സമ്മര്‍ തുടങ്ങി കഴിഞ്ഞു. അതിന്റെ ഏറ്റവും പീക്ക് ടൈം ആണ് ഇപ്പോള്‍. വെള്ളക്കാരന് തന്റെ വേഷ വിധാനത്തില്‍ നമ്മുടെ രാഷ്ട്ര പിതാവിനെ അനുകരിക്കുന്ന സമയമായി. അവന്റെ വിനോദ സമയമാണിപോള്‍ . സൂര്യ ഭഗവാന് പോയി മറയണ മെങ്കില്‍ മിനിമം പത്തുമണിയെങ്കിലും ആവണം...! . ഹോ.. അതെന്താ അങ്ങനെ...? ആ... അത് അങ്ങനെയാണ്. ഇവിടുത്തുകാരുടെ ഇടയില്‍ രഹസ്യമായ ഒരു ചൊല്ലുണ്ട്. ഇവിടെ മൂന്നു" W "വിനെ എപ്പോഴും വിശ്വസിക്കാന്‍ പറ്റില്ലത്രേ.... ആ മൂന്നു W ഏതാണെന്നല്ലേ.....WORK, WOMEN, WEATHER . മൂന്നും എപ്പോഴാണ് മാറുന്നത് എന്ന് പറയാന്‍ പറ്റില്ലത്രേ...!! എന്തായാലും അക്കാര്യം നമുക്ക് വിട്ടുകളയാം. വെള്ളക്കാരനായി അവന്റെ പാടായി....
ജോലി കഴിഞ്ഞു വീടിലേക്ക് പോകും വഴിയാണ് ഗള്‍ഫില്‍ നിന്ന് സകീറിന്റെ ഫോണ്‍ വന്നത്. ഞാന്‍ യൂറോപ്പിലെത്തിയതിന്നു ശേഷം ആദ്യമായാണ് അവന് വിളിക്കുന്നത് . പിന്നെ അല്പം വീട്ടുകാര്യങ്ങളും, നാടുകാര്യങ്ങളും , കൂട്ടത്തില്‍ ഞങ്ങളുടെ പഴയ കോളേജ് വിശേഷങ്ങളും. വീട്ടിലെയും നാട്ടിലെയും ഗള്‍ഫിലെയും വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി ഫോണിലെ മിനുട്സ് പോയതറിഞ്ഞില്ലെന്നു സക്കീര്‍ പറഞ്ഞു.! ഫോണ്‍ വെക്കുന്നതിനു മുമ്പ് ഞാന്‍ തമാശയായി അവനോടു ചോദിച്ചു..." എടാ നീ ഇപ്പോഴും ആ കൂളിംഗ് ഗ്ലാസ് വെക്കാറുണ്ടോ..?"
പിന്നെ രണ്ടു പേരും ഒരു ചിരിയായിരുന്നു. ആ ചിരി എന്നെ കൊണ്ടെത്തിച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവത്തിലെക്കായിരുന്നു.
ഞാന്‍ അഭിഭാഷകനായി പ്രാക്ക്ടീസ് തുടങ്ങിയ കാലം, സകീര്‍ ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്നു. അതി സുന്ദരനും, സുമുഖനുമായ സക്കീര്‍, നടത്തത്തിലും ഭാവത്തിലും വേഷത്തിലും എല്ലാം അത് നിലനിര്‍ത്താന്‍ നന്നായി ശ്രദ്ധിച്ചിരുന്നു. പത്രാസ്സിന്നു ഒരു കുറവും ഒരിക്കലും അവന് വരുത്താറില്ല. അത് വിദേശ മലയാളി ആയപ്പോള്‍ തുടങ്ങിയതല്ല, അവന് കോളേജിലും അങ്ങനെതന്നെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും അവനെ കാണുമ്പോള്‍ ആദ്യം തോന്നുന്ന വികാരം "അസൂയ" യാണ്.
കാറിലേ അവന് സഞ്ചരിക്കൂ. ഗര്‍ഭ പാത്രത്തില്‍ നിന്ന് ഭൂമിയില്‍ ചാടുംബോഴേ ആ കൂളിംഗ് ഗ്ലാസ്സ് വെച്ചിട്ടാണെന്ന് തോന്നുന്നു വന്നത്. എന്തായാലും ആ ഗ്ലാസ്സ് അവന്റെ ജീവിതത്തില്‍ ചില്ലറ പൊല്ലാപൊന്നുമല്ല ഉണ്ടാകിയത്.
