Wednesday 11 November 2009

നിലമ്പൂരിന്റെ ബ്രിട്ടീഷ്‌ വേരുകള്‍ (British roots of Nilambur)



                                                  
                      ഈ ഒരു ശവകുടീരം നമ്മളില്‍ പലരും ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരിക്കാം. മലപ്പുറം ജില്ലയില്‍പെട്ട  നിലമ്പൂര്‍ വനത്തിനുള്ളില്‍  നെടുംങ്കയം എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന മിസ്റ്റര്‍: ഇ.എസ്. ഡോസന്‍  എന്ന ബ്രിടിഷുകാരന്റെതാണ്  എഴുപതു വര്‍ഷം പഴക്കമുള്ള ഈ  ശവകുടീരം .

അദ്ദേഹം ബ്രിടീഷ്‌ ഭരണകാലത്ത് ഇന്ത്യന്‍ ഫോറസ്റ്റ് എഞ്ചിനീയറിംഗ് സര്‍വീസില്‍ സിവില്‍ എഞ്ചിനീയറായി 1922 മുതല്‍   ഇന്ത്യയുടെ പലഭാഗങ്ങളിലായി  ജോലി ചെയ്തിരുന്നു.   1938 ല്‍ അദ്ദേഹം  നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ ആയിരിക്കെ   ഒക്ടോബര്‍  9 ആം തിയതി  ഒരു പേമാരി ചൊരിയുന്ന സമയത്ത് അദ്ദേഹം നെടുംങ്കയം പുഴയില്‍ നീന്തി കുളിച്ചു കൊണ്ടിരിക്കുമ്പോള്‍  ഒരു അപകടത്തില്‍ പെടുകയും അവിടെ വെച്ച് അദ്ദേഹവും കൂടെ  അദ്ദേഹത്തിന്റെ വളര്‍ത്തു നായയും   മരിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സര്‍വീസ്സിനിടെ രൂപകല്പന ചെയ്ത ആ വനംപ്രദേശവും, അവിടേക്ക് വെട്ടി തെളിച്ച ഗതാകത സംവിധാനവും , അതുപോലെ അദ്ദേഹം തന്ടെ എഞ്ചിനീയര്‍ ബുദ്ധിയില്‍ രൂപകല്പന ചെയ്ത ഗര്‍ഡര്‍ എന്ന പേരുള്ള  പാലവും എല്ലാം അദ്ദേഹത്തിന്‌ വളരെ  പ്രിയപെട്ടവയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം    അദ്ദേഹം രൂപകല്പന ചെയ്തു നിര്‍മ്മിച്ച ആ പാലത്തിനോട്‌ സമീപം അദ്ദേഹത്തെ  സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഇന്നും ആ ശവകുടീരം നമ്മുടെ വനംവകുപ്പും ടൂറിസം വകുപ്പും അവിടെ  കാത്തു സൂക്ഷിച്ചു വരുന്നുണ്ട്.

നിലമ്പൂര്‍ ടൌണില്‍ നിന്നും സുമാര്‍ പതിനെട്ടു കിലോമീറ്റര്‍ അകലെയാണ് നെടുംങ്കയം
.മഴക്കാട്കൊണ്ട് സംഭന്നമായ (Rich of rain forest)  നെടുംങ്കയം  ഫോറസ്റ്റ് പണ്ട്തൊട്ടേ ലോക പ്രശസ്തമാണ്. നിലമ്പൂര്‍  വനം വകുപ്പിന്റെ അനുവാതത്തോടെ നെടുംങ്കയം ചെക്ക് പോസ്റ്റില്‍ നിന്ന് ഏതാനും മൈലുകള്‍ കാടിനകത്ത് പോയാല്‍ നമുക്ക് അദ്ദേഹത്തിന്റെ ശവകുടീരവും  ആ പാലവും കാണാവുന്നതാണ്. ആ പാലത്തിന്റെ ഇപ്പുറത്തായി  ഉയര്‍ന്ന ഒരു സ്ഥലത്തായി  നെടുംങ്കയം  പുഴയിലേക്ക് അഭിമുഖമായി നില്‍ക്കുന്ന, വളരെ ഭംഗിയുള്ളതും, ബ്രിട്ടീഷ്‌ ശൈലിയില്‍ നിര്മിച്ചതുമായ അദ്ദേഹത്തിന്റെ വീടും കാണാവുന്നതാണ്. പൂര്‍ണമായും മരം കൊണ്ട് നിര്‍മ്മിച്ചതായിരുന്നു ആ വീട്. ഇപ്പോള്‍ അത് ടൂറിസ്റ്റു ബന്ഗ്ലാവാണെന്ന് തോന്നുന്നു. അതിന്റെ  ഇപ്പോഴത്തെ അവസ്ഥയെകുറിച്ച്  എനിക്ക് കൂടുതലായി  അറിയില്ല.

                           ഡോസന്‍ രൂപകല്പന ചെയ്ത
                   ഗര്‍ഡര്‍ പാലവും, നെടുംങ്കയം പുഴയും 

  .



      
                                                               

                                                                     







   ഇവിടെ ഈ അഭിഭാഷകന്റെ ഡയറി കുറിപ്പില്‍ ഇതിനെന്തു പ്രാധാന്ന്യം എന്ന് ചിന്തിച്ചേക്കാം, അത് ഞാന്‍ പറയാം.....

            1997 ല്‍ ആണെന്ന് തോന്നുന്നു ഞാന്‍ നിലമ്പൂര്‍ പോലീസ് ട്രെയിനിംഗ് കാമ്പില്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയിരുന്ന സമയം അവരുടെ ട്രെയിനിങ്ങിന്റെ അവസാന ദിവസങ്ങളില്‍
"ജന്‍ങ്കിള്‍ ട്രെയിനിങ്ങിന്റെ" ഭാഗമായി "ബഡാഘാന" എന്നൊരു പരിപാടി നെടുംങ്കയം   കാടിനകത്ത്  വെച്ച് ഉണ്ടായിരുന്നു. അന്ന് ആ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തത് അന്നത്തെ ഡി. എഫ്‌. ഓ, ആയിരുന്ന രമണ്‍ ശ്രീ വാസ്തവ എന്നവരായിരുന്നു. പ്രോഗ്രാമിലേക്ക് ഒരു ഗെസ്റ്റ് ലെക്ചര്‍ എന്ന നിലയില്‍ എനിക്കും ക്ഷണം കിട്ടിയിരുന്നു.ഇപ്പോള്‍ സര്‍ക്കിള്‍ ഇന്സ്പെക്‌റ്ററും, എന്റെ നാട്ടു കാരനുമായ മിസ്റ്റര്‍ ഗഫൂര്‍ അന്ന് ആ ക്യാമ്പിലെ സബ് ഇന്സ്പെക്റ്റരായിരുന്നു. അദ്ദേഹവുമൊത്താണ് ഞാന്‍ വനത്തിനകത്തെ ആ ക്യാമ്പില്‍ പോയത്.  അന്നാണ് ആദ്യമായി  ഇ .എസ് .ഡോസന്‍, എന്ന ആ ബ്രിടീഷ്‌ സിവില്‍ എന്‍ജിനിയറുടെ ശവകുടീരം ഞാന്‍  കാണുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം 2007 ല്‍ ഞാന്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടില്‍ വന്നപോഴാണ് യാദൃശ്ചിക മെന്നോണം അദ്ദേഹത്തിന്റെ ജന്മസ്ഥലവും കാണാന്‍ എനിക്ക്  ഭാഗ്യം
ലഭിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്  ഞാന്‍ വെക്കേഷന് നാട്ടില്‍ വന്ന സമയം മലയാളമനോരമ ദിനപത്രത്തിന്റെ ഏതോ ഒരു ദിവസത്തെ എഡിഷനില്‍ ഇ .എസ് .ഡോസന്‍ രൂപകല്പന ചെയ്ത ആ പാലത്തിന്റെ ഇപ്പോഴത്തെ ശോചനീയ  അവസ്ഥയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ കാണാന്‍ ഇടയായത്‌. സിമന്റിന്റെ ഉപയോഗമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ശര്‍ക്കരയും, ചുണ്ണാമ്പും കൂട്ടിയുള്ള ഒരു പ്രതേകതരo  മിശ്രുതമുപയോഗിച്ചു നിര്‍മിച്ച ആ പാലത്തിന്റെ തൂണുകളില്‍ നിന്നും  കല്ലുകള്‍  അടര്‍ന്നു പോയിട്ടുണ്ടെന്നും, ഇപ്പോള്‍ ആ പാലത്തിലൂടെ ഗതാകതം നിരോധിചിട്ടുണ്ടെന്നുമാണ് അന്നത്തെ ആ റിപ്പോര്‍ട്ടില്‍ ഞാന്‍ വായിച്ചത്.  അപ്പോഴാണ്‌ സത്യം പറഞ്ഞാല്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ആഗ്രഹം തോന്നിയത്. അതിന്റെ ഭാഗമായി ഞാന്‍ വെക്കേഷന്‍ കഴിഞ്ഞു ഇംഗ്ലണ്ടില്‍
തിരിച്ചെത്തി, കൂടുതലായി  അദ്ദേഹത്തിന്റെ  പഴയ സര്‍വീസ്‌ രേഖകള്‍ ലെണ്ടനിലെ ബ്രിടീഷ്‌ ലൈബ്രറിയില്‍ നിന്നും ശേഖരിച്ചു വായിച്ചുനോക്കി. അതില്‍ ഇ .എസ്. ഡോസന്‍ എന്ന ആ  ബ്രിട്ടീഷ്‌ സിവില്‍ എഞ്ചിനീയര്‍ ജനിച്ചത്‌ 1895 നവംബര്‍ മാസ്സം 25 ആം തിയതി ഇംഗ്ലണ്ടിലെ നോര്‍ഫോള്‍ക്ക് എന്ന സ്ഥലത്താണ്.
                        ബ്രിട്ടീഷ്‌ ലൈബ്രറി യില്‍ നിന്ന് പകര്‍ത്തി എടുത്ത
                                         അദ്ദേഹത്തിന്റെ സര്‍വീസ് രേഖ
ഇവിടെ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചോ..... ഇല്ലെങ്കില്‍ നേടുംകയത്തുള്ള   ആ ശവകുടീരത്തിന്റെ   ഒരു ക്ലോസ്അപ്പ്‌ എന്‍ലാര്‍ജ്‌ ഫോടോ താഴെയുണ്ട്, അതൊന്നു ശ്രദ്ധിച്ചു നോക്കൂ



