Saturday 16 April 2011

കാറല്‍ മാര്‍ക്സ്

കാറല്‍ ഹെന്‍റിച്ച്  മാര്‍ക്സ്

കാറല്‍ മാര്‍ക്സിനെ അറിയാത്തവര്‍ ചുരുങ്ങും. ജീവിചിരിക്കുന്നവരിലും, മരിച്ചവരിലുമായി ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍  അറിയപെടുന്ന ഒരാള്‍ ആരാണെന്ന് ചോദിച്ചാല്‍ അത് കാറല്‍ മാര്‍ക്സ്തന്നെ എന്ന് പറയാം. 1883 മാര്‍ച് പതിനാലാം തിയതിയാണ് മാര്‍ക്സ് അന്തരിച്ചത്‌. ഇക്കഴിഞ്ഞ ചരമ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ശവ കുടീരം സന്ദര്‍ശിച്ചപ്പോഴാണ് ഇങ്ങനെ യൊരു പോസ്റ്റിങ്ങിനു വഴിയൊരുങ്ങിയത്.മാത്രവുമല്ല  ബ്ലോഗില്‍ എന്തങ്കിലും ഒന്ന് കുത്തി കുറിച്ചിട്ട്‌ നാളേറെയായി. മാര്‍ക്സിനെ കുറിച്ച് അല്‍പം പറഞ്ഞു കൊണ്ട്തന്നെ തുടങ്ങാം........... 

കാറല്‍ ഹെന്‍റിച്ച്  മാര്‍ക്സ് എന്ന കാറല്‍ മാര്‍ക്സ്1818  മേയ് മാസം അഞ്ചാം   തിയതി പശ്ചിമ ജര്‍മനിയിലെ "ട്രിയര്‍" എന്ന സ്ഥലത്താണ് ജനിച്ചത്‌. 

ട്രിയര്‍ നഗരം 

ജര്‍മനിയിലെ പ്രശസ്തമായ "മോസല്ലേ" നദിയുടെ തീരത്താണ് അതി പുരാതനമായ ഈ ട്രിയര്‍ നഗരം സ്തിഥി ചെയ്യുന്നത്.

മോസല്ലേ നദി 

ജര്‍മനിയിലെ ഒരു വളരെ മോശമല്ലാത്ത ഒരു ഇടത്തരം കുടുംബത്തിലാണ് കാറല്‍ മാര്‍ക്സ് ജനിച്ചത്‌. ജര്‍മനിയില്‍ ബോണ്‍ സര്‍വകലാശാലയിലും, ബര്‍ലിന്‍ സര്‍വകലാ ശാലയിലുമാണ് മാര്‍ക്സ് തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്. 

 ബര്‍ളിന്‍ സര്‍വകലാശാല 

ബോണ്‍ സര്‍വകലാശാല 1850 കളില്‍ 


ബോണ്‍ സര്‍വകലാശാലയിലെ നിയമ പഠന സമയത്താണ് "ജെന്നി വോണ്‍ വെസ്റ്റ്‌ വാലന്‍" എന്ന ജര്‍മന്‍ പെണ്‍കുട്ടിയുമായി മാര്‍ക്സ് അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കുന്നതും.


അക്കാലത്ത് തന്നെയാണ് ജര്‍മന്‍ ഫിലോസഫര്‍ "ഹെഗലിന്റെ" ആശയങ്ങളോട് മാര്‍ക്സ് കൂടുതല്‍ അടുക്കുന്നതും. ഹെഗലിന്റെ "ഡയലറ്റിക്കല്‍ മെറ്റിരിയലിസം  അദ്ദേഹത്തിന്‍റെ സോഷ്യലിസ്റ്റ് സങ്കല്പത്തെ കൂടുതല്‍ സ്വാധീനി ക്കുകയും ചെയ്തത്.
ജോര്‍ജ് വില്ലിയം ഫ്രെടരിക് ഹെഗല്‍സ്

ഫിലോസഫിയില്‍ പഠനം കഴിഞ്ഞ മാര്‍ക്സിന്"ജെന" സര്‍വകലാശാല ഫിലോസഫിയില്‍ ഡോക്ട്രേറ്റ് നല്‍കുകയുണ്ടായി.


ജെന സര്‍വകലാശാല.


൦൦൦ മാര്‍ക്സും ഭാര്യ ജെന്നിയും പാരീസിലേക്ക്‌ മാറുകയും, അവിടെ വെച്ച് അദ്ദേഹം ഒരു "റവല്യൂഷ്യണറി കമ്മ്യുണിസ്റ്റ്" കാരനാകുകയും, തന്‍റെ മരണം വരെയുള്ള സുഹ്രത്തായ എങ്കല്‍സുമായി പരിചയപെടുകയും ചെയ്തു.

ഫ്രെഡറിക്ക് എങ്കല്‍സ്

ജര്‍മ്മനിയിലെ ധനികനായ വ്യവസായിയുടെ മൂത്ത മകനായിരുന്നു. എന്‍ഗല്സ്. അച്ഛന്‍റെ പരുത്തി ഫാക്ടറി നോക്കി നടത്താനായി ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹം ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ശോചനീയമായ ദാരിദ്ര്യാവസ്ഥ കണ്ട് അതിനെ കുറിച്ച് പഠിക്കുകയും സ്വയം കമ്മ്യൂണിസ്റ്റ് ആവുകയും ചെയ്തു. ഫ്രെഡെറിക് ഏംഗല്‍‌സ്
1844 ല്‍ "കണ്ടീഷന്‍ ഓഫ് ദി വര്‍ക്കിംഗ് ക്ലാസസ് ഇന്‍ ഇംഗ്ലണ്ട്" എന്ന പേരില്‍  പുസ്തകമെഴുതി. കാറല്‍ മാര്‍ക്സ് പാരീസില്‍ നിന്നും പുറത്തിറക്കിയ "ഫ്രാന്‍കോ ജര്‍മ്മന്‍ ആനല്‍‌സ്" എന്ന വിപ്ലവ മാസികയില്‍ അദ്ദേഹം എഴുതി തുടങ്ങുകയും ചെയ്തു.

ഇത് ചരിത്രപരമായ ഒരു ദൌത്യവും ഇരുവരും  തമ്മിലുള്ള ഒരു  സൌഹൃദവുമായി വളരുകയും ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു. 

മുതലാളിത്തത്തെ കുറിച്ചുള്ള  ഇരുവരുടെയും വീക്ഷണങ്ങളും അതുപോലെ  എല്ലാ തത്വസംഹിതകളോടും ഇരുവര്‍ക്കും പൂര്‍ണ്ണമായ യോജിപ്പായിരുന്നു.അങ്ങനെ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

അമൂര്‍ത്തമായ ആശയങ്ങളെ മാര്‍ക്സ് വിശകലനം ചെയ്യുകയും അവയെല്ലാം  ബഹുജനങ്ങള്‍ക്ക് മനസ്സിലാവും വിധം വിവരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് ഏംഗല്‍‌സായിരുന്നു. "ദി ഹോളി ഫാമിലി" എന്ന ആദ്യത്തെ ലേഖനവുമായി പ്രവര്‍ത്തിക്കുന്ന സമയത്ത് കാറല്‍ മാര്‍ക്സിനെ ഫ്രാന്‍സിലെ പ്രഷ്യന്‍ ഭരണാധികാരികള്‍ പുറത്താക്കി. തുടര്‍ന്ന് ആവിഷ്കാര സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന യൂറോപ്പിലെ ബെല്‍ജിയത്തിലേക്ക് ഇരുവരും മാറി. സാമ്പത്തിക നില വളരെ മോശമായിരുന്ന മാര്‍ക്സിനെ  തന്‍റെ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഏംഗല്‍‌സ്സ ഹായിച്ചുപോന്നു. 

ഏംഗല്‍‌സിന്‍റെ പുസ്തകം സമാന മനസ്കരില്‍ നിന്നും ധാരാളം സംഭാവനകള്‍ കിട്ടാന്‍ സഹായിച്ചു. തന്‍റെ സാമ്പത്തികവും രാഷ്ട്രീയവുമായ തത്വശാസ്ത്രങ്ങള്‍ മെനയാന്‍ മാര്‍ക്സിന് സൌകര്യം കിട്ടിയത് അങ്ങനെയായിരുന്നു. 

1845 ജൂലൈയില്‍ ഏംഗല്‍‌സന്റെ കൂടെ മാര്‍ക്സ് ഇംഗ്ലണ്ടിലേക്ക് പോയി. മാഞ്ചസ്റ്റര്‍ ലൈബ്രറിയിലായിരുന്നു ഏറെ സമയം ചെലവഴിച്ചത്.


മാഞ്ചസ്റ്റര്‍ ലൈബ്രറി 

1846 ല്‍ ഇരുവരും ബ്രസ്സല്‍‌സിലേക്ക് മടങ്ങി. യൂറോപ്പിന്‍റെ പല ഭാഗങ്ങളിലായി കിടക്കുന്ന സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട് അവരെ ഒന്നിച്ചു നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു. പിന്നീട്  കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന പിറക്കുന്നത്  ലണ്ടനില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ നിന്നാണ്. മാര്‍ക്സ്  തയ്യാറാക്കിയ പ്രിന്‍സിപ്പിള്‍സ്   ഓഫ് കമ്മ്യൂണിസം. ഇതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നറിയപ്പെട്ടത്. 

1848 ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇതോടെ ബെല്‍ജിയം മാര്‍ക്സിനെയും ഏംഗല്‍‌സിനെയും പുറത്താക്കി. ഇരുവരും പാരീസിലെത്തി. അതിനു ശേഷമാണ് കൊളോണില്‍ ന്യൂ റെനിഷ് ഗസറ്റ് എന്ന വിപ്ലവ പത്രം ഇരുവരും ചേര്‍ന്ന് തുടങ്ങിയത്.

1849 ല്‍ പുറത്താക്കുന്നതു വരെ മാര്‍ക്സ് പാരീസില്‍ കഴിഞ്ഞു. ഏംഗല്‍‌സും മാര്‍ക്സും ലണ്ടനിലെത്തി. ഇരുവരെയും പുറത്താക്കാന്‍ ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഉദാരമനോഭാവം ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ റസ്സല്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.ജോണ്‍ റസ്സല്‍

1883 മാര്‍ച്  ന് മാര്‍ക്സ് അന്തരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ രചനകള്‍ എഡിറ്റ് ചെയ്തും തര്‍ജ്ജമ ചെയ്തും ഏംഗല്‍‌സാണ്.മൂലധനത്തിന്‍റെ രണ്ടാമത്തെ വാള്ല്യം ഏംഗല്‍‌സാണ് പുറത്തിറക്കിയത്.1894 ല്‍ മാര്‍ക്സിന്‍റെ ചില കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഏംഗല്‍‌സ് മൂലധനത്തിന്‍റെ (ദാസ് ക്യാപിറ്റല്‍) മൂന്നാം വാല്യവും പ്രസിദ്ധീകരിച്ചു.

