Wednesday, 1 April 2009

സെറിബ്രല്‍ ത്രോംബോസിസ്.

രണ്ടു ദിവസം മുമ്പ് ഇന്റെര്‍നെറ്റ് യു ടൂബ് തുറന്നപ്പോഴാണ് ഒരു രാഷ്ട്രീയ നേതാവിന്‍റെ ധീര ഘോര പ്രസംഗം കേള്‍ക്കാനിട വന്നത്. കേട്ടു മുഴുവനാക്കിയപ്പോള്‍ ഇനി ഒരിക്കല്‍ കൂടി അതു കേള്‍ക്കാനിട വരരുതേ എന്ന് മനസ്സില്‍ തോന്നി കാരണം അയാളോടുള്ള എന്‍റെ രാഷ്ട്രീയ
വിയോജിപ്പല്ല, മറിച്ച് ആ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോള്‍ എന്‍റെഓര്‍മ്മ ചെന്നു നിന്നത് സുമാര്‍ ആറു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്കാണ്.


അന്ന് ഒരുച്ച സമയത്ത് കാണാതെ പോയ ഒരു ഫയലും തപ്പി ഞാന്‍ വിഷമിച്ചിരിക്കുന്ന സമയം എന്‍റെ പിതാവിന്‍റെ ഒരു പഴയ കൂട്ടുകാരന്‍ എന്റെ വക്കീലാപ്പീസില്‍ എത്തി. അയാള്‍ ഒന്നും സംസാരിക്കാതെ ഒത്തിരി സമയം ഓഫീസിന്‍റെ പുറത്തുള്ള കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം കണ്ടപ്പോള്‍ എന്തോ കാര്യമായി എന്നോട് പറയാനുണ്ടെന്ന് തോന്നി. ഞാന്‍ അയാളെ എന്‍റെ ചേമ്പറിനകത്തേക്ക് വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി.
കാര്യം കേട്ടപ്പോള്‍ , ഹോ. കാര്യം ഇത്രയേ ഒള്ളൂ !... ഇത് വളരെ നിസ്സാര മായ ഒരു കാര്യം....!., എന്നു തോന്നി. അയാളുടെ രണ്ടാം ഭാര്യയുടെ നാടായ ഇടക്കരയില്‍ കുറച്ചു ഭൂസ്വത്തിന്‍റെ രജിസ്ട്രേഷനാണു നാളെയെന്നും., അത് അയാളുടെ ആദ്യ ഭാര്യയിലെ മകന്‍റെ
പേരില്‍ എഴുതികൊടുക്കുന്ന സമയം രെജിസ്ട്രാപീസ്സില്‍ വക്കീലെന്ന നിലയില്‍ഞാനും വേണം. എന്നാണാവശ്യം. അത്രയേ ഒള്ളൂ കാര്യം.,ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു “അതിനെന്താ നിങ്ങള്‍ വണ്ടി ഏര്‍പ്പാടാക്കികൊള്ളൂ, എന്‍റെ കോടതി പരിപാടിയൊക്കെ തീര്‍ത്തു ഉച്ചക്ക് ഒരു രണ്ടു മണിക്ക് നമുക്ക് അവിടെയെത്താം“
അയാള്‍ സമാധാനത്തോടെ തിരിഞ്ഞു നടക്കുന്നതിന്നിടയില്‍ രണ്ട് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ എന്‍റെ പോക്കറ്റില്‍ തിരുകി വെച്ചു. എന്‍റെ പിതാവിന്‍റെ കൂട്ടുകാരനായതിനാല്‍ ഫീസു സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചെങ്കിലും അയാള്‍ അത് നിര്‍ബന്ധിച്ചു എന്നെകൊണ്ട് പിടിപ്പിച്ചു..................


ആ ആയിരം രൂപയ്ക്കു ഞാന്‍ പിന്നീട് അനുഭവിച്ച മാനസിക സംഘര്‍ഷം ചില്ലറയൊന്നുമല്ലായിരുന്നു.