ഒരിക്കല്‍ അവന് അവന്റെ ഇളയ പെങ്ങളുടെ വീട്ടില്‍ പോകുന്ന സമയം അവന്റെ കാറിന്നു വഴിയില്‍ നില്ക്കുന്ന പോലീസ് ഏമാന് കൈ കാണിച്ചുവത്രേ. നിര്‍ഭാഗ്യം അത് അവന് കണ്ടതുമില്ല !. എങ്ങനെ കാണാനാ കൂളിംഗ് ഗ്ലാസ്സല്ലേ മുന്നില്‍. "ഞാഞൂലിനും വിഷമുള്ള സമയം" എന്ന് പറഞ്ഞ പോലെ, എസ്. ഐ അവര്‍കള്‍ ലീവിലായതിനാല്‍ എ എസ് ഐ ഏമാനായിരുന്നു ചാര്‍ജ്. അങ്ങോര് വിട്ടു കൊടുത്തില്ല അവന്റെ പുറകെ പോലീസ്സ് ജീപ്പും വിട്ടു. അസാധാരണമായി ഒരു പോലീസ് ജീപ് പുറകെ വരുന്നത്കണ്ടു പന്തിയല്ലെന്ന് കണ്ട സകീര്‍ അവന്റെ കാറ് സൈടാക്കി.
പിന്നെ പറയണോ പുകില്.... എന്താടാ കൈ കാണിച്ചാല്‍ നിര്‍ത്താന്‍ വയ്യേ...~#@'/?/{[=@'''~##@: . നീ ആരെടാ മമ്മൂട്ടിയോ... ഊരാടാ കൂളിംഗ് ഗ്ലാസ്. എടുക്കടാ ബുക്കും പേപറും......" കണ്ടം പൂച്ചയുടെ മുന്നില്‍ പെട്ട കുഞ്ഞെലിയെ" പോലെ സകീര്‍ നിന്ന് വിറക്കാന്‍ തുടങ്ങി. ഗ്ലാസ്സ് ഊരേണ്ടി വന്നില്ല അത് വിറച്ചു താഴെ ചാടി. ചുവന്നു തുടുത്തിരുന്ന സക്കീര്‍ വിളറി വെളുത്തു പോയി. " സാറ് കൈ കാണിച്ചത് ഞാന്‍ കണ്ടില്ലായിരുന്നു ,ഇദാ സാര്‍ എന്റെ വണ്ടിയുടെ ബുക്കും പെപറും" ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു വിറച്ച കൈകളോടെ സക്കീര്‍ ബുക്കും പേപ്പറും എ എസ്സ് ഐ ഏമാന് നീട്ടി.
പേപ്പറുകള്‍ ഒന്നും കുഴപ്പമില്ല, എല്ലാം കിറ് കൃത്യം. ഏമാന്റെ കലി അപ്പോഴും തീര്‍ന്നിട്ടില്ല. എന്തങ്ങിലും കാര്യമായി അവനിട്ട് കൊടുക്കണം. ഐ പി സി 279 ആം വകുപ്പ് തന്നെ കിടക്കട്ടെ. വിടെടാ വണ്ടി സ്റെഷനിലേക്ക്. അവിടെ എത്തിയിട്ട് തീരുമാനിക്കാം
പോലീസ് സ്റെഷനിലെത്തി ഇന്ത്യന്‍ ശിക്ഷാ നിയമം 279 ആം വകുപ്പ് പ്രകാരം അവന്റെ മേല്‍ കേസ്സ് ചാര്‍ജ് ചൈതപോഴാണ് എ എസ്സ് ഐ ക്ക് കലിയൊന്നു അടങ്ങിയത്. "നിനക്കെതിരെ ഒരു പെറ്റി കേസ്സ് എടുത്തിന്ട്ടുണ്ട്. ഇനി കോടതിയില്‍ നിന്ന് സമന്‍സ് വരും. അവിടെ ഫൈന്‍ അടച്ചാല്‍ മതി". ഹോ... എന്തൊരു ആശ്വാസം., മലപോലെ വന്നത് മഞ്ഞു പോലെ പോയി.... പിന്നെ ഒരു മിനിറ്റ് വൈകിയില്ല. ഓടി രക്ഷ പെട്ടു.
ഈ സമയത്തിനിടെ കൂടെ യുണ്ടായിരുന്ന ഒരു പോലീസുകാരന് നൂറു രൂപ ചെത്താനും മറന്നില്ല. നൂറു രൂപ കൊടുത്തപ്പോള്‍... "ഇനി അച്ചാറ് വാങ്ങാന്‍ നിന്റെ മറ്റവന് തരുമോ".... എന്ന പിറു പിറുക്കലായിരുന്നു ആ പോലീസു കാരനില്‍ നിന്ന് കേട്ടത്.
ദിവസങ്ങള്‍ കഴിഞ്ഞു. സകീര്‍ തന്റെ തിരക്കിനിടക്ക് കേസ്സിന്റെ കാര്യം പാടെ മറന്നു. ഇനി അവനായിട്ട് പറഞ്ഞു ആ കാര്യം നാലാള് അറിയേണ്ടെന്നും കരുതി. പത്തിരുപതു ദിവസം കൊണ്ട് അവന്റെ ലീവ് കഴിഞ്ഞു അവന് ഗള്‍ഫിലേക്ക് തിരിച്ചു പോയി. എന്തായാലും അതൊരു പെറ്റി കേസല്ലേ എന്നും കരുതി.!
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 279വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത കേസ്സുകള്‍ അന്ന് ഒരു പെറ്റി കേസിന്റെ ലാഘവതോടെ യല്ലായിരുന്നു ബഹുമാനപെട്ട കോടതികള്‍ അന്ന് കണ്ടുവന്നിരുന്നത്.
ആ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചെറിയ വകുപ്പുകളുടെ കൂട്ടത്തില്‍ ഒന്നാണ്. മാത്ര വുമല്ല പോലീസുകാര്‍ക്ക് വലിയ തെളിവിന്റെ ഒന്നും പിന്ബല മില്ലാതെ ആരുടെ മേലും ചുമത്താവുന്ന ഒരു വകുപാണ് താനും.
279 ആം വകുപ്പ് വായിക്കുന്നത് ഇങ്ങനെ യാണ്. .........
"Whoever drives any vehicle, or rides, on any public way in a manner so rash or negligent as to endanger human life, or to be likely to cause hurt or injury to any other person, shall be punished with imprisonment of either description for a term which may extend to six months, or with fine which may extend to one thousand rupees, or with both."
{"ഒരാള്‍ ഏതെങ്കിലും ഒരു വാഹനം പൊതു വഴിയിലൂടെ മനുഷ്യ ജീവന് അപായ മുണ്ടാകുന്ന രൂപത്തില്‍ അതിവേകതയിലും, അശ്രദ്ധമായും ഓടിച്ചാല്‍ അവനു ആറ്മാസം വരെയുള്ള തടവ്ശിക്ഷയോ, അലെങ്കില്‍ ആയിരം രൂപ പിഴയോ., അല്ലെങ്കില്‍ അവ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്നതാണ്. "}
ഇവിടെ നമ്മുടെ സക്കീറിന്റെ മേല്‍ ഇത്തരം ഒരു കേസ്സ് ചാര്‍ജ് ചെയ്യാന്‍ പോലീസ് ഏമാന് ഒരു കൂളിംഗ് ഗ്ലാസ്സിന്റെ തെളിവ് കിട്ടിയാലും മതി.
സംഗതി എന്തായാലും കുലുമാലായി എന്ന് പറഞ്ഞാല്‍ പോരെ!.കോടതി നടപടികള്‍ അതിന്റെ മുറയ്ക്ക് നടന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം കേരള പോലീസ് ഒരാള്കെതിരെ ഒരു കേസ്സ് ഫയല്‍ ചെയ്തതല്ലേ... മജിസ്ട്രേറ്റിനും വെറുതെ യിരിക്കാന്‍ പറ്റില്ലല്ലോ. നാട്ടില്‍ നീതിയും നിയമവും ഉണ്ടെന്നു കാണിക്കേണ്ടേ....! ജാമ്യ മില്ലാ വാറണ്ട്, പിടികിട്ടാ പുള്ളി....! അങ്ങനെ പോകുന്നു കോടതി പ്രോസീജ്യറുകള്‍.