കാറല്‍ മാര്‍ക്സിനെ അടക്കം ചെയ്തിട്ടുള്ളത് ലെണ്ടനിലെ അതി പുരാതനവും, പ്രശസ്തവുമായ "ഹൈഗേറ്റ്" സെമിത്തേരിയിലാണ്


ഹൈഗേറ്റ് സെമിത്തേരിയുടെ കവാടം 


ഹൈഗേറ്റ് സെമിത്തേരിയുടെ കവാടം കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ മനസ്സില്‍  എന്തന്നില്ലാത്ത ഒരു ആനന്തമായിരുന്നു.ഞാന്‍ ചെറുപ്പകാലം തൊട്ടേ കേട്ട് വളര്‍ന്ന കാറല്‍ മാര്‍ക്സ് എന്ന മഹാന്‍ അന്ത്യവിശ്ശ്രമം കൊള്ളുന്ന സ്ഥലത്താണല്ലോ ഞാന്‍ നില്‍കുന്നത് എന്ന അഭിമാനവും.


സെമിത്തേരിയുടെ കവാടം കഴിഞ്ഞ് അല്‍പ ദൂരം നടക്കണം. ടിക്കെറ്റ് കൌണ്ടറില്‍ ചെന്ന് ടിക്കെറ്റെടുത്തു. മൂന്നു പൗണ്ടാണ് ഒരു ടിക്കറ്റ്‌ വില. കൌണ്ടറില്‍ ഇരിക്കുന്ന വെള്ളകാരനോട് "കാറല്‍ മാര്‍ക്സ്" എന്ന് ചോദിച്ചപ്പോള്‍ തന്നെ അയാള്‍ ഒരു ദിശയിലേക്കു ചൂണ്ടി കാട്ടി. അയാള്‍ കാണിച്ചു തന്ന ദിശയിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്ന് അയാള്‍ "Hello... gentle man, Do you know the way how to go there..?.,"   YES... I know.... എന്ന് ഞാനും മറുപടി കൊടുത്തു. കാരണം   
കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരമല്ലേ.... പെട്ടന്ന് കാണുന്ന രൂപത്തിലാക്കും എന്നും കരുതി. പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബൈബിളെഴുതിയ കാറല്‍ മാര്‍ക്സിന്‍റെ ശവകല്ലറ മുതലാളിത്ത രാജ്യത്താണെന്നുള്ള കാര്യം ഞാന്‍ ഒരുവേള മറന്നു പോയി


മാര്‍ക്സിന്‍റെ ശവകുടീരം ലക്ഷ്യമാകി നടന്നപ്പോള്‍ ശരിക്കും ഇംഗ്ലീഷ് സിനിമകളിലെ ഹൊറര്‍ സിനിമകളാണ് മനസ്സില്‍ വന്നത്.കല്ലറകളാല്‍ നിറഞ്ഞ ആ സെമിത്തേരിയിലൂടെ നടന്നു നീങ്ങി.ഒരു മനുഷ്യനെ പോലും അവിടെ കണ്ടില്ല.


നടന്ന് നടന്ന് സെമിത്തേരിയുടെ അവസാന ഭാഗത്തായി മാര്‍ക്സിന്‍റെ കല്ലറ സ്തിഥി ചെയ്യുന്ന സ്ഥലത്ത് ഞാന്‍ എത്തി ചെര്‍ന്നു. എന്‍റെ തൊപ്പി ഊരി ഞാന്‍ എന്‍റെ ആതരവ് പ്രകടിപ്പിച്ചു.പിന്നെ ചുറ്റും ഒന്ന് നടന്ന് വീക്ഷിച്ചു. മഹാനായ കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരം തീരെ ശ്രദ്ധിക്കാത്ത രൂപത്തിലാണ് കിടന്നിരുന്നത്. കാറല്‍ മാര്‍ക്സ് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യത്തായിരുന്നെങ്കില്‍ ഇതിന് എത്രമാത്രം ബഹുമാനം കൊടുക്കുമായിരുന്നു.....!!

.

മാര്‍ക്സിന്റെ കല്ലറയില്‍ ഏറ്റവും മുകളില്‍ സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാണു എഴുതിയിട്ടുള്ളത്....


അതിനു താഴെയായി അദ്ദേഹത്തിന്‍റെ ഭാര്യയുടെയും, മകളുടെയും പെരകുട്ടിയുടെയും പേരുകളാണ്....


ഈ യൂറോപ്പ്യന്‍ ജീവിതത്തിനിടയില്‍ മഹാനായ കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരത്തില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്..


Tuesday 27 July 2010

കേരളത്തിലെ ഏകീകൃത മെഡിക്കല്‍ നിയമവും, ചില പാളിച്ചകളും.

ഈ ഒരു ലേഖനം കുറച്ചു കാലം മുമ്പ് പ്രസിദ്ധപെടുത്തിയതായിരുന്നു. ചില പ്രാക്ടീഷണര്‍മാരുടെ ആവശ്യ പ്രകാരം ഇത് ഒരിക്കല്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

ഒരു നിയമം നിലവില്‍ വന്നാല്‍ അത് ആ രാജ്യത്തിന്റെ ഏതൊക്കെ പ്രദേശത്താണ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുക എന്നത് ആ നിയമത്തിന്‍റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും. ഉദാഹരണത്തിന്ന് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഒട്ടുമിക്ക നിയമങ്ങളും  ഇന്ത്യയുടെ   ഭാഗം തന്നെയായ ജമ്മു കാശ്മീരില്‍ ബാധകമല്ല. ഇത് ജമ്മു കാശ്മീരിന്‍റെ ചരിത്രപരമായതും, നിലവിലുള്ള സാമൂഹികവും, രാഷ്ട്രീയവും, ഭൂമി ശാസ്ത്രീയവുമായ അവസ്ഥ കണക്കിലെടുത്താണ്.

 എന്നാല്‍ അത്തരത്തിലുള്ള പരികണനകള്‍ ഒട്ടും തന്നെ ഇല്ലെന്നു പറയാവുന്ന കേരള സംസ്ഥാനത്തില്‍ സ്വാതന്ത്ര്യ ലബ്തിക്ക് ശേഷം ഇത്രെയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചില നിയമങ്ങള്‍ സംസ്ഥാനത്തിനകത്ത് ഒരേ പോലെ  നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇത് ഭരണഘടന ഓരോ പൗരനും ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ പതിനാലിന്  ഘടക വിരുദ്ധമല്ലെ എന്നതാണ് ഈ ഒരു ലേഖനം എഴുതാന്‍ കാരണമായാത്.

കേരളത്തില്‍ ആയുര്‍വേദ, സിദ്ദ, ഹോമിയോ വൈദ്യ മേഖലയില്‍ പ്രാക്ടീസ് ചെയ്ത് വരുന്നവരാണ് ഇങ്ങനെ ഒരു നിയമ പ്രശ്നത്തില്‍ പെട്ടിരിക്കുന്നത്.

എന്‍റെ കുടുംബ പശ്ചാത്തലം ഹോമിയോപതിയുമായി ബന്ധപെട്ടിരിക്കുന്നത് കൊണ്ടും ആ ഒരു ചികിത്സാ രീതിയോട് എനിക്കുള്ള താല്‍പര്യം കൊണ്ടും ഇവിടെ ഹോമിയോപതിയെ കുറിച്ചാണ് എഴുതുന്നത്‌.

ഇന്ത്യയില്‍ ഹോമിയോപതിയുടെ ചരിത്രം പരിശോധിച്ചാല്‍ 1810 കളിലാണ് ഹോമിയോപതിയുടെ തുടക്കം. ചില ജര്‍മ്മന്‍ ഭിഷഗ്വരന്മാരും, മിഷിനറി പ്രവര്‍ത്തകരും ബംഗാളില്‍ വരികയും ഈ ഒരു വൈദ്യ സമ്പ്രദായത്തെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്ത്. ഹോമിയോപതിയെ കുറിച്ചും അതിന്‍റെ പിതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാനെ കുറിച്ചും എല്ലാം ഇന്ത്യയില്‍ ആദ്യമായി  പ്രചാരണത്തില്‍ കൊണ്ടു വന്നത് ഡോക്ടര്‍ മാന്ലിന്‍ ഹോനിഗ്ബര്‍ഗര്‍  ആണ് എന്നാണ് അ അംഗീകരിച്ചിട്ടുള്ളത്.     

1830 കളോടെ അദ്ദേഹം ലാഹോറില്‍ എത്തുകയും അന്ന് പഞ്ചാബ് ഭരിച്ചിരുന്ന മഹാരാജ രഞ്ജിത് സിങ്ങിന്‍റെ പ്രിയപ്പെട്ട കുതിരയുടെ അസുഖം ചികിത്സിച്ചു സുഖപെടുത്തുകയും ചെയ്തു.

പിന്നീട് അദ്ദേഹത്തിന്‍റെ ഇന്ത്യയിലേക്കുള്ള രണ്ടാം സന്ദര്‍ശന സമയം മഹാരാജാവിന്‍റെ തന്നെ അസുഖം ഹോമിയോപതി കൊണ്ടു ചികിത്സിച്ചു സുഖപെടുത്താന്‍ കഴിഞ്ഞു. അവിടെ മുതലാണ്‌ ഇന്ത്യയില്‍ ഹോമിയോപതിയുടെ വളര്‍ച്ച എന്നതാണ് ചരിത്രം.

ഇന്ത്യയില്‍ പികാലത്ത് ഈ ഒരു വൈദ്യ സമ്പ്രദായത്തെ ഇഷ്ടപെടുകയും സ്വീകരിക്കുകയും ചെയ്ത ഒട്ടനവധി മഹാനമാരുണ്ട്. മഹാത്മാ ഗാന്ധി, രവീന്ദ്ര നാഥ ടാഗോര്‍, സ്വാമി വിവേകാനന്ദ, മതര്‍ തെരേസ്സ, ഡോ: കെ ആര്‍. നാരായണ്‍, തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവിടെ ബ്രിട്ടനില്‍  രാക്ജിയും ഹോമിയോപതി ഇഷ്ട പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.

ഇനി കേരളത്തിലെ ഹോമിയോ ചരിത്ര മൊന്നു നോക്കാം.

സുമാര്‍ നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ചില മിഷിനറി പ്രവര്‍ത്തകര്‍ കേരളത്തില്‍ എത്തുകയും, അന്ന് പടര്‍ന്നു പിടിച്ചിരുന്ന ഒരു പകര്‍ച്ച വ്യാധിയെ  ഹോമിയോ പതിയിലൂടെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്വാതന്ത്ര്യ ലബ്ദിക്കും, കേരള സംസ്ഥാന രൂപീകരണത്തിനും എല്ലാം മുമ്പ്, തിരുവിതാംകൂര്‍ ഒരു നാട്ടു രാജ്യമായിരുന്ന കാലത്ത്, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ മൂലം തിരുനാളിന് ഹോമിയോപതിയില്‍ വളരെ താല്‍പര്യവും, മതിപ്പും തോന്നുകയും, അങ്ങനെ അദ്ദേഹം 1928 ല്‍ ഹോമിയോപതിയെ ഒരു സ്വീകാര്യമായ ചികിത്സാ രീതിയായി അന്ഗീകരിക്കുകയും ചെയ്തു.തുടര്‍ന്ന് ട്രാവന്‍കൂര്‍ മെഡിക്കല്‍ പ്രാക്ടീ ഷനേഴ്സ് ബില്ല് നിയമ നിര്‍മ്മാണ സഭക്ക് മുന്നില്‍ വെക്കുകയും, കൊല്ലവര്‍ഷം 1119 ചിങ്ങം ഒന്നാം തിയതി, അതായത് 1943 August 17  ന്ന് ടാവങ്കൂര്‍ മെഡിക്കല്‍ പ്രാക്ടീഷ്നെഴ്സ് ആക്റ്റ് നിലവില്‍ വരികയും ചെയ്തു. 

