Sunday 4 July 2010

ഭാഷയും ഇന്ത്യന്‍ കോടതികളും

മാതൃ ഭാഷയും, ദേശീയ ഭാഷയും, കോടതി ഭാഷയും, എല്ലാംകൂടി രാജ്യത്ത്  വളരെയധികം പുലിവാലുകള്‍ ഉണ്ടാക്കുന്നുണ്ട്. സമകാലികത്തിലെ ഏറ്റവും ശ്രദ്ദേയമായ ഒരു ഭാഷാ പ്രശ്നമാണ് തമിഴ്നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നാട്ടില്‍ ഒരു വിഭാകം അഭിഭാഷകരുടെ നേതൃത്വത്തില്‍ കോടതികളിലെ ഭാഷ തമിഴ് ഭാഷയാക്കണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വളരെ നല്ലത്... മാതൃ ഭാഷയോട് കൂറ് പുലര്‍ത്തുക എന്നത് അംഗീകരിച്ചു കൊടുക്കാവുന്ന ഒരു ആവശ്യം തന്നെ എന്നതാണ് എന്‍റെ പക്ഷം.

ഇന്ത്യയെ പോലെ വലിയ ഒരു ജനകീയ ജനാധിപത്യ രാജ്യത്ത്... "മതം", "ജാതി" തുടങ്ങിയവ പോലെ വളരെ സങ്കീര്‍ണമായി കിടക്കുന്ന ഒന്നാണ് ഭാഷാ പ്രശ്നവും. "നാനാത്വത്തില്‍ എകത്ത്വം" എന്നത് നമ്മള്‍ ലോകത്തിന്റെ മുന്നില്‍ വളരെ അന്തസ്സായി ഉയര്‍ത്തി കാണിക്കുന്ന ഒന്നാണ്. ആ "നാനാത്വം" എന്നതില്‍ വിഭിന്നങ്ങളായ ജാതിയും, മതവും, വര്‍ഗ്ഗവും, ദേശവും, പോലെ ഭാഷയും ഉള്‍പെട്ടിരിക്കുന്നു.

എന്നാല്‍ തമിഴ് നാട്ടിലെ ഒരു വിഭാകം അഭിഭാഷകര്‍ അവരുടെ കോടതി ഭാഷ തമിഴാകണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്ന ഈ ഒരു അവസരത്തിലാണ് ഇങ്ങനെ ഒരു ലേഖനം തുടങ്ങിയത്.

ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് എന്നതില്‍ തര്‍ക്കമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ പരാതിക്കാരനായി നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു  നോക്കിയിട്ടുണ്ടോ. അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ അവിടെ കൂടിയ വക്കീലന്മാര്‍ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും എല്ലാം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകില്ല. ഇവിടെ ഞാന്‍ പറഞ്ഞ കാര്യം പിടികിട്ടിയോ.... ഇല്ലങ്കില്‍ ഇതാ എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവം പറഞ്ഞാല്‍ പിടികിട്ടും.

എന്‍റെ നാട്ടുകാരനും, തേങ്ങാ കച്ചവടകാരനുമായ പാലോളി ബാപ്പുകാക്ക. "പാലോളി" എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മിനിസ്റ്റര്‍ പാലോളിയുടെ ആരെങ്കിലുമാണോ എന്നുണ്ടാകും, അതെ ഒരു അകന്ന ബന്ധുവും  കൂടിയാണ് ബാപുകാക. ഈ ബാപുകാക്കയുടെ കളപുരയില്‍(തേങ്ങാ സൂക്ഷിക്കുന്ന സ്ഥലം) നിന്ന് തേങ്ങ മോഷണം പോയ ഒരു കേസ്സില്‍  കള്ളനെ പിടിച്ച് കോടതി നടപടികളൊക്കെ പൂര്‍ത്തിയായി. കള്ളന്‍ ഒളിപ്പിച്ചു വെച്ച തേങ്ങകള്‍ വിട്ട് കൊടുക്കാന്‍ കോടതി ഉത്തരവായി. പക്ഷെ ഒരു കുഴപ്പം ഇതേ തേങ്ങാ കൂട്ടത്തില്‍ നിന്ന് മറ്റൊരു കേസ്സിലെക്കുള്ള തേങ്ങകള്‍ കൂടി വീതം വെക്കേണ്ടതുണ്ട്. എവിടെയാണ് തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നോ, എത്രയാണ് വീതം വെക്കെണ്ടതെന്നോ...ഒന്നും ബാപുകാക്കാക് മനസ്സിലായില്ല. കാരണം മജിസ്ട്രേറ്റിന്റെ "വിധി" സായിപ്പിന്റെ ഭാഷയിലായിരുന്നു. തന്‍റെ കേസ്സിനെ കുറിച്ച് മജിസ്റെട്ട് ഏമാന്‍ എന്താണ് പറഞ്ഞത് എന്നറിയാനായി  ഇതൊന്നു വിവര്‍ത്തനം ചെയ്തു കിട്ടാതെ ബാപുകാക്കക്ക് ഉറക്കമില്ല.
അങ്ങനെയാണ് ബാപ്പുകാക്ക എന്‍റെ അടുത്തെത്തുന്നത്....   കേസിന്‍റെ കാര്യം ഇത്രെയും പറഞ്ഞ് നിര്‍ത്തട്ടെ... ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.
ഇവിടെയാണ് ബാപുകാകയെ പോലെയുള്ള സാധാരണക്കാരുടെ അവസ്ഥ മനസ്സിലാകേണ്ടത്.ബാപുകാകയുടെ തേങ്ങയാണ് കളവു പോയത്, ബാപുകാകയുടെ കേസ്സാണ് കോടതിയില്‍ നടന്നത്. ആ നടന്നതൊക്കെ അവിടെ കൂടിയ വകീലന്മാര്‍ക്കും, സര്‍ക്കാര്‍ ഭാഗം വകീലിനും, മജിസ്ട്രേട്ട് ഏമാനും എല്ലാം മനസ്സിലായി. എന്നാല്‍ ബാപ്പുകാകാക്ക് മാത്രം മനസ്സിലായില്ല.

