിനെന്താ നിങ്ങള്‍ വണ്ടി ഏര്‍പ്പാടാക്കികൊള്ളൂ, എന്‍റെ കോടതി പരിപാടിയൊക്കെ തീര്‍ത്തു ഉച്ചക്ക് ഒരു രണ്ടു മണിക്ക് നമുക്ക് അവിടെയെത്താം“
അയാള്‍ സമാധാനത്തോടെ തിരിഞ്ഞു നടക്കുന്നതിന്നിടയില്‍ രണ്ട് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ എന്‍റെ പോക്കറ്റില്‍ തിരുകി വെച്ചു. എന്‍റെ പിതാവിന്‍റെ കൂട്ടുകാരനായതിനാല്‍ ഫീസു സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചെങ്കിലും അയാള്‍ അത് നിര്‍ബന്ധിച്ചു എന്നെകൊണ്ട് പിടിപ്പിച്ചു..................


ആ ആയിരം രൂപയ്ക്കു ഞാന്‍ പിന്നീട് അനുഭവിച്ച മാനസിക സംഘര്‍ഷം ചില്ലറയൊന്നുമല്ലായിരുന്നു.


പറ്റെ ദിവസം കോടതിയില്‍ മജിസ്ട്രേട്ട് ലീവായതിനാല്‍ എനിക്ക് നേരത്തേ ഫ്രീ ആകാന്‍ കഴിഞ്ഞു. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സമയത്ത് തന്നെ രേജിസ്ട്ട്രാപീസിന്റെ അവിടെയെത്തി.ഞങ്ങളെല്ലാം ഉച്ചയൂണു കഴിഞ്ഞു നേരെ രജിസ്ട്ട്രാര്‍ ആപീസ്സില്‍ എത്തി. അവിടെ ചെന്നപ്പോള്‍ ഞാന്‍ സമാധാനിച്ചു ഇരു കൂട്ടരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.
സംഗതി പെട്ടെന്നു തീര്‍ത്തു മടങ്ങാം. പക്ഷെ അവരെ കൂടാതെ അവിടമാകെ അനവധി ആളുകള്‍ കൂടിയിരുന്നു. അവര്‍ എല്ലാവരും അവരവരുടെ രാജിസ്ടരിനു വന്നതായിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷെ അകത്തു കടന്നപ്പോഴാണ് എന്‍റെ ആ കരുതല്‍ തെറ്റാണെന്ന്
മനസ്സിലായത്‌. അവിടെ കൂടിയിരുന്ന അത്രെയും ജനങ്ങള്‍ ഈ ഒരു രജിസ്ടരിന്റെ കാര്യത്തിനു മാത്രം വന്നതായിരുന്നു എന്ന്മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.


രജിസ്ട്രാര്‍ റോള്‍കോള്‍ വിളിച്ചു അകത്തു കടന്നപ്പോള്‍ വക്കീലെന്ന നിലയില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഫയല് മേശപ്പുറത്തുഎടുത്തു വെച്ചു നടപടിക്രമം പ്രകാരം രാജിസ്ട്രാര്‍ അടുത്ത പേര് വിളിച്ചു. അതിന്‍റെ തൊട്ടു പുറകെ എന്നോണം ആള്‍ കൂട്ടത്തില്‍ നിന്ന് തടിച്ചു ഇരുണ്ട ഒരാള്‍ ഈ ഭൂമി അങ്ങനെ അങ്ങോട്ട്‌ രജിസ്റ്റര്‍ ചെയ്യുന്നത് ഞങ്ങള്‍ക്കൊന്നു കാണണം എന്ന്‍ കയര്‍ക്കുന്നത് കേട്ടു. അതോടെ പിന്നെ അവിടെ ഒരു കൂട്ട ബഹളമായി. ദിവസങ്ങളായി ആ പ്രദേശ മാകെ നീറിപുകഞ്ഞു കൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്നത്തിലെക്കാണു
ഞാന്‍ അറിയാതെ എത്തിപെട്ടതെന്നും അന്ന് അതിന്‍റെ ക്ലൈമാക്സാണ് അവിടെ നടക്കാന്‍ പോകുന്നതെന്നും ഞാന്‍ ഏറെ വൈകി മനസ്സിലാക്കാന്‍!

ഒരാളുടെ ആദ്യ ഭാര്യയിലെയും രണ്ടാം ഭാര്യയിലെയും മക്കള്‍ തമ്മിലുള്ള അവകാശ തര്‍ക്കത്തിന്‍റെ മൂര്‍ത്തീ ഭാവ മായിരുന്നു അവിടെ നടന്നത്.