അന്ന് ഈ ആക്റ്റിന്‍റെ കീഴില്‍ അലോപതി, ആയുര്‍വേദ, സിദ്ദ,യൂനാനി, ഹോമിയോപതി, എന്നീ മേഖലകളില്‍ നിന്നുള്ള പ്രധിനിധികളെ  ഉള്‍പെടുത്തി തിരുവിതാംകൂര്‍ മെഡിക്കല്‍ കൌണ്‍സില്‍ എന്ന പേരില്‍ ഒരു കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ പിന്നീട് 1945 മുതല്‍ ആ ആക്റ്റിന്‍റെ കീഴില്‍ ഹോമിയോപതി പ്രാക്ടീഷ്നെര്‍ മാരെ രെജിസ്റെര്‍ ചെയ്യാന്‍ തുടങ്ങി. അക്കാലത്ത് കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ ഹോമിയോപതിയില്‍ ബിരുദം നേടിയവരെ A ക്ലാസ് പ്രാക്ടീഷ്ണര്മാരായും, തിരുവിതാംകൂര്‍ സംസ്ഥാന പരിധിക്കുള്ളില്‍ അന്നുവരെ അഞ്ച് വര്‍ഷം പ്രാക്ടീസ് ചെയ്തു വരുന്നവരെ യാതൊരു യോഗ്യതയും നിസ്കര്‍ഷിക്കാതെ B ക്ലാസ് പ്രാക്ടീഷണര്‍മാരായും രജിസ്റെര്‍ ചെയ്തു.

അപ്പ്രകാരം രെജിസ്റെര്‍ആരംഭിച്ചതില്‍, വെറും പതിമൂന്നു പേരാണ് അന്ന് "എ "ക്ലാസായി രെജിസ്റെര്‍ ചെയ്തത്.എന്നാല്‍ ഇരുനൂറില്‍ പരം പ്രാക്ടീഷ്ണര്മാര്‍ "ബി"ക്ലാസായി രെജിസ്റെര്‍ ചെയ്യുകയുണ്ടായി. ഇവിടം മുതലാണ്‌ കേരളത്തിലെ ഹോമിയോപതിയുടെ ചരിത്രം തുടങ്ങുന്നത്.

ഞാന്‍ ഈ പറഞ്ഞത്, തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ മാത്രം കാര്യമാണ്.എന്നാല്‍ അന്ന് കൊച്ചി സംസ്ഥാനത്തും,അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മലബാറിലും, മൈസൂര്‍ സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന കാസര്‍കോടും, ഇതുപോലെ ഹോമിയോപതി പ്രാക്ടീസ് ചെയ്തു വരുന്നവരുണ്ടായിരുന്നു. അക്കാലത്ത് കൊച്ചി സംസ്ഥാനത്തിലെ മെഡിക്കല്‍ നിയമത്തില്‍ ഹോമിയോപതി ഉള്പെട്ടിട്ടില്ലായിരുന്നു. അതുപോലെ മലബാര്‍ പ്രദേശം അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ കീഴിലായിരുന്നെങ്കിലും ആ മദ്രാസ് സംസ്ഥാനത്തിന്റെ മെഡിക്കല്‍ നിയമത്തിലും ഹോമിയോപതി ഉള്‍ പെട്ടിട്ടില്ലായിരുന്നു. 

തുടര്‍ന്ന് 1949 ജൂലൈ ഒന്നാം തിയതി തിരുവിതാംകൂര്‍ സംസ്ഥാനവും, കൊച്ചി സംസ്ഥാനവും കൂട്ടി ചേര്‍ത്ത് തിരുകൊച്ചി സംസ്ഥാനം രൂപീകരിക്കുകയുണ്ടായി.

 തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ രണ്ട് സംസ്ഥാനങ്ങളിലെയും മെഡിക്കല്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി, ഏകീകരിച്ച് തിരുകൊച്ചി സംസ്ഥാനത്തിന് ഒരൊറ്റ മെഡിക്കല്‍ നിയമം കൊണ്ടുവന്നു.  അതാണ്‌ 1953 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്റ്റീഷനേഴ്സ് ആക്റ്റ്. ഈ നിയമത്തില്‍ അന്നുവരെ തിരുകൊച്ചി സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ ഹോമിയോപതി പ്രാക്ടീസ് ചെയ്തു വരുന്നവരില്‍ അഞ്ച് വര്‍ഷം പ്രാക്ടീസ് പരിചയ മുള്ളവരെ "ബി" ക്ലാസ് പ്രാക്ട്ടീഷണര്‍മാരായും, അഞ്ച് കൊല്ലത്തില്‍ താഴെയുള്ളവരെ ലിസ്റ്റില്‍ ഉള്‍പെടുത്തി "ലിസ്റ്റെഡ പ്രാക്ട്ടീഷനേഴ്സ്" എന്ന പേരില്‍ രെജിസ്റ്റെര്‍ ചെയ്യാനും, അവര്‍ അഞ്ച് കൊല്ലം തികയുമ്പോള്‍ "ബി" ക്ലാസ് രെജിസ്ട്ട്രെഷന്‍  നല്‍കാനും തീരുമാനിച്ചു. അത് പ്രകാരം അന്ന് കോളേജു തലത്തിലെ ബിരുദം നേടിയ 70 പേരെ "A " ക്ലാസ് പ്രാക്റ്റീഷണര്‍മാരായും 260 പേരെ "B " ക്ലാസ്പ്രാക്ട്ടീഷ്നര്‍മാരായും, 321 പേരെ ലിസ്റ്റെട് പ്രാക്ട്ടീഷണര്‍മാരായും ചേര്‍ത്തിട്ടുണ്ട്. 

പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തോടൊപ്പം അതുവരെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മാലബാര്‍ ജില്ലയും, മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് താലൂക്കും കൂട്ടിചെര്‍ത്തുകൊണ്ട് മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍  യോജിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1956  ല്‍ കേരള സംസ്ഥാനം രൂപം നല്‍കി.കേരള സംസ്ഥാന രൂപീകരണ സമയത്ത് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കാസര്‍കോട്, എന്നീ പ്രദേശങ്ങളില്‍ നില നിന്നിരുന്ന പല നിയമങ്ങളും എകീകരിപ്പികുകയും,മറ്റു ചിലവ ഭേദഗതികള്‍ വരുത്തി ഏകീകരിക്കുകയും, മറ്റു ചിലത് ഒഴിവാക്കുകയും, ചില നിയമങ്ങള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതെ പോലെ നില നിര്‍ത്തുകയും ചെയ്തു. ഇതില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്താതെ നില്‍ക്കുന്ന ഒന്നാണ് മെഡിക്കല്‍ നിയമം. മെഡിക്കല്‍ നിയമത്തിലെ "അഡാപറ്റേഷന്‍" നിയമത്തില്‍ മലബാര്‍ പ്രദേശത്തും, കാസര്‍കോട് താലൂക്കിലും ഉണ്ടായിരുന്ന അലോപതി ഡോക്ടര്‍മാരെ തിരുവിതാംകൂര്‍ കൊച്ചിന്‍ രെജിസ്റ്ററില്‍ ചേര്‍ക്കുന്നതിന് ആ T . C  ആക്ടില്‍ 47 A എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുക മാത്രമാണ് അന്ന് ചെയ്തത്. കേരള സംസ്ഥാന രൂപീകരണ സമയത്ത് തിരുകൊച്ചി സംസ്ഥാനത്ത് ഹോമിയോപതിക്ക് നിയമം നിലവിലുള്ളതും, എന്നാല്‍ മദിരാശി സംസ്ഥാനത്തും, മൈസൂര്‍ സംസ്ഥാനത്തും ഹോമിയോപതിക്ക് നിയമം ഇല്ലാതിരുന്ന സംസ്ഥാനങ്ങ ളാ യാതിനാല്‍ അതിലെ മലബാര്‍ ജില്ലയും, കാസര്‍കോട് താലൂക്കും, സ്വാഭാവികമായി ഹോമിയോപതിക്ക് നിയമം ഇല്ലാത്ത മേഖലകളായി മാറി.

എന്നാല്‍ കേരള സംസ്ഥാന രൂപീകരണ ശേഷം മദിരാശി സംസ്ഥാനത്തും മൈസൂര്‍ സംസ്ഥാനത്തും ഹോമിയോപതിക്ക് നിയമമുണ്ടാക്കുകയും ,പ്രത്യേക യോഗ്യതകള്‍ ഒന്നും ഇല്ലാതെ ഹോമിയോപതി മാത്രം പ്രാക്ടീസ് ചെയ്തു വരുന്നവര്‍ക്ക് അവരുടെ പരിച്ചയാടിസ്ഥാനത്തില്‍ പ്രാക്ടീസ് തുടരാനുള്ള അംഗീകാരം നല്‍കുകയുമാണുണ്ടായത്.

1973 ലാണ് പിന്നീട് ഹോമിയോപതി സെണ്ട്രല്‍ കൗണ്‍സില്‍ ആക്റ്റ് നിലവില്‍ വന്നത്. ആ ആക്റ്റിന്‍റെ 15 (c ) വകുപ്പില്‍ ഒരു സംസ്ഥാന നിയമം നിലവില്‍ ഇല്ലെങ്കില്‍ ഈ ആക്റ്റ് വരുമ്പോള്‍ അഞ്ച് വര്‍ഷം പ്രാക്ടീസ് ഉള്ളവര്‍ക്ക് അംഗീകാരം നല്‍കാന്‍ പറയുന്നുണ്ട്.എന്നാല്‍സെന്‍ട്രല്‍ കൗണ്‍സില്‍ ആക്റ്റിന്‍റെ ആനുകൂല്യവും മലബാര്‍ മേഖലയില്‍ പ്രാക്ടീസ് ചെയ്തു വരുന്നവര്‍ക്ക് ലഭിച്ചില്ല. അതെ പോലെ കേരളത്തിലെ മെഡിക്കല്‍ നിയമത്തില്‍ തിരുകൊച്ചി നിയമത്തിന്‍റെ പരിധി കൂട്ടുകയും ചെയ്തിട്ടില്ല. 

ഇവിടെയാണ്‌ ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ഭരണ ഘടനയിലെ പതിനാലാം ആര്‍ട്ടിക്കിളിനു വിരുദ്ധമായതല്ലേ ഇത് എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്.