പറ്റെ ദിവസം കോടതിയില്‍ മജിസ്ട്രേട്ട് ലീവായതിനാല്‍ എനിക്ക് നേരത്തേ ഫ്രീ ആകാന്‍ കഴിഞ്ഞു. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സമയത്ത് തന്നെ രേജിസ്ട്ട്രാപീസിന്റെ അവിടെയെത്തി.ഞങ്ങളെല്ലാം ഉച്ചയൂണു കഴിഞ്ഞു നേരെ രജിസ്ട്ട്രാര്‍ ആപീസ്സില്‍ എത്തി. അവിടെ ചെന്നപ്പോള്‍ ഞാന്‍ സമാധാനിച്ചു ഇരു കൂട്ടരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.
സംഗതി പെട്ടെന്നു തീര്‍ത്തു മടങ്ങാം. പക്ഷെ അവരെ കൂടാതെ അവിടമാകെ അനവധി ആളുകള്‍ കൂടിയിരുന്നു. അവര്‍ എല്ലാവരും അവരവരുടെ രാജിസ്ടരിനു വന്നതായിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷെ അകത്തു കടന്നപ്പോഴാണ് എന്‍റെ ആ കരുതല്‍ തെറ്റാണെന്ന്
മനസ്സിലായത്‌. അവിടെ കൂടിയിരുന്ന അത്രെയും ജനങ്ങള്‍ ഈ ഒരു രജിസ്ടരിന്റെ കാര്യത്തിനു മാത്രം വന്നതായിരുന്നു എന്ന്മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.


രജിസ്ട്രാര്‍ റോള്‍കോള്‍ വിളിച്ചു അകത്തു കടന്നപ്പോള്‍ വക്കീലെന്ന നിലയില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഫയല് മേശപ്പുറത്തുഎടുത്തു വെച്ചു നടപടിക്രമം പ്രകാരം രാജിസ്ട്രാര്‍ അടുത്ത പേര് വിളിച്ചു. അതിന്‍റെ തൊട്ടു പുറകെ എന്നോണം ആള്‍ കൂട്ടത്തില്‍ നിന്ന് തടിച്ചു ഇരുണ്ട ഒരാള്‍ ഈ ഭൂമി അങ്ങനെ അങ്ങോട്ട്‌ രജിസ്റ്റര്‍ ചെയ്യുന്നത് ഞങ്ങള്‍ക്കൊന്നു കാണണം എന്ന്‍ കയര്‍ക്കുന്നത് കേട്ടു. അതോടെ പിന്നെ അവിടെ ഒരു കൂട്ട ബഹളമായി. ദിവസങ്ങളായി ആ പ്രദേശ മാകെ നീറിപുകഞ്ഞു കൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്നത്തിലെക്കാണു
ഞാന്‍ അറിയാതെ എത്തിപെട്ടതെന്നും അന്ന് അതിന്‍റെ ക്ലൈമാക്സാണ് അവിടെ നടക്കാന്‍ പോകുന്നതെന്നും ഞാന്‍ ഏറെ വൈകി മനസ്സിലാക്കാന്‍!

ഒരാളുടെ ആദ്യ ഭാര്യയിലെയും രണ്ടാം ഭാര്യയിലെയും മക്കള്‍ തമ്മിലുള്ള അവകാശ തര്‍ക്കത്തിന്‍റെ മൂര്‍ത്തീ ഭാവ മായിരുന്നു അവിടെ നടന്നത്.