അവിടെ നിന്ന് പിന്നീടുള്ള എന്‍റെ ഓരോ നീക്കങ്ങളും തടി രക്ഷപ്പെടുത്താനുള്ള വഴി തെരഞ്ഞായിരുന്നു. രെജിസ്ട്ട്രാപീസ്സ്സിലെ ശിപായി ഇടപെട്ട് എന്നെയും രാജിസ്ട്രാരെയും ഒരു മുറിക്കകത്താക്കിയെങ്കിലും ബ്രോക്കര്‍ ശിവ‌ന്‍കുട്ടി പുറത്തായിരുന്നു. പുറത്തു നടക്കുന്ന കോലാഹലം ഞങ്ങള്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു.സുമാര്‍ ഒരു പത്തു മിനിട്ട് കഴിഞ്ഞതെ യുള്ളൂ ശിപായി ഓടി കിതച്ചു വന്നുപറഞ്ഞു.....“ബ്രോക്കര്‍ ശിവന്‍കുട്ടി പുറത്തു മരിച്ചു കിടപ്പുണ്ട്.“കേട്ടപ്പോള്‍ എനിക്ക് ഒരുമരവിപ്പായിരുന്നു.
കാരണം ഞങ്ങള്‍ ഉച്ചയൂണു കഴിക്കുന്ന സമയം എന്‍റെ അടുത്ത് വന്നു കുശലം പറഞ്ഞു പോയതായിരുന്നുഅയാള്‍ . കൂട്ടത്തില്‍ അയാള്‍ ഒന്നുകൂടി പറഞ്ഞത് ഞാന്‍ഓര്‍ക്കുന്നു.“ഒരു സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ സാറിനെ പോലെയുള്ളവരൊക്കെ വരണോ. അതിനു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ!“ഒരു ഇളം ചിരിയോടെ പത്തുമിനിട്ടു തൊട്ടു മുന്‍പെ
എന്നില്‍ നിന്ന് നടന്നകന്ന അയാളുടെ മുഖം എന്‍റെമനസ്സിലുണ്ട്.

ഞങ്ങളുടെ മുറിക്കു പുറത്തു പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി കഴിഞ്ഞു.
ജനല്‍ വാതിലില്‍ കല്ല്‌ കൊണ്ടുള്ള ഏറു പല പ്രാവശ്യം വന്നു. “വക്കീലിനെ ഇറക്കി വിടെടാ....“.എന്നുള്ള ആക്രോശവുo എങ്ങനെ രക്ഷപെടും എന്ന ചിന്തയിലായി. അവസാനം എടക്കര പോലീസ് സ്ടഷനില്‍ നിന്നും പോലീസ് എത്തി മുറിയുടെ വാതില്‍ തുറന്നു രണ്ട് പോലീസു കാരുടെ അകമ്പടിയോടെ എന്‍റെ കാറിന്‍റെ അടുത്ത് എത്തിയപ്പോള്‍ കണ്ടു,ടയര് നാലും കാറ്റൊഴിച്ചു വിട്ടിരിക്കുന്നു. പിന്നെ സ്ഥലം വിടാന്‍ ഒരു നിവൃത്തിയില്ല. കൂടെ യുള്ള പോലീസുകാര്‍ പറഞ്ഞു “വക്കീല്‍ ഞങ്ങളുടെ ജീപ്പില്‍ കേറിക്കോളൂ“.

സമര കാലഘട്ടത്തില്‍ അറസ്റ്റു വരിച്ചു മാത്രമാണ് പോലീസ് വണ്ടിയില്‍ കേറിയിട്ടുള്ളത്. വക്കീലായത്തിനു ശേഷം ഇതു ആദ്യ മായാണ് പോലീസു ജീപ്പില്‍കയറുന്നത്. പോലീസ് കാംപ്യുകളില്‍ ക്രിമിനോളൊജിക്കു ക്ലാസ്സെടുക്കാന്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയി പോയപ്പോഴും പോലീസ് വാഹനത്തില്‍ കേറാതെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.
(ആ സമയങ്ങളില്‍ ഞാന്‍ നിലംബൂര്‍ പോലീസ് സെക്കന്‍റ്
ബെറ്റാലിയന് ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്ന കാലഘട്ട മായിരുന്നു.)