ഈ ഒരു പ്രശ്നവുമായി മലബാര്‍ മേഖലയിലെ ആയുര്‍വേദ, ഹോമിയോ പ്രാക്ടീഷ്ണര്മാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഈ നിയ പ്രശനത്തിലേക്ക് എന്‍റെ ശ്രദ്ധതിരിഞ്ഞത്.ഈ കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പെട്ടവയായത് കൊണ്ട് ( Directive Principles of State Policy are the guidelines of the framing of laws by the Government. These provisions are set out in part 4 of the Constitution and they are not enforceable by the court, but the principles on which they are based are fundamental guidelines for governance that the state is expected to apply in framing and passing laws.) കൊണ്ടായിരിക്കാം നിയമ നിര്‍മ്മാണ സഭക്ക് ഈ പ്രശനം തീര്‍ക്കാന്‍ വലിയ താല്‍പര്യം കാണാത്തത് 

ഹോമിയോപതി, ആയുര്‍വേദ, സിദ്ദ, യൂനാനി തുടങ്ങിയ മേഖലയില്‍ വേണ്ടത്ര കോളേജുകളോ മറ്റു അന്ഗീ കൃത പഠന സ്ഥാപനങ്ങളോ നിലവില്‍ ഇല്ലാതിരുന്ന കാലത്ത് ഈ വൈദ്യ സമ്പ്രദായങ്ങളോടുള്ള താല്‍പര്യംകൊണ്ട് മാത്രം അവ കരസ്ഥമാക്കി, നിയമ തടസ്സ മില്ലാതിരുന്നതിനാല്‍ പ്രാക്ടീസ് തുടങ്ങി, മുപ്പതും, നാല്‍പതും വര്‍ഷങ്ങള്‍ പിന്നിട്ടവരെ മലബാറില്‍ നമുക്ക് കാണാം. ഒരുകാലത്ത് കോളേജു വിദ്ദ്യഭ്യാസം നേടിയ ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ കടന്നു ചെല്ലാന്‍ മടിച്ചിരുന്ന മലബാറിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഹോമിയോയും, ആയുര്‍വേദവും, യൂനാനിയുമൊക്കെ പരിച്ചയപെടുത്തിയവരാണ് ഇവര്‍.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂരിന്റെ ഏതാനും ഭാഗങ്ങള്‍ എന്നിവ  ഉള്‍കൊള്ളുന്ന മലബാര്‍ മേഖലയില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആക്റ്റിന്‍റെ 15 (3) (c) വകുപ്പിന്‍റെ ആനുകൂല്ല്യം ലഭിക്കാതിരിക്കുന്നത് ഇന്ത്യന്‍ ഭരണ ഘടനയിലെ പതിനാലാം ആര്‍ട്ടിക്കിളിനു വിരുദ്ധമാണ്  എന്ന് മനസ്സിലാക്കാവുന്നതാണ്.
Saturday 24 July 2010

പോലീസും, മാധ്യമങ്ങളും.


കേരള ചരിത്രത്തില്‍ ഇതു വരെയില്ലാതിരുന്ന ഒരു പുതിയ "ട്രെന്‍റ്" പോലീസ്സിന്റെ ഇടയില്‍ വന്നു കയറിയത് ഈ അടുത്ത കുറച്ചു കാലങ്ങളിലെ മാധ്യമങ്ങള്‍ എടുത്തു നോക്കിയാല്‍ നമുക്ക് കാണാം. കേസ്സിന്റെ അന്ന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് കാരന്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR )എഴുതുന്നതിനു മുമ്പ് തന്നെ ടി. വി ചാനലുകളുടെ മുന്നില്‍ കേസ്സിന്റെ വിശതാംശങ്ങള്‍ വിളമ്പുന്നത് ഇന്ന് കേരളത്തില്‍ ഒരു ട്രെന്റായി മാറിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികളുടെ അനന്തര ഫലം എന്തായിരിക്കും എന്ന് ഇവര്‍ ആലോചിക്കുന്നില്ല.

കേരള പോലീസിന്റെ രൂപീകരണം കഴിഞ്ഞ് ഇത്രെയും കാലത്തിനിടക്ക് ഒരു കുറ്റമറ്റ എക്സികൂടീവ് വിഭാകമായി മാറാന്‍ കേരള പോലീസിന് ഇതുവരെ  കഴിഞ്ഞിട്ടില്ല എന്നത് പറയാതിരിക്കാന്‍ വയ്യ. ഒരു പരിധിവരെ ലെജിസ്ലെച്ചറിന്റെ അഥവാ രാഷ്ട്രീയ ഇടപെടലു കളായിരിക്കാം ഇതിന് നിതാനമായിട്ടുള്ളത്. എന്നാല്‍  കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ എന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. മറിച്ച്  കേസ്സിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ്സിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വിളിച്ചു പറയുന്നത് ഒരു പുതിയ കാര്യം തന്നെ.

സിനിമകളിലെ നായക വേഷം തലയ്ക്കു പിടിച്ച്  മാധ്യമങ്ങളുടെ മുന്നില്‍ തന്‍റെ വീര്യം കാണിക്കുമ്പോള്‍ കേസ്സിലെ കുറ്റവാളിയും ഈ രംഗം കാണുന്നുണ്ടെന്ന് അവരോര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരം പ്രവര്‍ത്തികളില്‍ ഇത് പകര്‍ത്തിയെടുക്കുന്ന മാധ്യമങ്ങളെ നമുക്ക് കുറ്റപെടുത്താന്‍ കഴിയില്ല. കാരണം മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്ക് സെന്‍സേഷണലായ റിപ്പോര്‍ട്ടുകള്‍ ഏതുവിധേനയും ഉണ്ടാക്കിയെടുക്കാന്‍ നോക്കും.
അതിലാണവന്റെ വിജയമിരിക്കുന്നത്. നീതിയും അതിന്‍റെ നിര്‍വഹണവുമെല്ലാം അവനെ സംബന്ദിച്ചു രണ്ടാം സ്ഥാനത്താണ്. എന്നാല്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു പ്രധാന കണ്ണിയായ പോലീസുകാരന്‍ അത് സാധാരണ കൊന്‍സ്ടബ്ള്‍ തൊട്ട് മേലോട്ട് ആരായാലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് പ്രതികള്‍ക്ക് നിയമത്തിന്‍റെ മുന്നില്‍ നിന്നും രക്ഷപെടാന്‍ വഴിയൊരുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

മാധ്യമ പ്രവര്‍ത്തകന്‍ വഴി സാധാരണക്കാരന്റെ മുന്നില്‍ വാര്‍ത്ത എത്തുമ്പോള്‍ കേസ്സിലെ നായകന്‍ പോലീസുകാരനായി മാറുന്നു. വാര്‍ത്താ മാധ്യമങ്ങളുടെ മുന്നില്‍ രാഷ്ട്രീയക്കാരനെ പോലെ വിടുവായിത്തം പറഞ്ഞ് ഗമ കാണിക്കുന്നതിലല്ല ഒരു നല്ല പോലീസ് സേനയുടെ മികവു കാണിക്കേണ്ടത്, മറിച്ച് കഴിയുന്നതും കുറ്റമറ്റ രൂപത്തില്‍ കേസന്ന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുന്നതിലാണ്.

നമ്മുടെ കേരളത്തില്‍ ഈയിടെ നടന്ന ഈ വാര്‍ത്തയാണ് സത്ത്യത്തില്‍ ഇതെഴുതാന്‍ കാരണമായത്‌

വളരെ വലിയ ഒരു അലംഭാവമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കൊണ്ട് ഇവര്‍ കാണിക്കുന്നത്. ലോകത്ത് ഒരു രാജ്യത്തും നമുക്ക് ഇങ്ങനെ കാണാന്‍ കഴിയില്ല.

ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പോലീസ് സേനയുടെ പരിശീലന സമയങ്ങളില്‍ ഇക്കാര്യങ്ങള്‍ വളരെ ഭംഗിയായി അവരെ പഠിപ്പിക്കുന്നുണ്ട്. പിന്നെ പരിശീലന കാംബുകളില്‍ നിന്നിറങ്ങി പൊതുജനവുമായി സമ്പര്‍ക്കം വരുമ്പോഴാണ് ഈ മാറ്റം വരുന്നത്. അത് കൊണ്ട് പരിശീലന കാലഘട്ടത്തില്‍ ഒരു എക്സ്ട്രാ ക്ലാസുകൂടി കൊടുത്താലും ഇതിന് മാറ്റം വരുമെന്ന് തോന്നുന്നില്ല. മറിച്ച് പോലീസ് നിയമത്തിലോ, പീനല്‍ നിയമത്തിലോ ഒരു വകുപ്പ് എഴുതി ചേര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

ഒരു കേസ്സിന്റെ അന്ന്വേഷണ ഉദ്യോഗസ്ഥനായ  പോലീസ് കാരന്‍ കേസ്സ് കാര്യങ്ങളുമായി വാര്‍ത്താ മാധ്യമങ്ങളുടെ മുന്നില്‍ അവതരിക്കുന്നതില്‍ നിന്നും അയാളെ വിലക്കുന്നത് അയാളുടെ മൌലികാ വകാശത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്ന് എനിക്ക് തോന്നുന്നില്ല.

Thursday 15 July 2010

ആണവ ബാധ്യതാ ബില്ലും, ചില യാദാര്‍ത്ഥ്യങ്ങളും.
പുതുതായി ഇന്ത്യന്‍ പാര്‍ളമെന്റില്‍ അവതരിപ്പിച്ച സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ല്, അമേരിക്കയുടെയും, അമേരിക്കന്‍ ആണവ വ്യവസായ ലോബിയുടെയും സംരക്ഷണത്തിന് ഉതകുന്ന രൂപത്തിലാണെന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ കറുത്ത കൈകളാണ് ഇതിനു പിന്നില്‍ പ്രവത്തിക്കുന്നത് എന്നതാണ് യാദാര്‍ത്ഥ്യം. ഇക്കാരത്തില്‍ തീര്‍ത്തും തെറ്റായ വഴിയിലൂടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നീങ്ങുന്നത്‌ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ഇത് പറയുമ്പോള്‍ ഏതൊരു വികസന അജണ്ടയും മഞ്ഞപിത്തം പിടിച്ചവന്റെ കണ്ണിലൂടെ കാണുന്നത് പോലെ എന്ന് പറയുന്നവര്‍ ഉണ്ടാകാം.  എന്നാല്‍ ഇതങ്ങനെയല്ല Civil Liability for Nuclear Damages Bill എന്ന ഈ ബില്ല് തീര്‍ത്തും നൂക്ലിയര്‍ വിതരണക്കാരെയും, നടത്തിപ്പുകാരെയും സംരക്ഷിക്കുന്ന ഒന്നാണ്. 

അമേരിക്കന്‍ ആണവ മേഖലയിലെ ഉന്നത തലത്തിലെ ലോബിയാണ് ഇന്ത്യന്‍ സര്‍ക്കാരിനെ കൊണ്ട് ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മാണം നടത്തിക്കുന്നത്. 

അമേരിക്കയുമായുള്ള ആണവ ഇടപാടിന്റെ കാര്യത്തില്‍ ആണവ വിതരണ കംബനിക്കാരെയും, കൈകാര്യം ചെയ്യുന്നവരെയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകി കൊണ്ടുള്ള Convention on Supplementary Compensation for Nuclear Damage (CSC) എന്ന ഉടമ്പടിക്ക് അമേരിക്ക ഇതിനകം തന്നെ ചുക്കാന്‍ പിടിച്ച് കഴിഞ്ഞു. ആ ഉടമ്പടിയുടെ ചുവടു പിടിച്ച് കൊണ്ടുതന്നെയാണ് ഈ പുതിയ ബില്ലും ചട്ടപെടുത്തി എടുത്തിരിക്കുന്നത്. അല്ലാതെ അപകടത്തില്‍ പെടുന്ന പാവം ഇന്ത്യന്‍ ജനതയുടെ സംരക്ഷണത്തിനല്ല ഈ ബില്ലില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കയുടെ ആണവ ആയുധങ്ങള്‍ കൈപറ്റുന്ന എല്ലാ രാജ്യങ്ങളും മേല്‍ പറഞ്ഞ CSC ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് അമേരിക്കയുടെയും, അമേരിക്കന്‍ ആണവ കമ്പനികളുടെയും ആവശ്ശ്യം. എന്നിരുന്നാല്‍ മാത്രമേ അവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷനേടാനാകൂ.. ഈ ഉടമ്പടി അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ട്. ഈ ഒരു ഉടമ്പടിയെ ചുവടു പിടിച്ച് കൊണ്ട് ഇന്ത്യയില്‍ ഒരു ആണവ ഉത്തരവാദിത നിയമം ഉണ്ടാകാന്‍ അമേരിക്ക ഇന്ത്യയെ ഇപ്പോള്‍ നിബന്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ആണവ ബില്ലും. 

നിലവില്‍ ഇന്ത്യയില്‍ അവരെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടുള്ള ഒരു നിയമമില്ല. അത്തരത്തിലുള്ള ഒരു നിയമം ഇന്ത്യയില്‍ ഉണ്ടാകുക എന്നത് തന്നെയാണ് SCS നെ ചുവടു പിടിച്ചുകൊണ്ടുള്ള ഈ ബില്ലിന്റെ പിന്നിലെ ഉദ്ദേശവും.

നിലവില്‍ ഇന്ത്യയിലെ ആണവ ബാധ്യതാ നിയമത്തില്‍ അപകടത്തിന്റെ നഷ്ടത്തെയും, നഷ്ട്ട പരിഹാര തുകയേയും കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ പര്യാപ്തമായ വകുപ്പുകള്‍ അപര്യാപ്തമാണെന്ന ഒരു വാദം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. കാരണം 1987 ല്‍ ""ശ്രീരാം ഫുഡ് ആന്‍റ് ഫെര്ടലൈസേഴ്സ് ""  എന്ന കമ്പനിയില്‍ നിന്നുമുള്ള "ഒലിയം ലീക്ക്" കേസ്സില്‍ പരിസ്ഥിതി മലിനീകരണം ഉള്‍പടെ എല്ലാ ഉത്തരവാതിത്തങ്ങളും കംബനിക്കാ ണെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഇതില്‍ ഒരു ചെറിയ ബുദ്ദിമുട്ടു വന്നിട്ടുള്ളത് ഈ ഉത്തരവാദിത്തം എങ്ങനെ ഒരു പ്രാവര്‍ത്തിക വശത്തിലെത്തിക്കും എന്നത് മാത്രമാണ്. ഇവടെ പുതിയ ആണവ ബില്ലിന്റെ കാര്യമെടുത്താല്‍ ഈ ഒരു വശം ചര്‍ച്ച ചെയ്യാതെ ,കാതലായതും, അടിസ്ഥാനവുമായ എല്ലാ കാര്യങ്ങളും നിലവിലുള്ളതില്‍ നിന്നും നേരെ കീഴ്മേല്‍ മറിച്ച്, അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപാകുന്ന രീതിയിലാണ് പുതിയ ബില്ല് അവതരിപ്പിച്ചിട്ടുള്ളത്.


SCS ല്‍ ചേരുക വഴി ഇന്ത്യാ രാജ്യത്ത് ഭോപ്പാല്‍ പോലത്തെ ഒരു ദുരന്ധ മുണ്ടായാല്‍ അന്താരാഷ്ട്ര ഫണ്ട് നമുക്ക് നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ വെറും പതിമൂന് രാജ്യങ്ങള്‍ മാത്രമാണ് ഈ ഉടമ്പടിയില്‍ ചേര്‍ന്നിട്ടുള്ളത്, അതില്‍ വെറും നാല് രാജ്യങ്ങള്‍ മാത്രമാണ് ഔദ്യോദികമായി അന്ഗീകരിചിട്ടുള്ളത്. ഇതിലെ മുഖ്യമായ രാജ്യം അമേരിക്കയാണ്, അവരുതന്നെയാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നതും. മാത്രവുമല്ല ഈ ഒരു ഉടമ്പടി പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ച മായിരിക്കുമെന്നുള്ളതാണ് വിധക്തരുടെ അഭിപ്രായം. 


കമ്പനിയുടെ സാമ്പത്തിക ബാധ്യതയുടെ പരമാവധി കണക്കാക്കിയിരിക്കുന്നത് അഞ്ഞൂറ് കോടി രൂപയാണ്. അതിനപ്പുറത്തെക്കുള്ള നഷ്ട്ടം നികത്തേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണ്. നഷ്ട പരിഹാര തുകയുടെ പരിധി അഞ്ഞൂറ് കോടി രൂപയില്‍ ഒതുക്കി ഇങ്ങനെ ഒരു വകുപ്പ് കൂട്ടി ചേര്‍ത്തിട്ടുള്ളത് വിദേശ ആണവ കമ്പനികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ്.  ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്, ഇന്ത്യാരാജ്യത്ത് നിന്നുള്ള ലാഭം മുഴുവന്‍ വിദേശ കമ്പനിക്കും, മറിച്ച് എന്തങ്കിലും അപകടം പറ്റിയാല്‍ നഷ്ടപരിഹാരം അഞ്ഞൂറ് കോടി മാത്രം നല്‍കി കമ്പനി രക്ഷപെടുകയും, ബാക്കി ദുരിതങ്ങളെല്ലാം പാവം ഇന്ത്യന്‍ ജനതയുടെ തലയിലും.


ഭോപ്പാല്‍ പോലുള്ള വന്‍ ദുരന്തങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്നുമുള്ള പാഠം ഉള്‍ക്കൊണ്ട്‌ കൊണ്ടാണെങ്കില്‍, സിവിലായും ക്രിമിനലായുമുള്ള ഉത്തരവാതിത്തങ്ങള്‍ വ്യക്തമായും നിര്‍വചിച്ചു കൊണ്ടുള്ള ഒരു നിയമമാണ് നമുക്ക് വേണ്ടത്. ഇന്ത്യന്‍ ജനതയുടെ ജീവനും സ്വത്തിന്നും ഇനിയും വിലപേശാന്‍ നമുക്കാവില്ല.Sunday 4 July 2010

ഭാഷയും ഇന്ത്യന്‍ കോടതികളും

മാതൃ ഭാഷയും, ദേശീയ ഭാഷയും, കോടതി ഭാഷയും, എല്ലാംകൂടി രാജ്യത്ത്  വളരെയധികം പുലിവാലുകള്‍ ഉണ്ടാക്കുന്നുണ്ട്. സമകാലികത്തിലെ ഏറ്റവും ശ്രദ്ദേയമായ ഒരു ഭാഷാ പ്രശ്നമാണ് തമിഴ്നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നാട്ടില്‍ ഒരു വിഭാകം അഭിഭാഷകരുടെ നേതൃത്വത്തില്‍ കോടതികളിലെ ഭാഷ തമിഴ് ഭാഷയാക്കണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വളരെ നല്ലത്... മാതൃ ഭാഷയോട് കൂറ് പുലര്‍ത്തുക എന്നത് അംഗീകരിച്ചു കൊടുക്കാവുന്ന ഒരു ആവശ്യം തന്നെ എന്നതാണ് എന്‍റെ പക്ഷം.

ഇന്ത്യയെ പോലെ വലിയ ഒരു ജനകീയ ജനാധിപത്യ രാജ്യത്ത്... "മതം", "ജാതി" തുടങ്ങിയവ പോലെ വളരെ സങ്കീര്‍ണമായി കിടക്കുന്ന ഒന്നാണ് ഭാഷാ പ്രശ്നവും. "നാനാത്വത്തില്‍ എകത്ത്വം" എന്നത് നമ്മള്‍ ലോകത്തിന്റെ മുന്നില്‍ വളരെ അന്തസ്സായി ഉയര്‍ത്തി കാണിക്കുന്ന ഒന്നാണ്. ആ "നാനാത്വം" എന്നതില്‍ വിഭിന്നങ്ങളായ ജാതിയും, മതവും, വര്‍ഗ്ഗവും, ദേശവും, പോലെ ഭാഷയും ഉള്‍പെട്ടിരിക്കുന്നു.

എന്നാല്‍ തമിഴ് നാട്ടിലെ ഒരു വിഭാകം അഭിഭാഷകര്‍ അവരുടെ കോടതി ഭാഷ തമിഴാകണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്ന ഈ ഒരു അവസരത്തിലാണ് ഇങ്ങനെ ഒരു ലേഖനം തുടങ്ങിയത്.

ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് എന്നതില്‍ തര്‍ക്കമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ പരാതിക്കാരനായി നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു  നോക്കിയിട്ടുണ്ടോ. അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ അവിടെ കൂടിയ വക്കീലന്മാര്‍ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും എല്ലാം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകില്ല. ഇവിടെ ഞാന്‍ പറഞ്ഞ കാര്യം പിടികിട്ടിയോ.... ഇല്ലങ്കില്‍ ഇതാ എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവം പറഞ്ഞാല്‍ പിടികിട്ടും.

എന്‍റെ നാട്ടുകാരനും, തേങ്ങാ കച്ചവടകാരനുമായ പാലോളി ബാപ്പുകാക്ക. "പാലോളി" എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മിനിസ്റ്റര്‍ പാലോളിയുടെ ആരെങ്കിലുമാണോ എന്നുണ്ടാകും, അതെ ഒരു അകന്ന ബന്ധുവും  കൂടിയാണ് ബാപുകാക. ഈ ബാപുകാക്കയുടെ കളപുരയില്‍(തേങ്ങാ സൂക്ഷിക്കുന്ന സ്ഥലം) നിന്ന് തേങ്ങ മോഷണം പോയ ഒരു കേസ്സില്‍  കള്ളനെ പിടിച്ച് കോടതി നടപടികളൊക്കെ പൂര്‍ത്തിയായി. കള്ളന്‍ ഒളിപ്പിച്ചു വെച്ച തേങ്ങകള്‍ വിട്ട് കൊടുക്കാന്‍ കോടതി ഉത്തരവായി. പക്ഷെ ഒരു കുഴപ്പം ഇതേ തേങ്ങാ കൂട്ടത്തില്‍ നിന്ന് മറ്റൊരു കേസ്സിലെക്കുള്ള തേങ്ങകള്‍ കൂടി വീതം വെക്കേണ്ടതുണ്ട്. എവിടെയാണ് തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നോ, എത്രയാണ് വീതം വെക്കെണ്ടതെന്നോ...ഒന്നും ബാപുകാക്കാക് മനസ്സിലായില്ല. കാരണം മജിസ്ട്രേറ്റിന്റെ "വിധി" സായിപ്പിന്റെ ഭാഷയിലായിരുന്നു. തന്‍റെ കേസ്സിനെ കുറിച്ച് മജിസ്റെട്ട് ഏമാന്‍ എന്താണ് പറഞ്ഞത് എന്നറിയാനായി  ഇതൊന്നു വിവര്‍ത്തനം ചെയ്തു കിട്ടാതെ ബാപുകാക്കക്ക് ഉറക്കമില്ല.
അങ്ങനെയാണ് ബാപ്പുകാക്ക എന്‍റെ അടുത്തെത്തുന്നത്....   കേസിന്‍റെ കാര്യം ഇത്രെയും പറഞ്ഞ് നിര്‍ത്തട്ടെ... ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.
ഇവിടെയാണ് ബാപുകാകയെ പോലെയുള്ള സാധാരണക്കാരുടെ അവസ്ഥ മനസ്സിലാകേണ്ടത്.ബാപുകാകയുടെ തേങ്ങയാണ് കളവു പോയത്, ബാപുകാകയുടെ കേസ്സാണ് കോടതിയില്‍ നടന്നത്. ആ നടന്നതൊക്കെ അവിടെ കൂടിയ വകീലന്മാര്‍ക്കും, സര്‍ക്കാര്‍ ഭാഗം വകീലിനും, മജിസ്ട്രേട്ട് ഏമാനും എല്ലാം മനസ്സിലായി. എന്നാല്‍ ബാപ്പുകാകാക്ക് മാത്രം മനസ്സിലായില്ല.