അവിടെ നിന്ന് പിന്നീടുള്ള എന്‍റെ ഓരോ നീക്കങ്ങളും തടി രക്ഷപ്പെടുത്താനുള്ള വഴി തെരഞ്ഞായിരുന്നു. രെജിസ്ട്ട്രാപീസ്സ്സിലെ ശിപായി ഇടപെട്ട് എന്നെയും രാജിസ്ട്രാരെയും ഒരു മുറിക്കകത്താക്കിയെങ്കിലും ബ്രോക്കര്‍ ശിവ‌ന്‍കുട്ടി പുറത്തായിരുന്നു. പുറത്തു നടക്കുന്ന കോലാഹലം ഞങ്ങള്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു.സുമാര്‍ ഒരു പത്തു മിനിട്ട് കഴിഞ്ഞതെ യുള്ളൂ ശിപായി ഓടി കിതച്ചു വന്നുപറഞ്ഞു.....“ബ്രോക്കര്‍ ശിവന്‍കുട്ടി പുറത്തു മരിച്ചു കിടപ്പുണ്ട്.“കേട്ടപ്പോള്‍ എനിക്ക് ഒരുമരവിപ്പായിരുന്നു.
കാരണം ഞങ്ങള്‍ ഉച്ചയൂണു കഴിക്കുന്ന സമയം എന്‍റെ അടുത്ത് വന്നു കുശലം പറഞ്ഞു പോയതായിരുന്നുഅയാള്‍ . കൂട്ടത്തില്‍ അയാള്‍ ഒന്നുകൂടി പറഞ്ഞത് ഞാന്‍ഓര്‍ക്കുന്നു.“ഒരു സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ സാറിനെ പോലെയുള്ളവരൊക്കെ വരണോ. അതിനു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ!“ഒരു ഇളം ചിരിയോടെ പത്തുമിനിട്ടു തൊട്ടു മുന്‍പെ
എന്നില്‍ നിന്ന് നടന്നകന്ന അയാളുടെ മുഖം എന്‍റെമനസ്സിലുണ്ട്.

ഞങ്ങളുടെ മുറിക്കു പുറത്തു പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി കഴിഞ്ഞു.
ജനല്‍ വാതിലില്‍ കല്ല്‌ കൊണ്ടുള്ള ഏറു പല പ്രാവശ്യം വന്നു. “വക്കീലിനെ ഇറക്കി വിടെടാ....“.എന്നുള്ള ആക്രോശവുo എങ്ങനെ രക്ഷപെടും എന്ന ചിന്തയിലായി. അവസാനം എടക്കര പോലീസ് സ്ടഷനില്‍ നിന്നും പോലീസ് എത്തി മുറിയുടെ വാതില്‍ തുറന്നു രണ്ട് പോലീസു കാരുടെ അകമ്പടിയോടെ എന്‍റെ കാറിന്‍റെ അടുത്ത് എത്തിയപ്പോള്‍ കണ്ടു,ടയര് നാലും കാറ്റൊഴിച്ചു വിട്ടിരിക്കുന്നു. പിന്നെ സ്ഥലം വിടാന്‍ ഒരു നിവൃത്തിയില്ല. കൂടെ യുള്ള പോലീസുകാര്‍ പറഞ്ഞു “വക്കീല്‍ ഞങ്ങളുടെ ജീപ്പില്‍ കേറിക്കോളൂ“.

സമര കാലഘട്ടത്തില്‍ അറസ്റ്റു വരിച്ചു മാത്രമാണ് പോലീസ് വണ്ടിയില്‍ കേറിയിട്ടുള്ളത്. വക്കീലായത്തിനു ശേഷം ഇതു ആദ്യ മായാണ് പോലീസു ജീപ്പില്‍കയറുന്നത്. പോലീസ് കാംപ്യുകളില്‍ ക്രിമിനോളൊജിക്കു ക്ലാസ്സെടുക്കാന്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയി പോയപ്പോഴും പോലീസ് വാഹനത്തില്‍ കേറാതെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.
(ആ സമയങ്ങളില്‍ ഞാന്‍ നിലംബൂര്‍ പോലീസ് സെക്കന്‍റ്
ബെറ്റാലിയന് ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്ന കാലഘട്ട മായിരുന്നു.)

ആ പോലീസു ജീപ്പില്‍ എന്നെ തൊട്ടടുത്ത പോലീസു സ്റ്റേഷനിലേക്കു മാറ്റി. പോലീസ് സ്റ്റേഷനുള്ളിലും ഞാന്‍ വേണ്ടത്ര സുരക്ഷിതനല്ലെന്നു എനിക്ക് അന്നേരം തോന്നി . കാരണം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളത് ആകെ വിരലില്‍എണ്ണാവുന്ന തുച്ഛം പോലീസുകാര്‍....!., സബ് ഇന്‍സ്പെക്ടര്‍
ആകട്ടെ ഔട്ട് ഓഫ് സ്റ്റേഷനും. ഉരുളന്‍ കല്ലുകള്‍ക്ക് നന്നായി അകത്തേക്ക് കേറാവുന്ന വിധം വിടവുള്ള ഗ്രില്ലുകളുള്ള മുറികള്‍. എങ്ങിനെയെങ്ങിലും അവിടെ നിന്ന് രക്ഷപെട്ടാല്‍ മതി എന്നായിരുന്നു എന്റെ ചിന്ത. എന്‍റെ കൂടെ വന്നവരൊന്നും ആ സമയം എന്‍റെ കൂടെയില്ലായിരുന്നു. അവരെക്കുറിച്ച് ഞാന്‍ അന്ന്വഷിച്ചതുമില്ല എന്നതാണ് സത്യം.

രക്ഷപെടാന്‍പല വഴികളും ചിന്തിച്ചു. അങ്ങനെ പെട്ടന്നാണ് അക്കാലത്ത് ഞാന്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയി ക്ലാസ്സെടുക്കുന്ന നിലമ്പൂര്‍ സെക്കന്‍റ് ബറ്റാലിയന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എന്‍റെ നാട്ടു കാരനുമായ ഗഫൂറിനെ വിളിക്കാന്‍ തോന്നിയത്. വിളിച്ചപ്പോള്‍ ആളെ കിട്ടി. പിന്നെ ഒട്ടും താമസിച്ചില്ല അവര്‍ അയച്ച ഒരു പറ്റം പോലീസുകാരുടെ അകമ്പടിയോടെ വഴിക്കടവ് പോലീസ് സ്റ്റേഷന്‍ വഴി ഊട്ടിയിലേക്ക് കേറുകയും അവിടെനിന്നു ഞാന്‍ നാടുകാണിചുരമിറങ്ങി അരീക്കോട് വഴി എന്‍റെ വീട്ടിലെത്തുകയും ചെയ്തു.ബ്രോക്കര്‍ ശിവന്കുട്ടിയുടെ മരണമുണ്ടാക്കിയ നിയമത്തിന്റെ നൂലാമാല കെട്ടടങ്ങാന്‍ ആറു മാസമെടുത്തെങ്കിലും ഈയുള്ളവന്‍ അതില്‍ നിന്നും രക്ഷപെട്ടു.

പിന്നീട് ഒരിക്കല്‍ ശിവന്‍ കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് മരണ കാരണം ഉയര്‍ന്ന രക്ത സമ്മര്‍ദം കാരണം തലച്ചോറിലെ രക്ത കുഴല്‍ പൊട്ടി രക്ത സ്രാവ മുണ്ടായതാണെനെന്നുമനസ്സിലായത്‌.അക്രമാസക്തരായ മോബിന്റെ ഇടയില്‍ പെട്ടു മരിക്കുന്നവര്‍ക്കു സെറിബ്രല്‍ ത്രോംബോസിസിന്റെ
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ജയില്‍ ശിക്ഷ ഉറപ്പാവുമ്പോള്‍ കോടതിയില്‍ തലകറങ്ങി വീഴുമ്പോള്‍ ആശുപത്രിയിലെ സുഖചികിത്സയും നല്‍കുന്നഡോക്ടര്‍മാര്‍ ബിരുദം നേടുമ്പോള്‍
ഉറക്കെപ്പറഞ്ഞ പ്രതിജ്ഞക്കു കടകവിരുദ്ധമാകുന്നില്ലേ എന്നു
സംശയിക്കുന്നവരുണ്ട്.

ഇന്നലെ ഇന്റര്‍നെറ്റില്‍ യൂ ടൂബില്‍ ആ രാഷ്ട്രീയ നേതാവ് പ്രസംഗിച്ചതും അരീക്കോട് കുഴിമണ്ണയില്‍ ഒരു അദ്ധ്യാപകന്‍ മരണപ്പെട്ട വിഷയമായിരുന്നു. അക്കാര്യം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അതെ കുറിച്ച് ഞാന്‍ ഒന്നുംപറയുന്നില്ല.

No comments: