മരുമകനെ തേടിയുള്ള ആ വയസ്സായ ഉമ്മയുടെ വരവ് തുടങ്ങിയിട്ട് മാസം
മൂന്നു കഴിഞ്ഞു. ഉമ്മായുടെ മകളുടെ മുഖ ഭാവം കണ്ടാലറിയാം അവളുടെ കെട്ടിയവന്‍ ഇനി വരില്ലെന്നുള്ളത്......!! കെട്ടിയവനെ തിരഞ്ഞു പോകാനും കഴിയില്ല. കാരണം കര്ണ്ണാടകയിലൊ , മയ്‌സൂരിലോ എവിടെയോ ആണ്. തിരഞ്ഞു കണ്ടു പിടിക്കാനുള്ള പണച്ചിലവും താങ്ങാന്‍ കഴിയില്ല.., ഹാ... എല്ലാം അവളുടെ വിധി....!! ആ "ദീര്‍ഘശ്വാസം" ഉമ്മായുടെ മകളുടെ കേസ്സുള്ള ദിവസങ്ങളില്‍ എന്‍റെ ഓഫീസിന്‍റെ വരാന്തയില്‍ നിന്ന് കേള്‍ക്കാം.
ഈ ഉമ്മ ഏതാണെന്നല്ലേ....?
പറയാം., ഇതാണ് ഹവ്വാ ഉമ്മ.!
ഞാന്‍ അരീകോട് എ. ആര്‍. കാമ്പില്‍ ക്ലാസ്സെടുക്കുന്ന കാലം അവിടെ കാമ്പിന്‍റെ കിച്ചണില്‍ ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന വഴിക്കടവുകാരന്‍ ഉസ്മാനിക്കയാണ് ഈ ഉമ്മയെ ഒരു കുറിപ്പ് സഹിതം എന്‍റെ അടുത്തേക്ക് വിടുന്നത്. ഓഫീസില്‍ എന്‍റെ മേശക്കരികില്‍ നിന്ന് പൊട്ടിക്കരയുന്ന ആ ഉമ്മയുടെ കയ്യില്‍ നിന്നും ഉസ്മാനിക്കയുടെ എഴുത്ത് ഞാന്‍ വാങ്ങി വായിച്ചു.......
"പ്രിയപെട്ട വക്കീല്‍സാറിന്ന്.... ഈ എഴുത്തുമായി വരുന്ന ഹവ്വാഉമ്മ എന്‍റെ അയല്‍വാസിയാണ്. അവരുടെ മകളുടെ വിവാഹവുമായി ബന്ധപെട്ട് ഒരു പ്രശ്നമുണ്ട്. വേണ്ടത് ചെയ്തുകൊടുക്കുമല്ലോ.! സാറിന്‍റെ സ്വന്തം ഉസ്മാനിക്ക.."
നമ്മളെല്ലാം വളരെ അധികം കേള്‍വിയുള്ള മയ്സൂര്‍ കല്ല്യാണത്തിന്‍റെ ഒരു "വിക്ടിം"ആണ് ഈ ഉമ്മയും മകളും അവളുടെ ഒരു വയസ്സായ മകനും. നമ്മളൊക്കെ മുമ്പ് കേട്ടിട്ടുള്ള അറബി കല്ല്യാണം പോലെതന്നെ അതിന്‍റെ മറ്റൊരുരൂപമാണ് മയ്സൂര്‍ കല്ല്യാണം. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളുടെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും അങ്ങിങായി നടന്നു വരുന്ന ഒന്നാണ് ഈ മയ്സൂര്‍ കല്ല്യാണം. കര്‍ണാടകയില്‍ നിന്നും പുരുഷന്‍മാര്‍ ചില്ലറ കാശൊക്കെ ഒപ്പിച്ചു ഈ പ്രദേശത്തേക്ക് വരും. ചുളിവില്‍ ഒരു അയ്യായിരമോ പതിനായിരമോ സ്ത്രീധനവും കിട്ടും., കിളുന്തു പോലത്തെ പെണ്ണിനെ
കെട്ടുകയും ചെയ്യാം.! ഇവന്‍റെ ഊരും പേരും വിലാസവും എല്ലാം യഥാര്‍ത്ഥമാണോഎന്ന് ചോദിക്കാന്‍ മനസ്സില്‍ തോന്നിയാല്‍ തന്നെ പിന്നെ ഈ പാവങ്ങള്‍ ഒറ്റപ്പെടും. ചത്ത ശവത്തിന്‍റെ മേല്‍ കഴുകന്‍മ്മാര്‍ വട്ടമിട്ടു പറക്കുന്ന പോലെയാണ് ഇവിടെയുള്ള
ബ്രോക്കര്‍ സമൂഹം. പെണ്ണ് കെട്ടുന്ന മയ്സൂര്‍ കാരനാണെങ്കിലോ, അവനു ഒന്നോ രണ്ടോ വര്‍ഷം നല്ല "പുത്യാപ്ല" സല്കാരത്തോടെ ജീവിച്ചു പോകാം. അത് കഴിഞ്ഞു പിന്നെ അവനെ തിരഞ്ഞാല്‍ പൊടിപോലും കാണില്ല.