സക്കീര്‍ ഗള്‍ഫില്‍ നിന്ന് പിന്നീട് വന്നത് ഒന്നര വര്‍ഷത്തിനു ശേഷമാണ്. ദൃതി പിടിച്ചു പോന്നിട്ടും വലിയ കാര്യമൊന്നുമില്ല. കാരണം പെണ്ണും പിടക്കോഴിയും ഒന്നുമില്ല നാട്ടില്‍ അവനെ കാത്തിരിക്കാന്‍. പിന്നെ അല്പ സ്വല്പം അങ്ങിങായി ഉള്ള ലൈനുകളാണ്......! എന്തായാലും ഈ പ്രാവശ്യത്തെ വരവില്‍ ഒരു കല്ല്യാണ മൊക്കെ കഴിക്കാനുള്ള സെറ്റപ്പിലാണ് അവന് വന്നത്.
നാട്ടില്‍ വന്നിറങ്ങി ഒരാഴ്ച തികഞ്ഞില്ല, വാറണ്ട് നടത്തുന്ന പോലീസുകാരന് അവന് വന്ന വിവരം എങ്ങനെയോ മണതറിഞ്ഞു. ഒരു ദിവസം സക്കീര്‍ കാര്യമായി എങ്ങോട്ടോ ഇറങ്ങി തിരിച്ചതായിരുന്നു, നേരെ ചെന്ന്പെട്ടത് ആ മുരടന്‍ പോലീസ് കാരന്റെ മുന്നിലും. പിന്നെ ഒട്ടും താമസിച്ചില്ല. അറസ്റ്റും, കോടതി മുമ്പാകെ ഹാജരാക്കലും എല്ലാം വളരെ പെട്ടന്നായിരുന്നു.
അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാകിയപ്പോഴും നമ്മുടെ പാവം സക്കീര്‍ തന്റെ കൂളിംഗ് ഗ്ലാസ്സ് വെക്കാന്‍ മറന്നില്ല. തൊലി വെളുത്ത നിറവും, ഫോറീന്‍ കാരന്റെ മണവും, പത്രാസ്സോടെ ആ കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള നിര്‍ത്തവും... എല്ലാം ഒന്നിനൊന്നു മെച്ചം. മജിസ്ട്രേറ്റും തന്നെ വിചാരിച്ചു കാണും, ശെടാ..!! ഇവനെന്താ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് വന്ന ഒരു പ്രതിയാണെന്നുള്ള ഒരു ബോധവുമില്ലെ....!
കേസ്സ് വിളിച്ചു. കൂട്ടില്‍ കേറി നില്ക്കാന് പോലീസുകാരന് പറഞ്ഞതനുസരിച്ച് കേറി നിന്നു. പിന്നെ മജിസ്ട്രേറ്റിന്റെ ചോദ്യം "ഈ കുറ്റ പത്രത്തില്‍ പറഞ്ഞ പ്രകാര മുള്ള കുറ്റം താങ്കള്‍ ചെയ്തിട്ടുണ്ടോ..?" കോടതിയില്‍ ഹാജരാകുന്നതിനു മുമ്പുതന്നെ പോലീസുകാരന് പറഞ്ഞു തന്നിരുന്നു- ഇത് വെറും ഒരു പെറ്റി കേസ്സാണെന്നും, ആയിരം രൂപ പിഴയടക്കേണ്ട കേസ്സ് മാത്ര മാണെന്നു മൊക്കെ. പോലീസുകാരന്റെ നിര്‍ദേശ മനുസരിച്ച് സക്കീറും പറഞ്ഞു "കുറ്റം ചെയ്തിട്ടുണ്ട്." മജിസ്റെട്ടിന്റെ നിയമം നടപ്പിലാക്കാനുള്ള അപോഴത്തെ അത്യാര്‍തിയോ, അതോ വീട്ടില്‍ ഭാര്യയുമായുള്ള കശപിശയോ.. ഇനി അതുമല്ലെങ്കില്‍ സക്കീറിന്റെ ഭാഗ്യ ദോഷമോ.... എന്തായാലും വകുപ്പില്‍ പറയുന്ന സിക്ഷക്കൊന്നും ബഹുമാനപെട്ട കോടതി വലിയ ഇളവ് വരുത്തിയില്ല. ആയിരം രൂപ പിഴയും, 15 ദിവസം തടവും. പിഴയടച്ചു ജാമ്യ മെടുത്താല്‍ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീല്‍ ബോധിപ്പിക്കാന്‍ സമയവും നല്കി.