ഇതില്‍ അദ്ദേഹത്തിന്റെ ജന്മ വര്‍ഷം കൊടുത്തിരിക്കുന്നത്‌ 1897 എന്നാണു. എന്നാല്‍ അദ്ദേഹത്തിന്റെ എദാര്‍ത്ഥ ജന്മ വര്‍ഷം 1895 ആണ്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തിന്റെ സര്‍വീസ്‌ രേഖയിലെ  തെളിവുകള്‍ സഹിതം രേഖാമൂലം ഇപ്പോഴത്തെ വനം വകുപ്പ് അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇ .എസ്. ഡോസനെ കുറിച്ചുള്ള അന്ന്വേഷണത്തിനിടക്ക് വെച്ചാണ് ഞാന്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തിന്റെ തൊട്ടടുത്ത വില്ലേജുകാരനും, ലോക പ്രശസ്ത മായ " ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍"  എന്ന ജേര്‍ണലിന്റെ ചീഫ് എഡിറ്ററും, ഒരു  ശാസ്ത്രക്ജനും കൂടിയായ  മിസ്റ്റര്‍. ബ്രിയാന്‍ ഡേവിസ് എന്ന മലയാളമറിയുന്ന ബ്രിടീഷു കാരനെ കുറിച്ചറിയാന്‍ ഇടവന്നത്.അദ്ദേഹത്തിന്നു മലയാള മറിയാം എന്ന് പറഞ്ഞത് വെറുതെയല്ല, അദ്ദേഹം ജനിച്ചത്‌ നമ്മുടെ തമിഴ്‌ നാട്ടിലെ  കോയമ്പത്തൂരിലാണ്,  അദ്ദേഹത്തിന്റെ പിതാവ് മിസ്റ്റര്‍   പി.ഡബ്ലീ‌യൂ. ഡേവിസ് എന്ന  ഐ .എഫ്‌ .എസ് കാരന്‍  ബ്രിടീഷ്‌ ഭരണ കാലത്ത് മദ്ദ്രാസ് പ്രസിഡന്‍സിയിലെ ഫോറസ്റ്റ്  റെഇഞ്ചര്‍മാരുടെ കോളേജിലെ   പ്രിന്സിപാള്‍ ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്നു നിലമ്പൂര്‍ ഡി. എഫ്‌. ഓ. ആയി സ്ഥലമാറ്റം കിട്ടിയപ്പോള്‍ എല്ലാവരും കുടുംബസമേതം  നിലമ്പൂരിലേക്ക് താമസമാക്കി. ബ്രിയാന്‍ ഡേവിസ് 1945 വരെ പഠിച്ചത് നീലഗിരിയിലാണ്.
                         ബ്രിയാന്‍. എന്‍.കെ. ഡേവിസ് 


                          ബ്രിയാന്‍ ഡേവിസും ഭാര്യയും 
 ഒരു എഴുത്ത് കാരനും കൂടിയായ ബ്രിയാന്‍ ഡേവിസ് ഒരു പുസ്തകത്തിന്നു നല്‍കിയ ആമുഖത്തില്‍ ഇന്ത്യന്‍ ഫോറെസ്റ്റിനെ കുറിച്ചും, നിലംബൂരിനെ കുറിച്ചും അല്‍പം പ്രതിപാതിച്ചിട്ടുണ്ട്. ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്നെടുത്ത അതിന്റെ കോപ്പി താഴെ കൊടുക്കുന്നു.



                               
                                                            ബ്രിട്ടീഷ്‌ ലൈബ്രറി
     പി.ഡബ്ലീ‌യൂ. ഡേവിസ് (ഐ .എഫ്‌ .എസ്)  ആണ്,  ഇപ്പോള്‍  നിലമ്പൂര്‍,ഡി. എഫ്‌. ഓ. ഓഫീസിന്റെ മുകളില്‍ ഒരു കുന്നിന്‍ പ്രതേശത്തുള്ള സര്‍കീട്ട്  ഹൌസെല്ലാം നിര്‍മ്മിച്ചത്‌.
ഈ പ്രദേശം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യാളുന്നെന്നും, വളരെ വിലമതിക്കുന്ന പല പുരാ വസ്തുക്കളും മോഷണം പോകുന്നെന്നും ഞാന്‍ രണ്ടു ദിവസം മുമ്പ് മലയാള മനോരമ പത്രത്തില്‍ വായിക്കുകയുണ്ടായി.
                                             



                                                 Sarkeet House





                             
                                                                      







ഇ. എസ്. ഡോസന്റെ എഴുപത്തി ഒന്നാം  ചരമവാര്‍ഷികമായിരുന്നു ഈ കഴിഞ്ഞ ഒക്ടോബര്‍  മാസ്സം ഒന്‍പതാം തിയതി. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി അന്ന് ഈ പൊസ്റ്റു പബ്ലിഷ് ചെയ്യണമെന്നായിരുന്നു. എന്നാല്‍ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്നും പഴയ സര്‍വീസ്‌ രേഘകള്‍ ഒരു ഇന്ത്യകാരനായ എന്നിക്ക് ലഭിക്കാന്‍ അല്‍പം കാലതാമസം നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഈ വരുന്ന നവംബര്‍ 25 ആം തിയതി. കുടുംബ  ബന്ധങ്ങള്‍ക്ക് അകല്ച്ചയേറിയ യൂറോപ്പ്യന്‍ സംസ്കാരത്തില്‍  ജന്മദിനത്തിനോ, അദ്ദേഹത്തിന്റെ ഓര്‍മക്കോ വലിയ പ്രാധാന്ന്യം കല്‍പ്പിക്കുമെന്നു എനിക്ക് തോന്നുന്നില്ല.
ഏതായാലും അന്ന്വേഷണത്തിന്റെ വഴിമദ്ധ്യേ കിട്ടിയ ചെറിയ  വിവരങ്ങള്‍ നിങ്ങളോടൊത്ത് ഞാന്‍ ഇവിടെ  പങ്കുവെക്കുന്നു. കൂടുതല്‍ വിവരങ്ങളോടെ  അടുത്ത പോസ്റ്റില്‍ കാണാം.
 .