ആ പോലീസു ജീപ്പില്‍ എന്നെ തൊട്ടടുത്ത പോലീസു സ്റ്റേഷനിലേക്കു മാറ്റി. പോലീസ് സ്റ്റേഷനുള്ളിലും ഞാന്‍ വേണ്ടത്ര സുരക്ഷിതനല്ലെന്നു എനിക്ക് അന്നേരം തോന്നി . കാരണം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളത് ആകെ വിരലില്‍എണ്ണാവുന്ന തുച്ഛം പോലീസുകാര്‍....!., സബ് ഇന്‍സ്പെക്ടര്‍
ആകട്ടെ ഔട്ട് ഓഫ് സ്റ്റേഷനും. ഉരുളന്‍ കല്ലുകള്‍ക്ക് നന്നായി അകത്തേക്ക് കേറാവുന്ന വിധം വിടവുള്ള ഗ്രില്ലുകളുള്ള മുറികള്‍. എങ്ങിനെയെങ്ങിലും അവിടെ നിന്ന് രക്ഷപെട്ടാല്‍ മതി എന്നായിരുന്നു എന്റെ ചിന്ത. എന്‍റെ കൂടെ വന്നവരൊന്നും ആ സമയം എന്‍റെ കൂടെയില്ലായിരുന്നു. അവരെക്കുറിച്ച് ഞാന്‍ അന്ന്വഷിച്ചതുമില്ല എന്നതാണ് സത്യം.

രക്ഷപെടാന്‍പല വഴികളും ചിന്തിച്ചു. അങ്ങനെ പെട്ടന്നാണ് അക്കാലത്ത് ഞാന്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയി ക്ലാസ്സെടുക്കുന്ന നിലമ്പൂര്‍ സെക്കന്‍റ് ബറ്റാലിയന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എന്‍റെ നാട്ടു കാരനുമായ ഗഫൂറിനെ വിളിക്കാന്‍ തോന്നിയത്. വിളിച്ചപ്പോള്‍ ആളെ കിട്ടി. പിന്നെ ഒട്ടും താമസിച്ചില്ല അവര്‍ അയച്ച ഒരു പറ്റം പോലീസുകാരുടെ അകമ്പടിയോടെ വഴിക്കടവ് പോലീസ് സ്റ്റേഷന്‍ വഴി ഊട്ടിയിലേക്ക് കേറുകയും അവിടെനിന്നു ഞാന്‍ നാടുകാണിചുരമിറങ്ങി അരീക്കോട് വഴി എന്‍റെ വീട്ടിലെത്തുകയും ചെയ്തു.ബ്രോക്കര്‍ ശിവന്കുട്ടിയുടെ മരണമുണ്ടാക്കിയ നിയമത്തിന്റെ നൂലാമാല കെട്ടടങ്ങാന്‍ ആറു മാസമെടുത്തെങ്കിലും ഈയുള്ളവന്‍ അതില്‍ നിന്നും രക്ഷപെട്ടു.

പിന്നീട് ഒരിക്കല്‍ ശിവന്‍ കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് മരണ കാരണം ഉയര്‍ന്ന രക്ത സമ്മര്‍ദം കാരണം തലച്ചോറിലെ രക്ത കുഴല്‍ പൊട്ടി രക്ത സ്രാവ മുണ്ടായതാണെനെന്നുമനസ്സിലായത്‌.അക്രമാസക്തരായ മോബിന്റെ ഇടയില്‍ പെട്ടു മരിക്കുന്നവര്‍ക്കു സെറിബ്രല്‍ ത്രോംബോസിസിന്റെ
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ജയില്‍ ശിക്ഷ ഉറപ്പാവുമ്പോള്‍ കോടതിയില്‍ തലകറങ്ങി വീഴുമ്പോള്‍ ആശുപത്രിയിലെ സുഖചികിത്സയും നല്‍കുന്നഡോക്ടര്‍മാര്‍ ബിരുദം നേടുമ്പോള്‍
ഉറക്കെപ്പറഞ്ഞ പ്രതിജ്ഞക്കു കടകവിരുദ്ധമാകുന്നില്ലേ എന്നു
സംശയിക്കുന്നവരുണ്ട്.

ഇന്നലെ ഇന്റര്‍നെറ്റില്‍ യൂ ടൂബില്‍ ആ രാഷ്ട്രീയ നേതാവ് പ്രസംഗിച്ചതും അരീക്കോട് കുഴിമണ്ണയില്‍ ഒരു അദ്ധ്യാപകന്‍ മരണപ്പെട്ട വിഷയമായിരുന്നു. അക്കാര്യം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അതെ കുറിച്ച് ഞാന്‍ ഒന്നുംപറയുന്നില്ല.