"നോക്കണേ... നിയമ പാലകരുടെ മുന്നിലൂടെ കൂളിംഗ് ഗ്ലാസ്സും വെച്ച് നടന്നാലുള്ള വിന."
ക്ലാര്‍ക് ബാബുവാണ് എന്നെ ഈ വിവരം ഫോണ്‍ ചെയ്തു പറയുന്നത്. "വകീലിന്റെ ഒരു പഴയ കൂട്ട്കാരനെ കോടതി 15 ദിവസത്തേക്ക് ശിക്ഷിച്ചിരിക്കുന്നു". ഞാന്‍ വളരെ പെട്ടന്ന് ഓടിയെത്തി. കാര്യങ്ങള്‍ ആകെ കുഴഞ്ഞു കിടക്കുന്നു. നേരെ വന്നു കണ്ടത് അറസ്റ്റു ചെയ്ത പോലിസ്സുകാരനെയാണ്. അന്ന് മുതല്‍ അവന് രണ്ടു ദിവസം ഭക്ഷണം കഴിച്ചു കാണില്ല. കാരണം ലോ കോളേജിലെ ആ പഴയ ഉരുട്ടി കൂട്ടി വിഴുങ്ങിയ തെറികളെല്ലാം അവന്റെ മുന്നില്‍ അന്ന് ശര്ധിച്ചു.
അഞ്ചു മണിക്ക് കോടതി പിരിയുന്നതിനു മുമ്പ് രണ്ടു ജാമ്യക്കാരെ ഉണ്ടാകണം അതും അവര്‍ സ്ഥലത്തിന്റെ കരമടച്ച രസീതി സഹിതം. ഒട്ടും വൈകിച്ചില്ല കണ്ണംകുളം കോളനിയിലേക്ക് ആളെ വിട്ടു. അവിടെ ചന്തുവും ഗോപാലനും ഉണ്ടാകും. ഒരു ഫുള്ളും ചിക്കന്‍ ബിരിയാണിയും ഓഫര്‍. അവര്‍ റെഡി. സക്കീര്‍ ജാമ്യത്തിലിറങ്ങി. ആ മാസ്സം 23 ആം തിയതി അവന്റെ കല്ല്യാണവും കഴിഞ്ഞു നവവധുവുമായി അവന് ഗള്‍ഫിലേക്ക് പറന്നു.
ആ 279 ആം വകുപ്പിന്റെ മേലുള്ള അപീല്‍ വാദിച്ചത് ഒരു വര്‍ഷത്തിനു ശേഷമാണ്. ശിക്ഷ റദ്ദു ചെയ്തു കൊണ്ടുള്ള മേല്‍ കോടതിയുടെ വിധി ന്യായത്തില്‍ സര്‍ക്കാരിന്റെ മിഷിനറി കളുടെ സമയ നഷ്ടവും, മെനക്കെടും നന്നായി പ്രതിപാതിച്ചിരുന്നു. കൂടത്തില്‍ കീഴ് കോടതിയുടെ നടപടിയില്‍ അതൃപ്തിയും രേഖ പെടുത്തിയിരുന്നു.
279 ആം വകുപ്പ് ഇപ്പോള്‍ പെറ്റി കേസ്സിന്റെ ലാഘവത്തോടെയാണ് കോടതികള്‍ കണ്ടു വരുന്നത്. പ്രതികള്‍ കോടതി മുമ്പാകെ ഹാജരാവേണ്ടതില്ല വക്കീല്‍ മുഖാന്തിരം പിഴ ഒടുക്കാവുന്നതാണ്......
Tuesday, 9 June 2009
Subscribe to:
Posts (Atom)