ഹവ്വാ ഉമ്മയുടെ ഭര്‍ത്താവ് മകള്‍ക്കു ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു
പോയി. പിന്നീട് ഈ ഉമ്മയുടെയും മകളുടെയും ജീവിതം കൊടും ദാരിദ്ര്യത്തിലായിരുന്നു. ആകപ്പാടെയുള്ളത് അഞ്ചുസെന്റ് ഭൂമിയും അതില്‍ മണ്ണും പുല്ലും കൊണ്ട്തീര്‍ത്ത ഒരു കൊച്ചു കുടിലും. പിന്നീട് മകളെ വളര്‍ത്തി ഇക്കോലത്തില്‍ എത്തിച്ചത് ആ ഉമ്മയുടെ മനോധൈര്യവും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്. പട്ടിണിയും ദാരിദ്ര്യവും
സഹിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തെത്തി നില്‍ക്കുമ്പോഴാണ് മകള്‍ പ്രായപൂര്‍ത്തിയായി പുര നിറഞ്ഞു നില്‍ക്കുന്നത് നാട്ടുകാരൊക്കെ ഓര്‍മ്മിപ്പിക്കാൻ തുടങ്ങിയത്. ഒരു കുപ്പി വിഷം വാങ്ങി അവള്‍ക്കു നല്‍കുന്നതിനെക്കാള്‍ നല്ലതാണല്ലോ ഒരുത്തനെപ്പിടിച്ചു അവളെ ഏല്പിക്കുന്നത് എന്നോര്‍ത്താണ് ആ ഉമ്മ കര്‍ണാടകക്കാരനെ കൊണ്ട് കെട്ടിച്ചത്.
കുടുംബ കോടതി നിയമം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നത് 1984 ആണ്. അതിനു മുമ്പ് ഇത്തരത്തിലുള്ള കുടുംബ പ്രശ്നങ്ങള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രട്ടിന്‍റെ കീഴിലായിരുന്നു വിചാരണ നടന്നിരുന്നത് . വാശിയേറിയ ക്രിമിനല്‍ കേസ്സുകള്‍ക്കിടക്ക് അരക്കാശിന്നു ഗതിയില്ലാത്ത ഇത്തരം പാവങ്ങളുടെ കേസ്സ് ആര് നോക്കാന്‍...പിന്നീട് 1986 ലാണ് മലപ്പുറം ജില്ലയില്‍ ആദ്യമായി കുടുംബ കോടതി നിലവില്‍ വന്നത്. മഞ്ചേരി കച്ചേരിപ്പടിയിലായിരുന്നു തുടക്ക സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ മലപ്പുറം കലക്റ്ററേറ്റിന്‍റെ അകത്താണ് പ്രവര്‍ത്തിക്കുന്നത്.
ഉമ്മയുടെ മകളെ മയ്സൂര്‍ കാരന്നു കല്ല്യാണം ചെയ്തത് നമ്മുടെ നാട്ടില്‍ കുടംബ കോടതിയും നിയമവും എല്ലാം നിലവില്‍ വന്ന കാലത്താണ്. മാത്രവുമല്ല ഉമ്മയുടെ സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒത്തിരി സാമുദായിക കൂട്ടായ്മകള്‍ ഉമ്മാക്ക് മുന്നിലുള്ള കാലം..... എല്ലാം കൊണ്ടും ധന്യയായ ഉമ്മാക്ക് ഇനി എന്താണ് പ്രശ്നം.!