മജിസ്റെട്ട് ഏമാന്റെ വിധി ന്യായം മലയാളത്തില്‍ തര്‍ജമ ചെയ്തു കേട്ടപ്പോള്‍ ബാപുകാക്ക ആ കടലാസ് ചുരുട്ടിപിടിച്ച് തലയ്ക്കു കയ്യും കൊടുത്ത് പറഞ്ഞത് ഇങ്ങനെ.. ""ന്‍റെ വക്കീലേ.... തൊള്ളായിരത്തി നാപ്പത്തെയില് വെള്ളകാരനെ നാട് കടത്തീട്ട് ഇന്ജീം ഞമ്മള് ഈ ഭാഷ സഹിക്കണോ......?"" വെള്ളക്കാരന്റെ   ബൂട്ടിന്റെ ചവിട്ടേറ്റ  വേദന  ബാപ്പുകാകയുടെ നെഞ്ചില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല....!

എവിടെയെത്തി നില്‍ക്കുന്നു നമ്മുടെ  മലയാള ഭാഷ. ഗള്‍ഫു മലയാളികള്‍ മക്കളെ കൊണ്ട്
ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ പാട്പെടുന്നു. യൂറോപ്പ്യന്‍ മലയാളികളുടെ മക്കള്‍ മലയാളം മറന്നു. മക്കളെകൊണ്ട് ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ അമ്മമാര്‍....ഇതല്ലേ അവസ്ഥ....ഇവിടെ ഞാന്‍ നമ്മുടെ  HAMSA  യുടെ  ഒരു കവിത ഓര്‍ത്ത്‌ പോയി....!!!

യൂറോപ്പില്ലെത്തിയപ്പോള്‍ ഇന്ഗ്ലീ ഷ് എഴുതാനും വായിക്കാനും അറിയാത്ത ഇന്ഗ്ലീഷ് കാരനെ കണ്ടപോഴാണ് മലയാളിയുടെ സാക്ഷരതയുടെ വലിപ്പം മനസ്സിലായത്‌.

എന്തായാലും കോടതി ഭാഷകളെ കുറിച്ച് ഒരു ഒരു ലേഖനം എഴുതി കൊണ്ടിരിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി BILATHI PATTANAM  മുരളി ചേട്ടന്റെ വിളി. മലയാള കരയില്‍ നിന്ന് ഒറ്റയാള്‍ പാട്ടാളമായി ആക്ഷേപ ഹാസ്യ കലാരൂപവുമായി ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട്, ശ്രീ. ജയരാജ് വാര്യര്‍,  ഇതാ വെള്ളക്കാരന്റെ നാട്ടില്‍ വന്നിരിക്കുന്നു. മലയാള ഭാഷയുടെ മഹിമ എക്കാലത്തും തന്‍റെ ഓരോ വേദികളിലും ഉയര്‍ത്തി കാട്ടുന്ന ആ കലാകാരനെ അദ്ദേഹത്തിന്‍റെ  ജൈത്ര യാത്രയില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട  അദ്ദേഹത്തെ അനുമോദിക്കാന്‍ ഒരവസരം.

വര്‍ഷങ്ങള്‍ക്കു മുമ്പ് കൊഴികൊടിനടുത്ത് ഒരു വേദിയില്‍ വെച്ചാണ് ശ്രീ . ജയരാജു വാര്യരെ ആദ്യമായി പരിചയപെടുന്നത്. പിന്നീട് ബൂലോകര്‍ക്ക് വേണ്ടി അദ്ദേഹത്തിന് ഉപഹാരം നല്‍കാന്‍ കിട്ടിയ ഈ അവസരത്തിലാണ് കാണുന്നത്.

  
മലയാളിയുടെ നാവിന്‍ തുമ്പത്തു വരുന്ന വികൃതമായ മലയാള ഭാഷയെ തന്‍റെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ആ കലാകാരന്റെകൂടെ വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ മുരളിചെട്ടനോട് നന്ദി പറയുന്നു.


മലയാള ഭാഷയെ നാവിന്തുംബിലൂടെ വികലമാക്കുന്ന വിദേശ മലയാളിയെ തന്‍റെ ആക്ഷേപ ഹാസ്സ്യത്തിലൂടെ നിറുത്തി പൊരിച്ച ആ കലാകാരന്റെ പ്രകടനം എന്‍റെ മനസ്സിന് ഒരുപാടൊരുപാട് കുളിര്‍മ്മയേകി.."ഭാഷയും ഇന്ത്യന്‍ കോടതികളും" എന്ന ലേഖനം തല്കാലത്തേക്ക് മാറ്റി വെച്ച് ആ വലിയ കലാകാരന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ......

Tuesday 8 June 2010

"ഭോപാലിന്‍റെ രോദനം"

1984 ഡിസംബര്‍ മൂന്നാം തിയതി അര്‍ദ്ധരാത്രി,  നമ്മുടെ ഭോപാലില്‍ നടന്നത്  അത്ര പെട്ടന്ന് നമുക്ക് മറക്കാന്‍ കഴിയില്ല. "യൂണിയന്‍ കാര്‍ബൈഡ്" എന്ന അമേരിക്കന്‍ കമ്പനിയുടെ ഇരുപത്തേഴു ടണ്‍  "മീഥേന്‍ ഐസോ സയനെറ്റ്" എന്ന വിഷ വാതകം ലീക്ക് ചെയ്ത്, ഭോപാല്‍  നഗരത്തില്‍ വിതച്ച നാശത്തിന്റെ ഗൗരവം നമ്മുടെ കോടതിയും, സര്‍ക്കാരും മറന്നോ..?. അതോ ഉള്ള വകുപ്പുകള്‍ വെച്ച് ഇത്ര മാത്രമേ അവര്‍ക്ക് ശിക്ഷ കല്‍പ്പിക്കാന്‍  സാധിക്കുകയൊള്ളോ...?

അരക്കോടിയോളം വരുന്ന ജനങ്ങള്‍ ഇതിന്റെ സംഹാര താണ്ഡവം അനുഭവിച്ചറിഞ്ഞു. അതില്‍ ഇരുപതിനായിരം പേര്‍ മരണമടഞ്ഞു, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേര്‍ ഇന്നും ഇതിന്റെ ദൂര വ്യാപകമായ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
ബധിരന്മാരായും, അന്ധന്മാരായും, വികലാന്ഗരായും, ആസ്മാ രോഗികളായും, അങ്ങനെ ചത്തു ജീവിക്കുന്ന കുറെ മനുഷ്യ കോലങ്ങള്‍.....
അപകടം നടന്ന ആ കമ്പനിയുടെ പരിസരം പോലും ഇപ്പോഴും വൃത്തിയാകിയിട്ടില്ല.
ഈ അടുത്ത് നടന്ന ഒരു പരിശോധനയില്‍ സമീപ പ്രദേശത്തെ  കുടിവെള്ളത്തില്‍ പോലും അളവില്‍ അധികം  മെര്‍കുറി പോലെയുള്ള രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്. 

1970 ല്‍ കീടനാശിനി നിര്‍മ്മാണ കമ്പനിയായാണ്‌ അമേരിക്കന്‍ കമ്പനിയായ "യൂണിയന്‍ കാര്‍ബൈഡ്" ഭോപാലില്‍  തുടങ്ങുന്നത്.
 "യൂണിയന്‍ കാര്‍ബൈഡ്"   പോലത്തെ ഒരു അമേരിക്കന്‍ കമ്പനിയെ നിലയുറപ്പിക്കണ മെങ്കില്‍, അവിടെ സമീപ വാസികളില്‍ നിന്നും സമ്മത പത്രം ലഭിക്കാന്‍ എന്തല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ടാകും എന്ന് നമുക്ക് ആലോചിച്ചാല്‍ അറിയാം. അങ്ങനെ സമ്മത പത്രം നല്‍കിയവര്‍ തന്നെ ആ കമ്പനിയുടെ കൈകള്‍ കൊണ്ട് മരിക്കേണ്ടി വന്ന ദാരുണ സംഭവം. 

ഇന്ത്യ പോലുള്ള രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കീടങ്ങളെകാള്‍ ഏറെ കൃഷിക്കാര്‍ നേരിടുന്നത് പ്രകൃതിക്ഷോഭത്തെയാണ് എന്ന് കമ്പനി മനസ്സിലാക്കിയിരുന്നില്ല. തുടക്കം മുതലേ നഷ്ട്ടത്തില്‍ ഓടിയ കമ്പനി, പ്രതീക്ഷിച്ച ലാഭം കൊയ്യാന്‍ കഴിയാതെ വന്നപ്പോള്‍ 1980 കളോടെ കമ്പനി അടച്ച് പൂട്ടുകയാണ് ചെയ്തത്.

കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചിരുന്നെങ്കില്‍കൂടി അപകടം പിടിച്ച "മീഥേന്‍ ഐസോ സയനെറ്റ്"പോലെയുള്ള വിഷ  രാസ വസ്ത്തുക്കള്‍ മൂന്നു ടാങ്കുകളിലായി അറുപതോളം ടണ്‍ വീണ്ടും അവിടെ അവശേഷിച്ചിരുന്നു. 

കമ്പനി അതിന്‍റെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വെച്ചത് കൊണ്ട് ഇനി ഭയക്കേണ്ട യാതൊരു കാരണവുമില്ലെന്ന കമ്പനിയുടെ ഉറപ്പ്, 1984 ഡിസംബര്‍ മൂന്നാം തിയതി എണ്ണിയാലോടുങ്ങാത്ത മനുഷ്യ ജീവനുകള്‍ നിശ്ചലമായപ്പോള്‍ നമുക്ക് ബോധ്യമായി. 