മജിസ്റെട്ട് ഏമാന്റെ വിധി ന്യായം മലയാളത്തില്‍ തര്‍ജമ ചെയ്തു കേട്ടപ്പോള്‍ ബാപുകാക്ക ആ കടലാസ് ചുരുട്ടിപിടിച്ച് തലയ്ക്കു കയ്യും കൊടുത്ത് പറഞ്ഞത് ഇങ്ങനെ.. ""ന്‍റെ വക്കീലേ.... തൊള്ളായിരത്തി നാപ്പത്തെയില് വെള്ളകാരനെ നാട് കടത്തീട്ട് ഇന്ജീം ഞമ്മള് ഈ ഭാഷ സഹിക്കണോ......?"" വെള്ളക്കാരന്റെ   ബൂട്ടിന്റെ ചവിട്ടേറ്റ  വേദന  ബാപ്പുകാകയുടെ നെഞ്ചില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല....!

എവിടെയെത്തി നില്‍ക്കുന്നു നമ്മുടെ  മലയാള ഭാഷ. ഗള്‍ഫു മലയാളികള്‍ മക്കളെ കൊണ്ട്
ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ പാട്പെടുന്നു. യൂറോപ്പ്യന്‍ മലയാളികളുടെ മക്കള്‍ മലയാളം മറന്നു. മക്കളെകൊണ്ട് ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ അമ്മമാര്‍....ഇതല്ലേ അവസ്ഥ....ഇവിടെ ഞാന്‍ നമ്മുടെ  HAMSA  യുടെ  ഒരു കവിത ഓര്‍ത്ത്‌ പോയി....!!!

യൂറോപ്പില്ലെത്തിയപ്പോള്‍ ഇന്ഗ്ലീ ഷ് എഴുതാനും വായിക്കാനും അറിയാത്ത ഇന്ഗ്ലീഷ് കാരനെ കണ്ടപോഴാണ് മലയാളിയുടെ സാക്ഷരതയുടെ വലിപ്പം മനസ്സിലായത്‌.

എന്തായാലും കോടതി ഭാഷകളെ കുറിച്ച് ഒരു ഒരു ലേഖനം എഴുതി കൊണ്ടിരിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി BILATHI PATTANAM  മുരളി ചേട്ടന്റെ വിളി. മലയാള കരയില്‍ നിന്ന് ഒറ്റയാള്‍ പാട്ടാളമായി ആക്ഷേപ ഹാസ്യ കലാരൂപവുമായി ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട്, ശ്രീ. ജയരാജ് വാര്യര്‍,  ഇതാ വെള്ളക്കാരന്റെ നാട്ടില്‍ വന്നിരിക്കുന്നു. മലയാള ഭാഷയുടെ മഹിമ എക്കാലത്തും തന്‍റെ ഓരോ വേദികളിലും ഉയര്‍ത്തി കാട്ടുന്ന ആ കലാകാരനെ അദ്ദേഹത്തിന്‍റെ  ജൈത്ര യാത്രയില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട  അദ്ദേഹത്തെ അനുമോദിക്കാന്‍ ഒരവസരം.

വര്‍ഷങ്ങള്‍ക്കു മുമ്പ് കൊഴികൊടിനടുത്ത് ഒരു വേദിയില്‍ വെച്ചാണ് ശ്രീ . ജയരാജു വാര്യരെ ആദ്യമായി പരിചയപെടുന്നത്. പിന്നീട് ബൂലോകര്‍ക്ക് വേണ്ടി അദ്ദേഹത്തിന് ഉപഹാരം നല്‍കാന്‍ കിട്ടിയ ഈ അവസരത്തിലാണ് കാണുന്നത്.

  
മലയാളിയുടെ നാവിന്‍ തുമ്പത്തു വരുന്ന വികൃതമായ മലയാള ഭാഷയെ തന്‍റെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ആ കലാകാരന്റെകൂടെ വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ മുരളിചെട്ടനോട് നന്ദി പറയുന്നു.


മലയാള ഭാഷയെ നാവിന്തുംബിലൂടെ വികലമാക്കുന്ന വിദേശ മലയാളിയെ തന്‍റെ ആക്ഷേപ ഹാസ്സ്യത്തിലൂടെ നിറുത്തി പൊരിച്ച ആ കലാകാരന്റെ പ്രകടനം എന്‍റെ മനസ്സിന് ഒരുപാടൊരുപാട് കുളിര്‍മ്മയേകി.."ഭാഷയും ഇന്ത്യന്‍ കോടതികളും" എന്ന ലേഖനം തല്കാലത്തേക്ക് മാറ്റി വെച്ച് ആ വലിയ കലാകാരന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ......