അരക്കോടിയോളം വരുന്ന ജനങ്ങള്‍ ഇതിന്റെ സംഹാര താണ്ഡവം അനുഭവിച്ചറിഞ്ഞു. അതില്‍ ഇരുപതിനായിരം പേര് മരണമടഞ്ഞു, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേര് ഇന്നും ഇതിന്റെ ദൂര വ്യാപകമായ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
ബധിരന്മാരായും, അന്ധന്മാരായും, വികലാന്ഗരായും, ആസ്മാ രോഗികളായും, അങ്ങനെ ചത്തു ജീവിക്കുന്ന കുറെ മനുഷ്യ കോലങ്ങള്‍.....
അപകടം നടന്ന ആ കമ്പനിയുടെ പരിസരം പോലും ഇപ്പോഴും വൃത്തിയാകിയിട്ടില്ല.
ഈ അടുത്ത് നടന്ന ഒരു പരിശോധനയില്‍ സമീപ പ്രദേശത്തെ കുടിവെള്ളത്തില്‍ പോലും അളവില്‍ അധികം മെര്‍കുറി പോലെയുള്ള രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
1970 ല്‍ കീടനാശിനി നിര്‍മ്മാണ കമ്പനിയായാണ് അമേരിക്കന്‍ കമ്പനിയായ "യൂണിയന് കാര്‍ബൈഡ്" ഭോപാലില്‍ തുടങ്ങുന്നത്.
"യൂണിയന് കാര്‍ബൈഡ്" പോലത്തെ ഒരു അമേരിക്കന്‍ കമ്പനിയെ നിലയുറപ്പിക്കണ മെങ്കില്‍, അവിടെ സമീപ വാസികളില്‍ നിന്നും സമ്മത പത്രം ലഭിക്കാന്‍ എന്തല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ടാകും എന്ന് നമുക്ക് ആലോചിച്ചാല്‍ അറിയാം. അങ്ങനെ സമ്മത പത്രം നല്കിയവര് തന്നെ ആ കമ്പനിയുടെ കൈകള്‍ കൊണ്ട് മരിക്കേണ്ടി വന്ന ദാരുണ സംഭവം.
ഇന്ത്യ പോലുള്ള രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കീടങ്ങളെകാള്‍ ഏറെ കൃഷിക്കാര്‍ നേരിടുന്നത് പ്രകൃതിക്ഷോഭത്തെയാണ് എന്ന് കമ്പനി മനസ്സിലാക്കിയിരുന്നില്ല. തുടക്കം മുതലേ നഷ്ട്ടത്തില്‍ ഓടിയ കമ്പനി, പ്രതീക്ഷിച്ച ലാഭം കൊയ്യാന്‍ കഴിയാതെ വന്നപ്പോള്‍ 1980 കളോടെ കമ്പനി അടച്ച് പൂട്ടുകയാണ് ചെയ്തത്.
കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചിരുന്നെങ്കില്‍കൂടി അപകടം പിടിച്ച "മീഥേന്‍ ഐസോ സയനെറ്റ്"പോലെയുള്ള വിഷ രാസ വസ്ത്തുക്കള്‍ മൂന്നു ടാങ്കുകളിലായി അറുപതോളം ടണ്‍ വീണ്ടും അവിടെ അവശേഷിച്ചിരുന്നു.
കമ്പനി അതിന്റെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വെച്ചത് കൊണ്ട് ഇനി ഭയക്കേണ്ട യാതൊരു കാരണവുമില്ലെന്ന കമ്പനിയുടെ ഉറപ്പ്, 1984 ഡിസംബര്‍ മൂന്നാം തിയതി എണ്ണിയാലോടുങ്ങാത്ത മനുഷ്യ ജീവനുകള്‍ നിശ്ചലമായപ്പോള്‍ നമുക്ക് ബോധ്യമായി.
ഡിസംബര്‍ രണ്ടാം തിയതി രാത്രിയില്‍, തുരുംബെടുത്തു ജീര്‍ണിച്ച പൈപ്പുകളില്‍ ഫ്ലഷടിച്ചപ്പോള്‍ ആ അപകടം പിടിച്ച രാസ വസ്തു ലീക്ക് ചെയ്ത് തുടങ്ങി. രണ്ടാം തിയതിയും, മൂന്നാം തിയതിയും പിന്നീട് രംഗം അവിവരണീയമായി മാറുകയായിരുന്നു.
ഉച്ഛാസ വായു ലഭിക്കാത്തവന്റെ ജീവ-മരണ വെപ്രാളം,.. ആര്‍ക്കും ആരെയും തിരിഞ്ഞു നോക്കാനോ രക്ഷിക്കാനോ കഴിയാതെ ആ അര്‍ദ്ധ രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. എന്നാല്‍ അധികം ആര്‍ക്കും ഓടി രക്ഷപെടാനായില്ല. വിളക്കിന്റെ നാളത്തില്‍ അകപെട്ടു പോയ ഈയ്യാം പാറ്റകളെ പോലെ ഓരോരുത്തരായി, ഒന്നൊന്നിനു മേലെ ഒന്നായി മരിച്ചുവീണു.
അപകടത്തില്‍ അന്ന് അത്ഭുതകരമായി രക്ഷപെട്ട അസീസ സുല്‍ത്താനയുടെ വാക്കുകള്‍ ഇതാണ്...." രാത്രി സുമാര്‍ പന്ത്രണ്ടരയോടെ എന്റെ ചെറിയ കുട്ടി അസ്സ്വോഭാവികമായി ചുമക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആകെ പുക മൂടി കിടക്കുന്നതായാണ് ഞാന്‍ കണ്ടത്, പുറത്തു ആളുകള്‍ ഉച്ചത്തില്‍ ഓടി രക്ഷ പെടാന്‍ പറയുന്നത് കേട്ടു, ഒരു വലിയ തീ കൂട്ടത്തില്‍ അകപെട്ടത് പോലെയായിരുന്നു അവിടുന്നങ്ങോട്ടെനിക്ക്."
"ഇതിലും ഭേതം ഞാനും കൂടി മരിക്കുക യായിരുന്നു..." തന്റെ ഗര്‍ഭസ്ഥ ശിശു, തന്റെ മക്കള്‍, ഉപ്പ, ഉമ്മ, മറ്റു ബന്ധുക്കള്‍... എല്ലാവരും നഷ്ട പെട്ടു പോയ റാഷിദാബിയുടെ വാക്ക്കളാണിത്.
അപകടം നടന്ന സമയത്ത് മൃത പ്രായരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ രക്ഷ പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഏറ്റവും ഹൃദയഭേദ്ദ്യമായ സംഭവം ഇതാണ്.... ഈ ലീക്ക് ചെയ്ത രാസ വസ്തു മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു...?, അതിന്റെ ടോക്സിക് എഫക്റ്റ് എന്താണ്...? എന്ന് കമ്പനിയോട് ചോതിച്ചപ്പോള്‍, അത് പറയാന്‍ കഴിയില്ല, അത് ഞങ്ങളുടെ ട്രേഡ് സീക്രട്ടാണ് എന്ന് പറഞ്ഞതാണ്. അവര്‍ മനുഷ്യജീവനെ കാളും അവിടെ മൂല്ല്യം കല്‍പ്പിച്ചത് കമ്പനിയുടെ ട്രേഡ് സീക്രട്ടിനാണ്.
1991 ല്‍ ഭോപ്പാല്‍ സര്‍ക്കാര്‍ യൂണിയന് കാര്ബൈടിന്റെ ചെയര്‍മാനും ചീഫ് എക്സി കൂട്ടീവ് ഓഫീസറുമായ വാറന്‍ ആന്‍ട്യൂസനെതിരെ നരഹത്യക്ക് കേസ്സെടുത്തു. ഇന്ത്യയിലെ ഒരു കോടതിയില്‍ അദ്ദേഹം ഹാജരായി, വിചാരണ നേരിടുകയായിരുന്നെങ്കില്‍, പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ 1984 ഡിസംബര്‍ ഏഴാം തിയതി ബോപ്പാലില്‍ അദ്ദേഹത്തെ മദ്ദ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ജാമ്യത്തില്‍ ഇറങ്ങി, അമേരിക്കയിലേക്ക് കടന്നു കളഞ്ഞ അദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല.ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ 1992 ഫെബ്രുവരി ഒന്നാം തിയതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 2009 ജൂലായ് 31 ന് ബോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്, പ്രകാശ് മോഹന്‍ തിവാരി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതിനിടയില്‍ അപ്രത്യക്ഷനായ വാറന്‍ ആന്‍ട്യൂസന്‍, അമേരിക്കയിലെ ഹാംട്ടനില്‍ ആര്‍ഭാടമായ ജീവിതം നയിക്കുന്നതായും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ കോടതി മുമ്പാകെ കൊണ്ടു വരാന്‍ അമേരിക്കന്‍ ഗവര്‍മെന്റോ, ഇന്ത്യന്‍ ഗവര്‍മെന്റോ, യാതൊരു മുന്കയ്യും എടുത്തില്ലെന്നതാണ് സത്ത്യം.
"സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്‍" പ്രകാരം യാതൊരു തരത്തിലും വാറന്‍ ആന്‍ട്യൂസന്‍ ഇതിനുത്തരവാതിയല്ലെന്നും, അതിനാല്‍ ഇന്ത്യന്‍ കോടതിയില്‍ അയാള്‍ ഹാജരാവേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ വാദം. ഈ ബില്ല് പ്രകാരം എല്ലാ വിദേശ കമ്പനികളെയും ക്രിമിനലായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് ഈ ബില്ല് പാസാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ബില്ലുമായി നമ്മള് മുന്നോട്ടു പോകുക എന്നത് ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങളും, സുരക്ഷിതത്തവും കാറ്റില്‍ പറത്തി കളിക്കുന്നതിനു തുല്യമാണ് എന്നതില്‍ യാതൊരു സംശയവും വേണ്ട.
ദുരന്ത മുണ്ടാക്കിയ "യൂണിയന് കാര്‍ബൈഡ്" കമ്പനിക്കെതിരെയും അന്ന് കേസ്സെടുത്തിരുന്നു. ഇരുപത്താറ് വര്‍ഷത്തെ നീണ്ട നിയമ നടപടിക്കൊടുവില്‍ വിധി വന്നത് മനുഷ്യ മനസ്സിനെ മരവിപ്പിക്കുനതും, ഇന്ത്യക്കാരായ എട്ടു പ്രതികളില്‍ ജീവിച്ചിരിക്കുന്ന ഏഴു പേര്‍ക്കെതിരെ രണ്ടു വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (IPC) 304 (A), 336, 337, എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
IPC 304 (A):-
whoever causes death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extent to two years or with fine, or with both.(ആരങ്കിലും ഒരാള്‍ മനപൂര്‍വമല്ലാതെ അജാഗ്രതയോടും, അശ്രദ്ധമായും, ഒരു പ്രവര്‍ത്തി ചെയ്യുക വഴി മറ്റൊരാള്‍ മരിക്കാന്‍ ഇടവന്നാല്‍, അയാള്‍ രണ്ടു വര്‍ഷം തടവിനും, പിഴക്കും വിധേയമാകുന്നതാണ്.)
ഈ വകുപ്പ്, വാഹന മിടിച്ച് മറ്റൊരാള്‍ മരിച്ചാലും, അല്ലെങ്കില്‍ ബോപ്പാലിലെ പോലെ ആയിരങ്ങള്‍ മരിച്ചാലും ഇത് തന്നെയാണ് ചേര്‍ക്കുന്നത്. ഒരു ന്യായാധിപനെ സംബന്തിച്ച് ഈ വകുപ്പ് വെച്ച് ഒരാളെ തൂക്കി കൊല്ലാനൊന്നും പറ്റില്ല. മേല്‍ പറഞ്ഞ 336, 337 എന്നീ വകുപ്പുകള്‍ ഇതിനെകാളും വീര്യം കുറഞ്ഞവയാണ്.
അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക് രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്പര്യം മറച്ചുവെച്ചു കൊണ്ടാണ്. രാജ്യത്തെ ജനങ്ങളുടെ താല്പര്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ഏജന്‍സികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍, ഇന്ത്യയിലേക്ക് കടന്നു കയറുന്ന വമ്പന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഒരു വളംവെച്ചു കൊടുക്കലാകും എന്നത് ഓര്‍ക്കേണ്ടതുണ്ട്.
വാറന്‍ ആന്‍ട്യൂസനെതിരെ എടുത്തിട്ടുള്ള മനപ്പൂര്‍വമായ നരഹത്ത്യാ കേസ്സ് കോടതി മുമ്പാകെ തെളീച്ച്, തക്ക ശിക്ഷ നല്കാന് വേണ്ട തെളിവുകള്‍ നമ്മുടെ പക്കലുണ്ടായിരുന്നു.
ഇതില്‍ മൗസ് അമര്‍ത്തിയാല്‍ മതി
കേസിലെ പ്രൊസിക്ക്യൂഷന് ഭാഗത്ത് നിന്നുള്ള ഒരു പ്രധാന സാക്ഷിയാണ് ഷാനവാസ് ഖാന്,. അപകടത്തിനു മുമ്പ് കമ്പനിയുമായി നടത്തിയ നിയമ പരമായ രേഖകള്‍ കേസ്സിലെ സുപ്പ്രധാന തെളിവുകളായിരുന്നു. അപകടത്തിന്റെ തലേ വര്‍ഷം, അതായത് 1983 ല്‍ അദ്ദേഹം കമ്പനിയുടെ സുരക്ഷയെ കുറിച്ച് കമ്പനിക്കയച്ച പരാതിയിന്മേല് കിട്ടിയ മറുപടിയാണ് മേലെ കൊടുത്തിട്ടുള്ളത്. കമ്പനി അക്കാര്യം തീര്‍ത്തും നിഷേധിച്ചു കൊണ്ടുള്ള ഒരു മറുപടിയാണിത്. ഈ ഒരൊറ്റ ടോക്ക്യുമെന്റിന്റെ പിന്‍ബലം മാത്രം മതി വാറന്‍ ആന്‍ട്യൂസനെ നരാഹത്ത്യാ കേസ്സില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലിലടക്കാന്‍.