ഡിസംബര്‍ രണ്ടാം തിയതി രാത്രിയില്‍, തുരുംബെടുത്തു ജീര്‍ണിച്ച പൈപ്പുകളില്‍ ഫ്ലഷടിച്ചപ്പോള്‍ ആ അപകടം പിടിച്ച രാസ വസ്തു ലീക്ക് ചെയ്ത് തുടങ്ങി. രണ്ടാം തിയതിയും, മൂന്നാം തിയതിയും പിന്നീട് രംഗം അവിവരണീയമായി മാറുകയായിരുന്നു. 

 
ഉച്ഛാസ വായു ലഭിക്കാത്തവന്റെ ജീവ-മരണ വെപ്രാളം,.. ആര്‍ക്കും ആരെയും തിരിഞ്ഞു നോക്കാനോ രക്ഷിക്കാനോ കഴിയാതെ ആ അര്‍ദ്ധ രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. എന്നാല്‍ അധികം ആര്‍ക്കും ഓടി രക്ഷപെടാനായില്ല. വിളക്കിന്റെ നാളത്തില്‍ അകപെട്ടു പോയ ഈയ്യാം പാറ്റകളെ പോലെ ഓരോരുത്തരായി, ഒന്നൊന്നിനു മേലെ ഒന്നായി മരിച്ചുവീണു. 

അപകടത്തില്‍ അന്ന് അത്ഭുതകരമായി രക്ഷപെട്ട അസീസ സുല്‍ത്താനയുടെ വാക്കുകള്‍ ഇതാണ്...." രാത്രി സുമാര്‍ പന്ത്രണ്ടരയോടെ എന്‍റെ ചെറിയ കുട്ടി അസ്സ്വോഭാവികമായി ചുമക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആകെ പുക മൂടി കിടക്കുന്നതായാണ് ഞാന്‍ കണ്ടത്, പുറത്തു ആളുകള്‍ ഉച്ചത്തില്‍ ഓടി രക്ഷ പെടാന്‍ പറയുന്നത് കേട്ടു, ഒരു വലിയ തീ കൂട്ടത്തില്‍ അകപെട്ടത്‌ പോലെയായിരുന്നു അവിടുന്നങ്ങോട്ടെനിക്ക്." 

"ഇതിലും ഭേതം ഞാനും കൂടി മരിക്കുക യായിരുന്നു..." തന്‍റെ ഗര്‍ഭസ്ഥ ശിശു, തന്‍റെ മക്കള്‍, ഉപ്പ, ഉമ്മ, മറ്റു ബന്ധുക്കള്‍... എല്ലാവരും നഷ്ട പെട്ടു പോയ റാഷിദാബിയുടെ വാക്ക്കളാണിത്.

അപകടം നടന്ന സമയത്ത് മൃത പ്രായരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ രക്ഷ പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഏറ്റവും ഹൃദയഭേദ്ദ്യമായ സംഭവം ഇതാണ്.... ഈ ലീക്ക് ചെയ്ത രാസ വസ്തു മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു...?, അതിന്‍റെ ടോക്സിക് എഫക്റ്റ് എന്താണ്...? എന്ന് കമ്പനിയോട് ചോതിച്ചപ്പോള്‍, അത് പറയാന്‍ കഴിയില്ല, അത് ഞങ്ങളുടെ ട്രേഡ് സീക്രട്ടാണ് എന്ന് പറഞ്ഞതാണ്. അവര്‍  മനുഷ്യജീവനെ കാളും അവിടെ മൂല്ല്യം കല്‍പ്പിച്ചത് കമ്പനിയുടെ ട്രേഡ് സീക്രട്ടിനാണ്. 

1991 ല്‍ ഭോപ്പാല്‍ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈടിന്റെ ചെയര്‍മാനും ചീഫ് എക്സി കൂട്ടീവ് ഓഫീസറുമായ  വാറന്‍ ആന്‍ട്യൂസനെതിരെ നരഹത്യക്ക് കേസ്സെടുത്തു.  ഇന്ത്യയിലെ ഒരു കോടതിയില്‍ അദ്ദേഹം ഹാജരായി, വിചാരണ നേരിടുകയായിരുന്നെങ്കില്‍, പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ 1984 ഡിസംബര്‍ ഏഴാം തിയതി ബോപ്പാലില്‍ അദ്ദേഹത്തെ  മദ്ദ്യപ്രദേശ്‌  പോലീസ്    അറസ്റ്റുചെയ്തു. ജാമ്യത്തില്‍ ഇറങ്ങി, അമേരിക്കയിലേക്ക് കടന്നു കളഞ്ഞ അദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക്‌ വന്നിട്ടില്ല.ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി അദ്ദേഹത്തെ 1992 ഫെബ്രുവരി ഒന്നാം തിയതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 2009 ജൂലായ്‌ 31 ന് ബോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്, പ്രകാശ് മോഹന്‍ തിവാരി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനിടയില്‍ അപ്രത്യക്ഷനായ വാറന്‍ ആന്‍ട്യൂസന്‍, അമേരിക്കയിലെ ഹാംട്ടനില്‍ ആര്‍ഭാടമായ ജീവിതം നയിക്കുന്നതായും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ കോടതി മുമ്പാകെ കൊണ്ടു വരാന്‍ അമേരിക്കന്‍ ഗവര്‍മെന്റോ, ഇന്ത്യന്‍ ഗവര്‍മെന്റോ, യാതൊരു മുന്കയ്യും എടുത്തില്ലെന്നതാണ് സത്ത്യം.

"സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്‍" പ്രകാരം യാതൊരു തരത്തിലും വാറന്‍ ആന്‍ട്യൂസന്‍    ഇതിനുത്തരവാതിയല്ലെന്നും, അതിനാല്‍ ഇന്ത്യന്‍ കോടതിയില്‍ അയാള്‍ ഹാജരാവേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ വാദം.  ഈ ബില്ല് പ്രകാരം എല്ലാ വിദേശ കമ്പനികളെയും ക്രിമിനലായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് ഈ ബില്ല് പാസാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ബില്ലുമായി നമ്മള്‍ മുന്നോട്ടു പോകുക എന്നത് ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളും, സുരക്ഷിതത്തവും കാറ്റില്‍ പറത്തി കളിക്കുന്നതിനു തുല്യമാണ് എന്നതില്‍ യാതൊരു സംശയവും വേണ്ട.

ദുരന്ത മുണ്ടാക്കിയ "യൂണിയന്‍ കാര്‍ബൈഡ്" കമ്പനിക്കെതിരെയും അന്ന്  കേസ്സെടുത്തിരുന്നു. ഇരുപത്താറ് വര്‍ഷത്തെ നീണ്ട നിയമ നടപടിക്കൊടുവില്‍ വിധി വന്നത് മനുഷ്യ മനസ്സിനെ മരവിപ്പിക്കുനതും, ഇന്ത്യക്കാരായ എട്ടു പ്രതികളില്‍ ജീവിച്ചിരിക്കുന്ന ഏഴു പേര്‍ക്കെതിരെ  രണ്ടു വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (IPC) 304 (A), 336, 337,  എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

IPC 304 (A):-

whoever causes death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extent to two years or with fine, or with both.(ആരങ്കിലും ഒരാള്‍ മനപൂര്‍വമല്ലാതെ അജാഗ്രതയോടും, അശ്രദ്ധമായും,  ഒരു പ്രവര്‍ത്തി ചെയ്യുക വഴി മറ്റൊരാള്‍ മരിക്കാന്‍ ഇടവന്നാല്‍, അയാള്‍ രണ്ടു വര്‍ഷം തടവിനും, പിഴക്കും വിധേയമാകുന്നതാണ്.)

ഈ വകുപ്പ്, വാഹന മിടിച്ച് മറ്റൊരാള്‍ മരിച്ചാലും, അല്ലെങ്കില്‍ ബോപ്പാലിലെ പോലെ ആയിരങ്ങള്‍ മരിച്ചാലും ഇത് തന്നെയാണ് ചേര്‍ക്കുന്നത്. ഒരു ന്യായാധിപനെ സംബന്തിച്ച് ഈ വകുപ്പ് വെച്ച് ഒരാളെ തൂക്കി കൊല്ലാനൊന്നും പറ്റില്ല.  മേല്‍ പറഞ്ഞ 336, 337 എന്നീ വകുപ്പുകള്‍ ഇതിനെകാളും വീര്യം കുറഞ്ഞവയാണ്.

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്‍റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക്  രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം  തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മറച്ചുവെച്ചു കൊണ്ടാണ്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ഏജന്‍സികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍, ഇന്ത്യയിലേക്ക്‌ കടന്നു കയറുന്ന വമ്പന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഒരു വളംവെച്ചു കൊടുക്കലാകും എന്നത് ഓര്‍ക്കേണ്ടതുണ്ട്.

വാറന്‍ ആന്‍ട്യൂസനെതിരെ എടുത്തിട്ടുള്ള മനപ്പൂര്‍വമായ  നരഹത്ത്യാ കേസ്സ് കോടതി മുമ്പാകെ തെളീച്ച്‌, തക്ക ശിക്ഷ നല്‍കാന്‍ വേണ്ട തെളിവുകള്‍ നമ്മുടെ പക്കലുണ്ടായിരുന്നു.

ഇതില്‍ മൗസ് അമര്‍ത്തിയാല്‍ മതി 


കേസിലെ പ്രൊസിക്ക്യൂഷന്‍ ഭാഗത്ത് നിന്നുള്ള ഒരു പ്രധാന സാക്ഷിയാണ് ഷാനവാസ് ഖാന്‍,. അപകടത്തിനു മുമ്പ് കമ്പനിയുമായി നടത്തിയ നിയമ പരമായ രേഖകള്‍ കേസ്സിലെ സുപ്പ്രധാന തെളിവുകളായിരുന്നു. അപകടത്തിന്റെ തലേ വര്‍ഷം, അതായത് 1983 ല്‍ അദ്ദേഹം കമ്പനിയുടെ സുരക്ഷയെ കുറിച്ച് കമ്പനിക്കയച്ച പരാതിയിന്‍മേല്‍ കിട്ടിയ മറുപടിയാണ് മേലെ കൊടുത്തിട്ടുള്ളത്. കമ്പനി അക്കാര്യം  തീര്‍ത്തും നിഷേധിച്ചു കൊണ്ടുള്ള ഒരു മറുപടിയാണിത്. ഈ ഒരൊറ്റ ടോക്ക്യുമെന്റിന്‍റെ പിന്‍ബലം മാത്രം മതി വാറന്‍ ആന്‍ട്യൂസനെ നരാഹത്ത്യാ കേസ്സില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലിലടക്കാന്‍.