ഉമ്മ തന്‍റെ പുന്നാര മകളെ ആ മയ്സ്സൂര്‍കാരന് കല്ല്യാണം കഴിച്ചു കൊടുത്തിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ആ നാളുകളില്‍" സ്വര്‍ഗം" എന്നത് ഉമ്മയുടെ വീടാണെന്നു പോലും ഉമ്മാക്ക് തോന്നി പോയി. പിന്നീട് അവിടുന്നങോട്ട് ഓരോ ദിനവും ഉമ്മാക്ക് വിഷമം പിടിച്ചതായിരുന്നു. കാരണം ഉമ്മയുടെ പുന്നാര മകള്‍ ഇത് വരെ ഗര്ഭിണിയായില്ല . ഉമ്മ ജീവിതത്തില്‍ ഇന്നേ വരെ ഒരു വൈദ്യനെ കണ്ടിട്ടില്ല. കാര്യപ്പെട്ട ഒരസുഖവും ഇത് വരെ ഉമ്മാക്ക് വന്നതായി ഓര്‍മയുമില്ല. ഉമ്മ തന്‍റെ മകളെ തൊട്ടടുത്തുള്ള ഒരു ഔല്യെ പാപ്പാനെ (മന്ത്രവാദി) കാണിക്കാന്‍ തീരുമാനിച്ചു. ഔല്യെ പാപ്പ ചില്ലറക്കാരനല്ല. ചുട്ട കോഴിയെ പറപ്പിച്ച ആളാണ്.( എന്താണാവോ എല്ലാ മന്ത്രവാദികളും ചുട്ടകോഴിയെ മാത്രം പറപ്പിക്കുന്നത്? എന്തു കൊണ്ടു താറാവിനെ പറപ്പിക്കുകയോ നീന്തിക്കുകയോ ചെയ്യുന്നില്ല.) എന്തായാലും അയാളെ കണ്ടതോടെ ഉമ്മാക്ക് സമാധാനമായി. കാരണം മകള്‍ക്ക് ഗര്‍ഭമുണ്ടാകാനുള്ള ചികിത്സ വളരെ നിസ്സാരം, ചിലവും നന്നേ കുറവ് . വെറും 501 രൂപ മാത്രം. ഉമ്മാന്‍റെ കയ്യില്‍ കഴിഞ്ഞ മാസം ഉമ്മാന്‍റെ ആടിനെ വിറ്റ ചില്ലറ പണമുണ്ട്.
ഇനി ചികിത്സ എന്താണെന്ന് അറിയേണ്ടേ.....
വളരെ വിചിത്രമായ ഒരു ചികിത്സാ രീതിയാണ് മുണ്ടം പടിയിലുള്ള ഔല്യെ
പാപ്പാന്‍റെത്. ചികിത്സാ രീതി ഇങ്ങനെ........
മൂന്നു വെള്ളിയാഴ്ച രാവുകളില്‍ അയാളുടെ വീട്ടില്‍ വെച്ച് അരി നിറച്ച ഒരു പാത്രത്തില്‍ കത്തി പല പ്രാവശ്യം കുത്തിയിറക്കുക. അവസാനം എപ്പോഴാണോ ഈ കത്തിയുടെ കൂടെ അരിയും പാത്രവും എല്ലാം കൂടി ഒട്ടി പിടിച്ചു മുകളിലേക്ക് പോരുന്നത് അതോടെ അവള്‍ ഗര്ഭിണിയാകും. ! വളരെ വിചിത്രം തന്നെ.! കേട്ടാല്‍ ആരുമൊന്നു അന്തിച്ചുപോകും.
(ഇനി ഈ കഥ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും.ഹവ്വാ ഉമ്മ ഓഫീസില്‍ വരുന്ന ദിവസം ഞാനും ഫ്രീ ആണെങ്ങില്‍ അല്പം നേരം ഉമ്മായുടെ പഴം കഥ കേട്ടിരിക്കും. അക്കൂട്ടത്തിലാണ് ഈ കഥയും ഉമ്മ എന്നോട് പറഞ്ഞത്).
കത്തിയുടെ കൂടെ അരിയും പാത്രവും ഒട്ടി പിടിച്ചത് ഉമ്മ നേരിട്ട് കണ്ടുവത്രെ! കേട്ടപ്പോള്‍ ആദ്യം ഞാനും ഒന്ന് ചിന്തിച്ചു. വളരെ ചെറുപ്പം തൊട്ടേ എനിക്ക് മാജിക്ക് എന്ന കലയോട് എന്തന്നില്ലാത്ത ഒരു അടുപ്പമായിരുന്നു. ഇപ്പോഴും അവസരം കിട്ടുന്ന സ്ഥലത്തൊക്കെ ഞാന്‍ ഒരു മാന്ത്രികനായി പ്രത്യക്ഷപ്പെടാറുണ്ട്. അഭിഭാഷകനായതില്‍ പിന്നെ പൊതു വേദികളില്‍ അവതരിപ്പിക്കാന്‍ അല്‍പ്പം ചമ്മലായിരുന്നു. എന്നാല്‍ ഇപ്പോല്‍ ആ ചമ്മല്‍ പോയി., ഇപ്പോള്‍ അഭിമാന മായി തോന്നുന്നു. കാരണം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഒരു പൊതു വേദിയില്‍ മാജിക് അവതരിപ്പിക്കുന്നത് വാര്‍ത്തയില്‍ കണ്ടു. പിന്നെ കേവലം ഒരു വക്കീലായ ഞാന്‍ എന്തിന്നു ചമ്മണം...!!
എന്നാലും ഉമ്മയുടെ മന്ത്രവാദി കാണിച്ച ആ വിദ്യയുടെ രഹസ്യം ഞാന്‍ കണ്ടു പിടിച്ചു. അത് ഞാന്‍ ഉമ്മാക്ക് കാണിച്ചു കൊടുത്തു ബോധ്യപെടുത്തുകയും ചെയ്തു. കാരണം നമ്മുടെ സമൂഹത്തില്‍ ഈ രൂപത്തില്‍ തട്ടിപ്പ് നടത്തി ജീവിക്കുന്ന ഒട്ടനവധി ആള്‍ദൈവങ്ങള്‍ ഉണ്ട്. ഉമ്മയെ പോലുള്ള പട്ടിണി പാവങ്ങള്‍ ഇനിയെങ്കിലും അത്തരക്കാരുടെ വലയത്തില്‍ കുടുങ്ങാതിരിക്കാന്‍ നമ്മളെ പോലുള്ളവര്‍ രംഗത്ത് വരേണ്ടതാണ്.
കത്തിയും അരിയും പാത്രവും ഉപയോഗിച്ചുള്ള ആ വിദ്യയുടെ രഹസ്യം വളരെ ലളിതം. അറിയാത്തവര്‍ ക്കു വേണ്ടി ഞാന്‍ ഇവിടെ പറയാം.

പാത്രവും,കത്തിയും..ചെറിയൊരുരൂപരേഖ.
വായ് വട്ടം നന്നേ കുറഞ്ഞ അടിഭാഗം അല്പം വീര്‍ത്തിരിക്കുന്നതു മായ ഒരു
സ്റ്റീല്‍ കൊണ്ടുള്ള പാത്രമാണ് നമുക്ക് വേണ്ടത്. അത് നിറയെ നമ്മള്‍ ചോറ്
ഉണ്ടാക്കുന്ന സാധാരണ അരി എടുക്കുക. ഇനി ആ പാത്രത്തിന്റെ വലിപ്പ മനുസരിച്ച് അറ്റം കൂര്‍ത്ത ഒരു കത്തിയെടുത്തു ഈ അരിയില്‍ പലപ്രാവശ്യം കുത്തി നോക്കൂ..! കത്തിയോടൊപ്പം അരിയും പാത്രവും എല്ലാം ഒന്നിച്ചു പൊങ്ങിപ്പോരുന്നത് കാണാം.
ഇത് മന്ത്രവാദമോ കുട്ടിച്ചാത്തന്റെ സേവയോ ഒന്നുമല്ല! ഇത് സയന്‍സാണ്. അരിയില്‍ പല പ്രാവശ്യം ലോഹം കൊണ്ട് നിര്‍മ്മിച്ച കത്തി കുത്തി യിറക്കുമ്പോള്‍ അവിടെ ഒരു കാന്തിക മേഖല രൂപപ്പെടുന്നത് ഈ ഒട്ടി പിടിക്കലിന്നു ഒരു കാരണമാകുന്നു. മറ്റൊരു കാരണം വായ് വട്ടം കുറഞ്ഞ ഈ പാത്രത്തില്‍ അരിമണികള്‍ക്കിടയിലൂടെ കത്തി താഴ്ന്നു പൊങ്ങുമ്പോള്‍ അരി മണികള്‍ തമ്മില്‍ ഒരു ഇന്‍റെര്‍ ലോക്ക് രൂപ പ്പെടുകയും അതുകാരണം കത്തിക്ക് പാത്രത്തില്‍ നിന്ന് അത്ര പെട്ടന്ന് ഊരി പോരാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇനി നിങ്ങള്‍ സ്വന്തമായി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആദ്യമായി കാണുന്നവര്‍ക്കു ഇതൊരല്‍ഭുതം തന്നെ!
എല്ലാ കേസ്സിനും ഉമ്മ രാവിലെ തന്നെ ഓഫീസില്‍ എത്തും. അന്നൊക്കെ മുപ്പതു രൂപയും ഉച്ചക്ക് നല്ലൊരു ഊണും ഞാന്‍ ഉമ്മാക്ക് കൊടുക്കും. കൊടുക്കുന്ന മുപ്പതു രൂപ ഒന്നിനുമായിട്ടല്ല. എന്നാലും അഞ്ചരക്കുള്ള വഴിക്കടവ് ബസ്സിനുള്ള വണ്ടി ക്കൂലിയെങ്ങിലുംആകുമല്ലോ..
നാട്ടില്‍ പോയി ഉടന്‍മടങ്ങി വരാം എന്ന് പറഞ്ഞു പോയ മകളുടെ ഭര്‍ത്താവ്... വര്‍ഷം ഒന്നാവാറായി, ഇതുവരെ ഒരു വിവരവു മില്ല. കോടതികള്‍ക്ക് ഉമ്മയുടെ മരുമകനെ തേടി പിടിച്ചു കൊടുക്കുന്ന പണിയില്ല. അതിന്നു നിയുക്തരായ പോലീസും ഭരണാധികാരികളും ഇവിടെയുണ്ട്. ഉമ്മയെ സഹായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഇതുവരെ വന്നില്ല. തിരഞ്ഞെടുപ്പ് ഒന്നുകൂടി ഉമ്മയുടെ മുന്നിലൂടെ കടന്നു പോകുന്നു. എഴുപതു കഴിഞ്ഞ ഉമ്മാക്ക് ഇനി എത്ര തിരഞ്ഞെടുപ്പ് കാണാനുള്ള യോഗമുണ്ട് ആവോ..!!
എന്‍റെ മേശമേല്‍ വീണ ആ ഉമ്മയുടെ ഓരോ കണ്ണുനീരും ഞാന്‍ നിസ്സാരമായി കാണുന്നില്ല. ഉമ്മ ജനിച്ച ആ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും കാവല്‍ സൂക്ഷിപ്പുകാരുടെ പിടിപ്പുകേടും.,ജനകീയ ജനാധിപത്യ വ്യവസ്ഥയിലെ കാവല്‍ ഭടന്‍മ്മാരുടെ കഴിവില്ലായ്മയും, നിരുത്തരവാദിത്തവും., ഞാന്‍ അതില്‍ കാണുന്നു.
മരുമകനെ കണ്ടാല്‍ അറസ്റ്റു ചെയ്യാനുള്ള വാറണ്ട് കയ്യില്‍ പിടിച്ചു കോണിയിറങ്ങി പോകുന്ന ഉമ്മ അന്നും തന്‍റെ മക്കനയുടെ മൂല കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു.. ഒരു നാള്‍ വെറുങ്ങലിച്ച ആ മയ്യത്തു കുളിപ്പിക്കാനും
പള്ളിക്കാട്ടിലെടുക്കാനും പൊക്കുമ്പോള്‍ കിടക്കപ്പായക്കു കീഴെ നിന്നു വീഴുന്ന ആ കടലാസു വാലാത്തന്‍ തിന്ന ഒരു വാറണ്ടാവും. വാറന്റിനെക്കാള്‍ വീറു പുലര്‍ ത്തേണ്ട സമൂഹമാണു ഈ തെറ്റു പരിഹരിക്കേണ്ടത്.......