എന്നാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നതാണ് സത്ത്യം. മാത്രവുമല്ല "സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ലില്‍" വിദേശ കമ്പനികള്‍ ഉത്തര വാതികളല്ല എന്ന് എഴുതിയിട്ടുള്ളതുമാണ്. ഈ ഒരു അവസ്ഥയില്‍ ന്യായാധിപന്മാര്ക്ക് കുറ്റമാരോപിക്കപെട്ടവര്‍ക്കെതിരെ സമന്‍സയച്ചു വരുത്താനും, വന്നില്ലെങ്കില്‍ വാറണ്ടയക്കാനും, അതുകഴിഞ്ഞ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാനും മാത്രമേ കഴിയുകയുള്ളൂ. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യന്‍ പൌരനായിരുന്നെങ്കില്‍ വിദേശത്ത് പോയി അവനെ അറസ്റ്റു ചെയ്യാമായിരുന്നു. ഇവിടെ പ്രതി അമേരിക്കന്‍ പൗരനാണ്. അതും "വമ്പന്‍ പുലി". അയാളെ ഇന്ത്യയിലേക്ക് കൈമാറുക എന്നത് രാജ്യങ്ങള്‍ തമ്മിലുള്ള നയപരമായ കാര്യമാണെന്ന് യു. എസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ബില്ല് പ്രകാരം ഒരു വിദേശി ഉത്തരവാതിയല്ലെങ്കില്‍, നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്, ഇല്ലാത്ത ഒരു വകുപ്പിന്റെ മേല്‍ എങ്ങനെ അയാളെ ഇന്ത്യക്ക് കൈമാറും എന്നത് ഒരു വിഷയം തന്നെ...!!
ഈ മുറവിളകള്‍ വൃധാവിലായോ ..?
ഒന്ന്- സംഭവം നടന്ന് നാലാം ദിവസം, കേസ്സിലെ മുഖ്യ പ്രതിയായ വാറന്‍ ആന്‍ട്യൂസന്‍ ഇന്ത്യയില്‍നിന്ന് രക്ഷപെട്ടത് എങ്ങനെ...?
രണ്ട്-ഇന്ത്യന്‍ സര്‍ക്കാര്‍ കേസ്സിലെ നഷ്ടപരിഹാരതുക കോടതിക്ക് പുറത്തുവെച്ച് ഒത്തു തീര്‍ക്കുക വഴി, ഇന്ത്യന്‍ ജനതയെ ഒന്നാകെ അടിയറവെച്ച് വിറ്റഴിച്ചോ...?
മൂന്ന്-പ്രതികള്‍ക്കെതിരെ ചുമതേണ്ട കേസുകളുടെ വീര്യമെന്തിനു കുറച്ചു..?
ഇത്രെയും നമ്മള് ചര്‍ച്ച ചെയ്തത് ബോപാലില്‍ പ്രതികളായവരുടെ "ക്രിമിനലായ" ഉത്തരവാതിതത്തെ കുറിച്ചാണ്. ബോപാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ട പരിഹാരം ആരു നല്‍കും...?, തുക എത്ര നല്‍കും...?, ഇതിനകം ചില ഒഫീഷ്യല്‍ തലത്തിലുള്ളവരും, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരും എല്ലാം നിയമയുദ്ദം നടത്തി ചെറുതെങ്കിലും ചെറിയ രൂപത്തില്‍ നഷ്ട പരിഹാരം വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ നിയമ പരമായി ഇക്കാലം വരെ ഒരു വക്കീലിനെ പോലും കാണാന്‍ കഴിയാത്ത എത്രയെത്ര പാവങ്ങള്‍. തലമുറകളായി ഈ ദുരന്തത്തിന്റെ ബാക്കിപത്ത്രങ്ങള്‍ എത്ര.....!!
ഇവരും മനുഷ്യരുടെ മക്കളാണ്. ഇവര്‍ക്കും നമ്മളെ പോലെ ഈ ഭൂമിയില്‍ അവകാശ മുള്ളവരാണ്. ഇവിടെ ന്യാധിപന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടതുണ്ട്.
നഷ്ട പരിഹാര തുക വിധിക്കുമ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്ന് കൊടുക്കുന്ന കാശല്ല എന്ന യാദാര്‍ത്ഥ്യം മനസ്സിലാകണം. വിചാരണ നടക്കുമ്പോള്‍ അപകടം പറ്റിയവര്‍ പ്രതികളല്ല എന്നും അവര്‍ തന്റെ ഔതാര്യം പിടിച്ചു പറ്റാന്‍ വന്നവരല്ല, പ്രത്യുത അവകാശം ചോദിച്ചു വാങ്ങാന്‍ വന്നവരാണെന്നുമുള്ള ഉള്‍ബോധം വേണം ആ കസേരയിലിരിക്കുമ്പോള്‍.
