Saturday, 13 March 2010

ക്രിമിനല്‍ റെസ്പോണ്‍സിബിലിറ്റി

ഇങ്ക്ലണ്ടില്‍   കുറ്റകൃത്യങ്ങളിലെ ഉത്തരവാദിത്തത്തിന്റെ പ്രായ പരിധി (Age of Criminal responsibility) പത്തു വയസ്സില്‍നിന്നും പന്ത്രണ്ടു വയസ്സാക്കി ഉയര്‍ത്തണമെന്ന ഇങ്ക്ലണ്ടിലെ കുട്ടികളുടെ കമീഷ്ണറായ ഡോക്ടര്‍ മാഗ്ഗി ആറ്റ്കിന്‍സന്‍ എന്നവരുടെ ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിച്ചതിന്റെ വാര്‍ത്തയാണ്  (  http://news.bbc.co.uk/1/hi/uk/8565619.stm  ) ഞാന്‍ വളരെ മുമ്പ് എഴുതിയ ഒരു ആര്ടിക്കിളിന്റെ വരികളിലേക്ക് എന്നെ എത്തിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാതിത്തത്തിന്റെ  പ്രായ പരിധി ഏറ്റവും കുറവുള്ള രാജ്ജ്യം ഇങ്ക്ലണ്ടാണ്.(പത്തു വയസ്സ്) യൂറോപ്പ്യന്‍ യൂണിയനില്‍ നിലവിലുള്ള മറ്റെല്ലാ രാജ്യങ്ങളിലും  പത്തു വയസ്സിനു  മുകളിലാണ് പ്രായപരിധി.
                                 ഇത് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ നിയമം. എന്നാല്‍  നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് കുറ്റ കൃത്ത്യങ്ങളുടെ ഉത്തര വാദിത്തത്തിന്റെ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് വെറും ഏഴു വയസ്സാണ്. അതായത് രണ്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും നമ്മുടെ രാജ്ജ്യത്ത് കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ നിയമ നടപടിക്കു വിധേയരാക്കാം.ഈ ഒരു പശ്ചാത്തലത്തില്‍  എന്റെ നാട്ടില്‍ നടന്ന ഒരു സംഭവവുമായി ബന്ധപെട്ട് ഒരു ആര്‍ട്ടിക്കിള്‍ വര്‍ഷങ്ങള്‍ക്  മുമ്പ് ഞാന്‍ എഴുതിയിരുന്നു. അന്ന് അത് ഇന്റര്‍നെറ്റ് വഴിയൊന്നും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സംഭവം ഞാന്‍ ഒരിക്കല്‍കൂടി ഇവിടെ പറയട്ടെ. 
                                 സംഭവം നടന്ന വര്‍ഷം ചില നിയമ തടസ്സങ്ങളാല്‍ എനിക്കിവിടെ എഴുതാന്‍ കഴിയില്ല. എന്റെ ഗ്രാമത്തിനു തൊട്ടടുത്ത പാണായി എന്ന സ്ഥലത്താണ് ഈ സംഭവത്തിന്റെ തുടക്കം.പാണായിയുടെ സമീപ പ്രദേശങ്ങളില്‍ നിന്നെവിടെ നിന്നോ ആണ് ആ അമ്മയും, പിഞ്ചു കുഞ്ഞും പാണായിലേക്ക് എത്തിപെട്ടത്. ജില്ലാ ആശുപത്രിയില്‍ ആ അമ്മ കുഞ്ഞിനെ പ്രസവിക്കുംബോഴാണ് ആ കുഞ്ഞിന്റെ അച്ഛന്‍ മരിക്കുന്നത്. പിന്നീടങ്ങോട്ടുള്ള കാലഘട്ടം പട്ടിണിയും, ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. ആ അമ്മയെയും കുഞ്ഞിനേയും നോക്കാന്‍ ഉറ്റവരോ, ഉടയവരോ ഇല്ലായിരുന്നു എന്ന്തന്നെ പറയാം. പിന്നീടങ്ങോട്ടുള്ള കാലം... ജലവും വായുവും ഭക്ഷണമാക്കി ആ അമ്മയും കുഞ്ഞും ദിവസങ്ങളും കാലങ്ങളും തള്ളി നീക്കി.സ്കൂളില്‍ പെന്‍സിലും, സ്ലേറ്റും ഇല്ലാതെ വന്നതിനു ആദ്യം അദ്ദ്യാപകര്‍ ശിക്ഷിച്ചു. കടകളില്‍ നന്ന് മിട്ടായി മോഷ്ട്ടിച്ചതിനു കടക്കാരന്റെ  വക വേറെ...  അങ്ങനെ.. അങ്ങനെ... പില്‍കാലത്ത് ആ പിഞ്ചു പയ്യന്‍  കേരളം അറിയപ്പെടുന്ന രാജു എന്ന "വേണുഗാനന്‍" എന്ന ക്രിമിനലായി മാറിയത് അവന്റെ സമൂഹം അറിഞ്ഞിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെ പോലീസ് പിടിച്ചു എന്ന വിവരം കേട്ട് പോലീസ് സ്റ്റേഷനില്‍ പോയിവന്ന ആ അമ്മ അത് സഹിക്കാന്‍ കഴിയാതെ ആത്മഹത്ത്യ ചെയ്തത് മുതലാണ്‌ രാജു പൂര്‍ണ്ണമായും സമൂഹത്തിലേക്കിറങ്ങിയത്. അധ്യാപകരുടെയും സഹാപാടികളുടെയും പെരുമാറ്റം, സമൂഹം അവനു നല്‍കിവന്ന പരികണന... എല്ലാം അവനെ കേരളമറിയുന്ന ഒരു കുറ്റവാളിയാകാന്‍ പ്രേരിപിച്ചു.
                                ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനവുമായി വളരെ ചെറുപ്പം മുതലേ മുഖാ മുഖം  നേരിട്ടത് കാരണം പല നിയമ വകുപ്പുകളും കുതന്ത്രങ്ങളും രാജുവിന് നന്നായി  അറിയാമായിരുന്നു.പില്‍കാലത്ത് മറ്റു അഭിഭാഷകരുടെ ഒന്നും  സഹായമില്ലാതെ തന്നെ  രാജു തനിയെ തന്റെ കേസ്സ് വാദിക്കുന്നതും, സാക്ഷികളെ വിസ്തരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. രാജുവിന്റെ സാഹസികമായ ജീവിതത്തിനിടക്ക് അവന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന ഒരു ജുഡീഷ്യല്‍ ഓഫീസര്‍, അവന്‍   മൈനറായിരുന്ന സമയത്ത്  കളവു കേസ്സിന്നു പോലീസ്  ചാര്‍ജ്ജു ചെയ്ത് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍,  പോലീസിന്റെ കേസ്സ് നിയമപരമായി നിലനില്കുന്നതല്ല എന്ന് പറഞ്ഞ് അവനെ വെറുതെ  വിടുകയും, മജിസ്ട്രേറ്റിന്റെ ചൈംബറില്‍ വെച്ച് ഉപദേശിക്കുകയും ചെയ്ത  ജുഡീഷ്യല്‍ ഓഫീസറെയാണ്.... പില്‍കാലത്ത് ഒരു കൊലപാതക കേസ്സില്‍ പ്രതിയായി രാജു ഇപ്പോള്‍ ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിച്ചു വരുന്നു.... രാജുവിന്റെ കേസ് ഇത്രെയും പറഞ്ഞ് അവസാനിപ്പിക്കട്ടെ... 
                                ഇങ്ങനെ എത്രയോ രാജുമാര്‍ നമ്മുടെ  സമൂഹത്തില്‍ വളരുന്നുണ്ട്‌. അവരെയൊക്കെ ഏഴാം വയസ്സില്‍ തന്നെ ക്രിമിനല്‍  റെസ്പോണ്‍സിബിലിറ്റിയുടെ  ഭാരം തലയില്‍ കെട്ടിവെച്ച്‌ അറിയപ്പെടുന്ന ക്രിമിനലുകളാക്കാനാണോ നമ്മുടെ പരിപാടി.
                               ഓരോ കുഞ്ഞും ജനിക്കുന്നതും,  വളരുന്നതും വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നാണെന്ന് ഓര്‍ക്കണം. ആരും ഒരു ക്രിമിനലായി  ജനിക്കുന്നില്ല . ഇന്ത്യന്‍ മണ്ണില്‍ ജഡീഷ്യറിയും, ലെജിസ്ലേച്റും, എക്സികൂട്ടീവും, നാലാമാതെന്നു പറയുന്ന  മീഡിയാസും എല്ലാം  കുറ്റമറ്റ രീതിയിലാണോ  പ്രവര്‍ത്തിക്കുന്നത് എന്ന് ആത്മാര്‍ത്ഥമായി ഒന്ന് ആലോചിക്കുക. എന്നിട്ടുമതി  വളര്‍ന്നു വരുന്ന കുരുന്നുകളെ ക്രിമിനലുകളാക്കല്‍. സിവിലൈസ്ഡ് സൊസൈറ്റിയാണ് നമ്മളെന്നും, ഐ ടി മേഖലയിലും, മറ്റു സാമ്പത്തിക മേഖലകളിലുമെല്ലാം നമ്മള്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്ന് കൊട്ടിഘോഷിച്ചാല്‍പോര... പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവം കൂടി കാണിക്കണം. ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ കുറ്റ കൃത്യങ്ങളിലെ ഉത്തരവാദിത്തത്തിന്റെ പ്രായ പരിധി ഏഴു വയസ്സില്‍ നിന്ന് ഉയര്‍ത്തേണ്ട സമയം എന്നോ അധിക്രമിച്ചിരിക്കുന്നു.