എന്നാല്‍  അദ്ദേഹത്തെ ഇന്ത്യയിലേക്ക്‌ കൈമാറുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നതാണ് സത്ത്യം.      മാത്രവുമല്ല "സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ലില്‍" വിദേശ കമ്പനികള്‍ ഉത്തര വാതികളല്ല എന്ന് എഴുതിയിട്ടുള്ളതുമാണ്. ഈ ഒരു അവസ്ഥയില്‍ ന്യായാധിപന്മാര്‍ക്ക്  കുറ്റമാരോപിക്കപെട്ടവര്‍ക്കെതിരെ സമന്‍സയച്ചു വരുത്താനും, വന്നില്ലെങ്കില്‍ വാറണ്ടയക്കാനും, അതുകഴിഞ്ഞ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാനും മാത്രമേ കഴിയുകയുള്ളൂ. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യന്‍ പൌരനായിരുന്നെങ്കില്‍ വിദേശത്ത് പോയി അവനെ  അറസ്റ്റു ചെയ്യാമായിരുന്നു. ഇവിടെ പ്രതി അമേരിക്കന്‍ പൗരനാണ്. അതും "വമ്പന്‍ പുലി". അയാളെ ഇന്ത്യയിലേക്ക്‌ കൈമാറുക എന്നത് രാജ്യങ്ങള്‍ തമ്മിലുള്ള നയപരമായ കാര്യമാണെന്ന് യു. എസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ബില്ല് പ്രകാരം ഒരു വിദേശി ഉത്തരവാതിയല്ലെങ്കില്‍, നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്, ഇല്ലാത്ത ഒരു വകുപ്പിന്‍റെ മേല്‍ എങ്ങനെ അയാളെ ഇന്ത്യക്ക് കൈമാറും എന്നത് ഒരു വിഷയം തന്നെ...!!


ഈ മുറവിളകള്‍ വൃധാവിലായോ ..?
ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ്സില്‍ ശിക്ഷ വിധിച്ചെങ്കിലും, നാമുടെ മുന്നില്‍ ഇപ്പോഴും ബാകി നില്‍ക്കുന്ന ചോദ്ദ്യങ്ങള്‍ ഇതാണ്....
ഒന്ന്- സംഭവം നടന്ന് നാലാം ദിവസം, കേസ്സിലെ മുഖ്യ പ്രതിയായ വാറന്‍ ആന്‍ട്യൂസന്‍ ഇന്ത്യയില്‍നിന്ന് രക്ഷപെട്ടത് എങ്ങനെ...?
രണ്ട്-ഇന്ത്യന്‍ സര്‍ക്കാര്‍ കേസ്സിലെ നഷ്ടപരിഹാരതുക കോടതിക്ക് പുറത്തുവെച്ച് ഒത്തു തീര്‍ക്കുക വഴി, ഇന്ത്യന്‍ ജനതയെ ഒന്നാകെ അടിയറവെച്ച് വിറ്റഴിച്ചോ...?
മൂന്ന്-പ്രതികള്‍ക്കെതിരെ ചുമതേണ്ട കേസുകളുടെ വീര്യമെന്തിനു കുറച്ചു..?

ഇത്രെയും നമ്മള്‍ ചര്‍ച്ച ചെയ്തത് ബോപാലില്‍ പ്രതികളായവരുടെ "ക്രിമിനലായ" ഉത്തരവാതിതത്തെ കുറിച്ചാണ്.  ബോപാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ട പരിഹാരം ആരു നല്‍കും...?, തുക എത്ര നല്‍കും...?, ഇതിനകം ചില ഒഫീഷ്യല്‍ തലത്തിലുള്ളവരും, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരും എല്ലാം നിയമയുദ്ദം നടത്തി  ചെറുതെങ്കിലും ചെറിയ രൂപത്തില്‍ നഷ്ട പരിഹാരം വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ നിയമ പരമായി ഇക്കാലം വരെ ഒരു വക്കീലിനെ പോലും കാണാന്‍ കഴിയാത്ത എത്രയെത്ര പാവങ്ങള്‍. തലമുറകളായി ഈ ദുരന്തത്തിന്റെ ബാക്കിപത്ത്രങ്ങള്‍  എത്ര.....!!ഇവരും മനുഷ്യരുടെ മക്കളാണ്. ഇവര്‍ക്കും നമ്മളെ പോലെ ഈ ഭൂമിയില്‍ അവകാശ മുള്ളവരാണ്. ഇവിടെ ന്യാധിപന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടതുണ്ട്.

നഷ്ട പരിഹാര തുക വിധിക്കുമ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്ന് കൊടുക്കുന്ന കാശല്ല എന്ന യാദാര്‍ത്ഥ്യം മനസ്സിലാകണം.  വിചാരണ നടക്കുമ്പോള്‍ അപകടം പറ്റിയവര്‍ പ്രതികളല്ല എന്നും അവര്‍ തന്‍റെ ഔതാര്യം പിടിച്ചു പറ്റാന്‍ വന്നവരല്ല, പ്രത്യുത അവകാശം ചോദിച്ചു വാങ്ങാന്‍ വന്നവരാണെന്നുമുള്ള ഉള്‍ബോധം വേണം ആ കസേരയിലിരിക്കുമ്പോള്‍.

ഇത് പറഞ്ഞപ്പോഴാണ് കേരളത്തിലെ വാഹന അപകട നഷ്ട പരിഹാര കോടതികളുടെ വിരോധാഭാസം മനസ്സില്‍ വന്നത്. ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ കോടതിയടക്കം കേരളത്തിലെ ഭൂരിഭാഗം കോടതികളും കെട്ടിടത്തിന്റെ നാലാം നിലയിലോ, അഞ്ചാം നിലയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലിഫ്റ്റ്‌ സൗകര്യം പോലും ഇല്ലാതെ,  അപകടം പറ്റി വികലാങ്ങരായവര്‍ അവിടെ എത്തി  ഇനിയും കഷ്ടത യനുഭവിക്കട്ടെ എന്ന് കരുതികൂട്ടി ചെയ്തത് പോലെ യാണ് ഇത് .... ഇക്കാര്യം സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു എന്നേയുള്ളൂ. ക്ഷമിക്കുക.....

അപകടങ്ങളില്‍ നഷ്ടപരിഹാര തുക വിധിക്കുന്നതില്‍ സത്ത്യത്തിന്റെയും, നീതിയുടെയും , ന്യായത്തിന്റെയും കൂടെ എത്താന്‍ ന്യായാധിപന്‍മാര്‍ പരിശ്ശ്രമിച്ചത്  വളരയധികം വിധി ന്യായങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.  അതിലൊന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്. 

എണ്പതുകളുടെ മധ്യത്തില്‍ ആണ്  ഈ കേസ്സ് ബോംബെ   (ഇന്നത്തെ മുംബൈ) ഹൈകോടതിയില്‍ നടക്കുന്നത്. ബോബെയില്‍ നിന്നും ടാങ്ക് നിറയെ പെട്രോളും നിറച്ച് ഒരു ടാങ്കര്‍ ലോറി ഹുബ്ലി, കുന്താപുരം മലമ്പ്രദേശ റോഡു വഴി മംഗലാപുരത്തേക്ക് വരുന്ന വഴി ചെങ്കുത്തായ മലമ്പാതയില്‍ നിയന്ത്രണം വിട്ട് മീറ്ററുകളോളം താഴ്ചയുള്ള, ജനവാസ മുള്ള താഴ്വരയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതമാം വിധം രക്ഷപെടുകയും ചെയ്തു. അര്‍ദ്ധ രാത്രിയില്‍ മറിഞ്ഞ വണ്ടിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു.  പിറ്റേന്ന് കാലത്ത് ഗ്രാമ വാസികള്‍ പെടോള്‍ വണ്ടി മറിഞ്ഞതറിഞ്ഞു അതിന്‌ ചുറ്റും തടിച്ചുകൂടി. കുട്ടികളും സ്ത്രീകളും അടക്കം., വണ്ടിയില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ചില ഗ്രാമ വാസികള്‍ ശേഖരിക്കാനും തുടങ്ങി. അതില്‍ ഒരുത്തന്‍ തന്‍റെ സിഗരറ്റ്  കത്തിക്കുകയും, പൊടുന്നനെ പെട്രോളിന് തീ പിടിച്ച് പൊട്ടി തെറിക്കുകയും, അതില്‍ നൂറില്‍പരം ഗ്രാമ വാസികള്‍,കുട്ടികളും സ്ത്രീകളും അടക്കം, വെന്തു മരിക്കുകയും ചെയ്തു. 

ജില്ലാ കോടതിയില്‍ നടന്ന കേസ്സ്, കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടെ വാതങ്ങള്‍ ശരി വെക്കുകയും.,  ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല എന്ന് വിധി എഴുതുകയും ചെയ്തു. 

കമ്പനിയുടെ വാതങ്ങള്‍ ഇതൊക്കെയായിരുന്നു. ഒന്ന്- അപകടം നടന്നത്, അതായത് വാഹനം മറിഞ്ഞത്, തലേ ദിവസമാണ്, ആര്‍ക്കും ഒരു അപകടവും ഉണ്ടായില്ല. രണ്ട്-  പൊതുസ്ഥലത്ത് വെച്ചോ , വാഹനം ഓടികൊണ്ടിരിക്കുംബോഴോ അല്ല അപകടം ഉണ്ടായത്.,മൂന്ന്- ഇത്രെയും അധികം ആളുകള്‍ മരിച്ചത് വാഹനം മറിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാണ്.നാല്- പെട്രോളിന് തീ പിടിക്കാന്‍ കാരണമായത്‌ ഗ്രാമ വാസികള്‍ തന്നെ.... അത് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളില്‍ പെടാത്തത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല., 

ഇവിടെ കമ്പനിയുടെ വാതങ്ങള്‍ വളരെ ശരിയാണ്.  മഹാവിഷ്ണു നരസിംഹ രൂപത്തില്‍ അവതരിച്ച് രാക്ഷസനെ കൊല്ലുംബോഴുള്ള നിബന്ധനകള്‍ പോലെ കമ്പനിയുടെ പോളിസിയില്‍ പറഞ്ഞ രൂപത്തില്‍ വേണ്ടേ ആളുകള്‍ മരിക്കാന്‍.!

ഇവിടെയാണ് തന്‍റെടമുള്ള ന്യായാധിപന്മാരുടെ ഇടപെടല്‍ കണ്ടത്. കേസ്സ് അപ്പീലില്‍ വാതം കേട്ട ന്യായാധിപന്മാര്‍ കീഴ് കോടതിയുടെ വിധി ന്യായത്തെ തിരുത്തി എഴുതി. അങ്ങനെ ഒരു വാഹനം അവരുടെ ഗ്രാമത്തില്‍ മറിഞ്ഞത് കൊണ്ടാണ് നിരക്ഷരരും, കുട്ടികളും അടങ്ങിയ ഗ്രാമവാസികള്‍ അവിടെ തടിച്ചു കൂടിയത്. ടാങ്കില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ഗ്രാമ വാസികള്‍ ശേഖരിച്ചത് സ്വാഭാവികം മാത്രം,. ഒരു പത്തു രൂപ നോട്ട്   വഴിയരികില്‍ വീണു കിടന്നാല്‍ ഏതു മനുഷ്യനും അതെടുത്തു പോകും, അത് മനുഷ്യ സഹചമാണ്. അതുകൊണ്ട് മരിച്ചരുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണ് എന്ന് വിധിയെഴുതി.

ഇത് എണ്‍പതുകളില്‍ ബോംബയില്‍ നടന്നത്........ ഇത് പോലെ ഭോപാലിലും പര്യാപ്തമായ വിധിയെഴുതാന്‍ ന്യായാധിപന്മാര്‍ക്ക് മനക്കരുത്തുണ്ടാകട്ടെ എന്ന് നമുക്കാശിക്കാം. ജുഡീഷ്യറിയുടെ കറ കളയാനല്ല , മനുഷ്യത്വത്തിന്റെ പേരിലെങ്കിലും.......