ഇത് പറഞ്ഞപ്പോഴാണ് കേരളത്തിലെ വാഹന അപകട നഷ്ട പരിഹാര കോടതികളുടെ വിരോധാഭാസം മനസ്സില്‍ വന്നത്. ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ കോടതിയടക്കം കേരളത്തിലെ ഭൂരിഭാഗം കോടതികളും കെട്ടിടത്തിന്റെ നാലാം നിലയിലോ, അഞ്ചാം നിലയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലിഫ്റ്റ് സൗകര്യം പോലും ഇല്ലാതെ, അപകടം പറ്റി വികലാങ്ങരായവര്‍ അവിടെ എത്തി ഇനിയും കഷ്ടത യനുഭവിക്കട്ടെ എന്ന് കരുതികൂട്ടി ചെയ്തത് പോലെ യാണ് ഇത് .... ഇക്കാര്യം സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു എന്നേയുള്ളൂ. ക്ഷമിക്കുക.....
അപകടങ്ങളില്‍ നഷ്ടപരിഹാര തുക വിധിക്കുന്നതില്‍ സത്ത്യത്തിന്റെയും, നീതിയുടെയും , ന്യായത്തിന്റെയും കൂടെ എത്താന്‍ ന്യായാധിപന്മാര് പരിശ്ശ്രമിച്ചത് വളരയധികം വിധി ന്യായങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. അതിലൊന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്.
എണ്‍പതുകളുടെ മധ്യത്തില്‍ ആണ് ഈ കേസ്സ് ബോംബെ (ഇന്നത്തെ മുംബൈ) ഹൈകോടതിയില്‍ നടക്കുന്നത്. ബോബെയില്‍ നിന്നും ടാങ്ക് നിറയെ പെട്രോളും നിറച്ച് ഒരു ടാങ്കര്‍ ലോറി ഹുബ്ലി, കുന്താപുരം മലമ്പ്രദേശ റോഡു വഴി മംഗലാപുരത്തേക്ക് വരുന്ന വഴി ചെങ്കുത്തായ മലമ്പാതയില്‍ നിയന്ത്രണം വിട്ട് മീറ്ററുകളോളം താഴ്ചയുള്ള, ജനവാസ മുള്ള താഴ്വരയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതമാം വിധം രക്ഷപെടുകയും ചെയ്തു. അര്‍ദ്ധ രാത്രിയില്‍ മറിഞ്ഞ വണ്ടിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു. പിറ്റേന്ന് കാലത്ത് ഗ്രാമ വാസികള്‍ പെടോള് വണ്ടി മറിഞ്ഞതറിഞ്ഞു അതിന് ചുറ്റും തടിച്ചുകൂടി. കുട്ടികളും സ്ത്രീകളും അടക്കം., വണ്ടിയില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ചില ഗ്രാമ വാസികള്‍ ശേഖരിക്കാനും തുടങ്ങി. അതില്‍ ഒരുത്തന് തന്റെ സിഗരറ്റ് കത്തിക്കുകയും, പൊടുന്നനെ പെട്രോളിന് തീ പിടിച്ച് പൊട്ടി തെറിക്കുകയും, അതില്‍ നൂറില്‍പരം ഗ്രാമ വാസികള്‍,കുട്ടികളും സ്ത്രീകളും അടക്കം, വെന്തു മരിക്കുകയും ചെയ്തു.
ജില്ലാ കോടതിയില്‍ നടന്ന കേസ്സ്, കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടെ വാതങ്ങള്‍ ശരി വെക്കുകയും., ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥരല്ല എന്ന് വിധി എഴുതുകയും ചെയ്തു.
കമ്പനിയുടെ വാതങ്ങള്‍ ഇതൊക്കെയായിരുന്നു. ഒന്ന്- അപകടം നടന്നത്, അതായത് വാഹനം മറിഞ്ഞത്, തലേ ദിവസമാണ്, ആര്‍ക്കും ഒരു അപകടവും ഉണ്ടായില്ല. രണ്ട്- പൊതുസ്ഥലത്ത് വെച്ചോ , വാഹനം ഓടികൊണ്ടിരിക്കുംബോഴോ അല്ല അപകടം ഉണ്ടായത്.,മൂന്ന്- ഇത്രെയും അധികം ആളുകള്‍ മരിച്ചത് വാഹനം മറിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാണ്.നാല്- പെട്രോളിന് തീ പിടിക്കാന്‍ കാരണമായത് ഗ്രാമ വാസികള്‍ തന്നെ.... അത് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളില്‍ പെടാത്തത് കൊണ്ട് നഷ്ടപരിഹാരം നല്കാന് കഴിയില്ല.,
ഇവിടെ കമ്പനിയുടെ വാതങ്ങള്‍ വളരെ ശരിയാണ്. മഹാവിഷ്ണു നരസിംഹ രൂപത്തില്‍ അവതരിച്ച് രാക്ഷസനെ കൊല്ലുംബോഴുള്ള നിബന്ധനകള്‍ പോലെ കമ്പനിയുടെ പോളിസിയില്‍ പറഞ്ഞ രൂപത്തില്‍ വേണ്ടേ ആളുകള്‍ മരിക്കാന്‍.!
ഇവിടെയാണ് തന്റെടമുള്ള ന്യായാധിപന്മാരുടെ ഇടപെടല്‍ കണ്ടത്. കേസ്സ് അപ്പീലില്‍ വാതം കേട്ട ന്യായാധിപന്മാര് കീഴ് കോടതിയുടെ വിധി ന്യായത്തെ തിരുത്തി എഴുതി. അങ്ങനെ ഒരു വാഹനം അവരുടെ ഗ്രാമത്തില്‍ മറിഞ്ഞത് കൊണ്ടാണ് നിരക്ഷരരും, കുട്ടികളും അടങ്ങിയ ഗ്രാമവാസികള്‍ അവിടെ തടിച്ചു കൂടിയത്. ടാങ്കില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ഗ്രാമ വാസികള്‍ ശേഖരിച്ചത് സ്വാഭാവികം മാത്രം,. ഒരു പത്തു രൂപ നോട്ട് വഴിയരികില്‍ വീണു കിടന്നാല്‍ ഏതു മനുഷ്യനും അതെടുത്തു പോകും, അത് മനുഷ്യ സഹചമാണ്. അതുകൊണ്ട് മരിച്ചരുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്കാന് കമ്പനി ബാധ്യസ്ഥരാണ് എന്ന് വിധിയെഴുതി.
ഇത് എണ്‍പതുകളില്‍ ബോംബയില്‍ നടന്നത്........ ഇത് പോലെ ഭോപാലിലും പര്യാപ്തമായ വിധിയെഴുതാന്‍ ന്യായാധിപന്മാര്ക്ക് മനക്കരുത്തുണ്ടാകട്ടെ എന്ന് നമുക്കാശിക്കാം. ജുഡീഷ്യറിയുടെ കറ കളയാനല്ല , മനുഷ്യത്വത്തിന്റെ പേരിലെങ്കിലും.......
16 comments:
ഒന്നാം തരം പോസ്റ്റ്,
മറക്കരുതു സമദ്, നാം മറക്കരുത്!
ഭോപ്പാൽ ദുരന്തം ഇനിയും അവസാനിക്കാതെ തലമുറകളായി തുടർന്നുകൊണ്ടിരിക്കും...നഷ്ട്ടപ്പെട്ടവരുടെ മാത്രം സ്മരണകളായി ഇങ്ങിനെ എന്നുമെന്നും
ദുരന്താവശിഷ്ട്ട്ങ്ങളേ പോലെ തന്നെ ദാരുണ ചിത്രങ്ങൾ തന്നെ ; ഇപ്പോൾ ഇതിന്റെ ബാക്കിപത്രങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന തലമുറയുടെ പടങ്ങളും!
ഒപ്പം നഷ്ട്ടപരിഹാര കോടതികളെ പരമാർശിച്ചതും നന്നായി കേട്ടൊ.
നല്ലൊരു പോസ്റ്റ്...
ഈ വിധി നീതിക്ക് നിരക്കുന്നതല്ല, അല്ലെങ്ങിൽ ഇന്ത്യൻ ജുഡിഷറിയുടെയും അന്വേഷണ ഏജൻസികളുടേയും ന്യൂനതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സമയബദ്ധിതമായി ഒരു കോടതിയും വിധികൾ പ്രസ്താവിക്കുന്നില്ല എന്നതിൽ തുടങ്ങുന്നു നീതി നിഷേധം. ഇതൊരു വലിയ കേസ്സായതുകൊണ്ടല്ല വിധി പ്രസ്താവിക്കാൻ 25 വർഷമെടുത്തത്, അത് നമ്മുടെ കോടതിയുടെ മുഖമുദ്രയാണ്. ഒരു അതിർത്തി തർക്കംപോലും കോടതിയിൽ എത്തിയാലത്തെ അവസ്ഥ എന്താണ്? ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കാൻ 17 വർഷമെടുത്തു!
കാലോചിതമായി നമ്മുടെ നിയമവ്യവസ്ഥ മാറ്റിയെഴുതണം.
ലക്ഷങ്ങൾ ചിലവാകുന്ന വക്കീൽ ഫീസ് മുതൽ ഈ കേസ്സ് എന്ന് തീരുമെന്ന് ഒരു വിധത്തിലും കണക്ക് കൂട്ടുവാൻ സാധിക്കാത്ത കാലതാമസവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയായി!
നഷ്ടപരിഹാരം കുറവാണ്, ആന്റേർസനെ കിട്ടിയില്ല, പക്ഷെ വിധി പറയാൻ നീണ്ട 25 വർഷം എന്തിന് എടുത്തു? വിചാരണ തടവുകാരനായി മദനിയും കൂടെയുള്ളവരും 10 വർഷം ജയിലിൽ കിടന്നു!
ഒരാളെ ബുദ്ധിമുട്ടിക്കണമെങ്ങിൽ ചുമ്മാ കേസ്സുകൊടുത്താൽ മതിയെന്ന അവസ്ഥയാണ്!
ആദ്യമായി കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ട കേസാണിത്.
ഇന്ത്യക്കാരന് എന്ന നിലയില്‍ അഭിമാനിക്കാറുണ്ട് എപ്പോഴും .. പക്ഷെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍....
ആണവക്കരാറുമായി അമേരിക്കയുടെ മൂട് ഇനിയും നമുക്ക് താങ്ങി നടക്കാം. ഭോപ്പാലും മറ്റും നമുക്ക് തല്ക്കാലം മറക്കാം.
മീതൈല്‍ ഐസോ സൈനെറ്റിനു പകരം നൈട്രസ് ഒക്സൈട് നിര്‍മിക്കുന്ന കമ്പനി നമുക്ക് തുടങ്ങാം. പാവങ്ങള്‍ക്ക് മരിക്കുമ്പോഴും ചിരിച്ചു മരിക്കാമല്ലോ...അതിനേക്കാള്‍ ഭാഗ്യം മറ്റെന്തുണ്ട്?
നല്ല പോസ്റ്റ്.
ആ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി ഒരിറ്റു കണ്ണീര്.
ഇനിയും എഴുതൂ ഇത് പോലെ. വരാം.
നല്ല പോസ്റ്റ്.
ആ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി ഒരിറ്റു കണ്ണീര്.
ഇനിയും എഴുതൂ ഇത് പോലെ. വരാം.
നന്നായി ഈ എഴുത്ത്.
ഭോപ്പാലിന്റെ ദുര്'വിധി'!
എന്നിട്ടും നമ്മൾ ആണവകരറിന്റെ കൂടെ .അമേരിക്കക്കൊപ്പം . നാം ഒന്നും പടിച്ചിട്ടില്ല.ഭോപ്പാൽ ദുരന്തത്തെ ഓർക്കുമ്പോൾ ആരേടൊക്കയൊ ഉള്ള പക (ആണവ)ഭയമായി പടരുന്നു.
ഭോപാല്‍ കേസ്സിലെ ഒന്നാം പ്രതി "വാറന്‍ ആണ്ട്യൂസന്‍", സംഭവം നടന്ന് നാലാം ദിവസത്തികം ഇന്ത്യയില്‍നിന്ന് രക്ഷപെട്ടത് എങ്ങനെ എന്ന സത്ത്യം അറിയാന്‍ പാവം ഇന്ത്യന്‍ ജനതയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.,
ജൂണ്‍ ഏഴാം തിയതി, ഭോപ്പാല്‍ കേസ്സ് വിധിയോടെ "വാറന്‍ ആണ്ട്യൂസന്‍", എങ്ങനെ രക്ഷപെട്ടു എന്ന ചോദ്യത്തിലേക്ക് ശ്രദ്ധ വീണപോഴാണ് ആ സത്ത്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
മദ്യപ്രദേശ്ന്റെ ഔദ്യോകിക വിമാനം അദ്ദേഹത്തെ വിമാനത്താവളത്തില്‍ കത്തിരുന്നുവത്രേ. ഭോപ്പാല്‍ ജില്ലാ കളക്ടറുടെയും, പോലീസ് സുപ്രണ്ടിന്റെയും അകമ്പടിയോടെ അയാള്‍ വിമാന താവളത്തില്‍ വന്നു എന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത തന്നെ .
ശക്തമായ വിവരണം... നന്ദി..
ഔദ്യോഗിക കണക്കില്‍ പതിനയ്യായിരത്തിലധികം പേരും അനൗദ്യോഗികമായി 25,000 പേരും മരിച്ചുവീണ ഭോപ്പാല്‍ ദുരന്തബാധിതരെ വേദനിപ്പിച്ചുകൊണ്ട് 25 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായ അപഹാസ്യമായ കോടതി മരണപ്പെട്ടവരെയും ബന്ധുക്കളെയും ഒരുപോലെ അവഹേളിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനോ ദുരിത ബാധിതര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനോ കഴിയാത്ത ഭാരതസര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ നാണംകെട്ട് കുറ്റവാളിയായി നില്ക്കുന്നു.
യൂണിയന് കാര്‍ബൈഡിന്റെ മീതൈല്‍ ഐസോസയനേറ്റ് ഉത്പാദിപ്പിക്കുന്ന അമേരിക്കയിലെ കമ്പനി ജനവസമില്ലാത്ത പ്രദേശത്തായിരുന്നുവെങ്കില് ഇന്ത്യയില്‍ അവര്‍ അത് നഗരമദ്ധ്യത്തില്‍ റെയില്‍വേ േസ്റ്റഷനടുത്താണു സ്ഥാപിച്ചത്. ചോര്‍ച്ചയുണ്ടായാല്‍ തടയുന്നതിനോ വിഷവാതകം നിര്വ്വീര്യമാക്കുന്നതിനോ, അപകടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനോ അമേരിക്കയിലെ കമ്പനിയില്‍ ഏര്പ്പെടുത്തിയിരുന്നതുപോലെയുള്ള സംവിധാനങ്ങള്‍ ഭോപ്പാലില്ലായിരുന്നു. ഇന്ത്യാക്കാരന്റെ ജീവന് യാതൊരു വിലയും കല്പിക്കാതെ ലാഭേച്ഛയോടെ സുരക്ഷാസംവിധാനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയ യുണിയന്‍ കാര്‍ബൈഡിന്റെ അധികാരികള്‍ തീര്‍ച്ചയായും കൊലക്കുറ്റത്തിനായിരുന്നു ശിക്ഷിക്കപ്പെടേണ്ടണ്ടിയിരുന്നത്.
സര്‍ക്കാരും, അന്വേഷണ ഏജന്‍സികളും നീതിപീഠവും ബഹുരാഷ്ട്ര കമ്പികളും ചേര്‍ന്നുള്ള ക്രൂരമായ ഗൂഢാലോചനയുടെ ഇരകളാണ് ഭോപ്പാലിലെ ദുരിതബാധിതര്‍. നഷ്ടപരിഹാരമായി 330 കോടി അമേരിക്കന്‍ ഡോളര്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഒടുവില്‍ 47 കോടി യു.എസ്. ഡോളര്‍ നഷ്ടപരിഹാരം സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി, വാറന്‍ ആന്‍ഡേഴ്സണെ പിടികൂടി വിചരണക്കെത്തിക്കുന്നതില് പരാജയപ്പെട്ടു, മന:പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തുവെങ്കിലും താരതമ്യേന ലഘു ശിക്ഷ ലഭിക്കാവുന്ന അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പിലേക്കുമാറ്റാന് സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അതിന് വഴങ്ങി കൊടുത്തു, ഭോപ്പാല്‍, സര്‍ക്കാരിന് ഒരു വികാരമല്ലെന്ന് തെളിയിക്കാന്‍ ഏറെയുണ്ട് ഉദാഹരണങ്ങള്‍... കുറ്റക്കാരില്‍ ചിലര്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിക്കൊണ്ട്, സംഭവം നടന്ന് നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ വ്യവസ്ഥയിലെ കറുത്ത അദ്ധ്യായമാണ്.
ഈ വിധിയുടെ പാഠമുള്‍ക്കൊണ്ട് ബഹുരാഷ്ട്രക്കുത്തകളെ വഴിവിട്ടു സഹായിക്കുന്ന ഉദാരവത്കരണനയങ്ങള്‍ ഉപേക്ഷിക്കണമെന്നും ഭോപ്പാലിന് സമാനമായ ആണവദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബഹുരാഷ്ട്ര കുത്തകകളെ ഒഴിവാക്കുവാനുള്ള ആണവബാദ്ധ്യതാ ബില്‍ പുന:പരിശോധിക്കണമെന്നും രാജ്യത്തെ വ്യാവസായിക സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ജനസൗഹൃദപരവും കര്ക്കശവുമാക്കണമെന്നും ആവശ്യപ്പെട്ട് ആരാണ് ഈ രാജ്യത്ത് പ്രക്ഷോഭമുയര്ത്തുക ??? വികസനത്തിന്റെ ഇരകളെ ആര്‍ക്കാണ് താ്ലപര്യം ...????!!!
നല്ല പോസ്റ്റിനു ആദ്യമേ നന്ദി പറയുന്നു.
ദുരന്തത്തിനിരയായവരുടെയും, ഇപ്പോഴും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നവരുടെയും ചിത്രങ്ങള്‍ അതിദാരുണം. അപ്പോള്‍ എത്രത്തോളം ഭയാനകമായിരിക്കും അവര്‍ അനുഭവിചിട്ടുണ്ടാവുക.
അതെ ഭോപാലിലും പര്യാപ്തമായ വിധിയെഴുതാന്‍ ന്യായാധിപന്മാര്ക്ക് മനക്കരുത്തുണ്ടാകട്ടെ എന്ന് നമുക്കാശിക്കാം. ജുഡീഷ്യറിയുടെ കറ കളയാനല്ല, മനുഷ്യത്വത്തിന്റെ പേരിലെങ്കിലും.......
This happens only in India.
Samad ikkaa ..how are you? hope you fine there
Haii...How are you? hope you fine there
Post a Comment