Tuesday 31 March 2009

വെളുക്കാന്‍ തേച്ചതു പാണ്ടായി…!

വക്കീലായി എന്‍‌റോള്‍ ചെയ്തു മഞ്ചേരി ബാറില്‍ വരാന്‍ തീരുമാനിച്ച കാലം.നല്ല ചോരത്തിളപ്പോടെ ഏറ്റെടുത്ത ഏതുകാര്യവും നടത്താനും, പ്രതികരിക്കേണ്ടസ്ഥലങ്ങളില്‍ വേണ്ടരൂപത്തില്‍ പ്രതികരിക്കാനും ഒക്കെ ആര്‍ജ്ജവമുള്ള ആകാലം.

വക്കീലമ്മാർക്കു പ്രാക്ടീസിന്റെ ആദ്യ ഘട്ടത്തില്‍ കേസ്സുണ്ടാവില്ല കാശും. രണ്ടാം ഘട്ടത്തില്‍ കേസ്സുണ്ടാവും പക്ഷെ കാശുണ്ടാവില്ല (എല്ലാം സീനിയർഅടിച്ചു മാറ്റും). മൂന്നാം ഘട്ടത്തില്‍ സ്വന്തം കാലിന്‍ ആവുമ്പോള്‍ കേസ്സുണ്ടാവും കൂടെകാശും. ( ഒരു വക്കീലിന്റെ ജീവിതത്തിലെ സുവര്‍ണ്ണകാലം)നാലാം ഘട്ടത്തില്‍ പിന്നെ പ്രായമാകുമ്പോള്‍ കേസ്സുണ്ടാവില്ല പക്ഷെ കാശുണ്ടാവും (ജൂനിയേർസിനെ കൊണ്ടു ഭാരം ചുമപ്പിക്കാനും അവരെ വെച്ചുകാശുണ്ടാക്കാനും കഴിയുന്ന വിധം കുശാഗ്രബുദ്ധിയുണ്ടാവണമെന്നു മാത്രം). ഒരു നല്ല സീനിയറിന്റെ കൂടെ തുടക്കം കുറിക്കണം എന്നതായിരുന്നു എന്റെ ആദ്യ തീരുമാനം.

നല്ല ഒരു സീനിയര്‍ എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തിനു എന്നെക്കുറിച്ചു ആദ്യമേ തന്നെ നല്ല ഒരു മതിപ്പുണ്ടാക്കണം. അതിനു എന്തെങ്കിലും ചെയ്തേ മതിയാവൂ. അലോചിച്ചപ്പോള്‍ സെൻസിറ്റീവായ ഒരു ഇഷ്യൂവില്‍ താ‌ല്‍പ്പരനാണു അദ്ദേഹമെന്നു മനസ്സിലായി. ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം പോലെ ഇന്‍‌വെസ്റ്റിഗേറ്റീവ് ജുഡിക്കേച്ചര്‍വളരെ സെന്‍സിറ്റീവാണ്. പറ്റിയ വിഷയം മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും നിര്‍മ്മാണവും വിപണനവും. എന്‍റെ നാടിന്‍റെ പലഭാഗങ്ങളിലായി അനധികൃതമായ ചാരായം വാറ്റ് നടക്കുന്നസമയം. അതുപോലെ മയക്കു മരുന്ന് വില്പനയും പരസ്യമായും വ്യാപകമായും നടക്കുന്ന സമയം. വിഷയം അതുതന്നെ തെരെഞ്ഞെടുത്തു. ഞാന്‍തന്നെ എന്‍റെ സ്വന്തം റിസ്കില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ഇറങ്ങിത്തിരിച്ചു. സ്വന്തം പണം മുടക്കി പല സ്ഥലങ്ങളിലൂടെ യാത്രചെയ്തു.... പലരെയും രഹസ്യമായി കണ്ടു.അങ്ങനെ ഒരു പത്തിരുപതു ദിവസത്തെ കഠിന പരിശ്രമത്താല്‍ ഇതിന്‍റെ ഉറവിടത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു.

ഞാന്‍ ഒറ്റയ്ക്ക് മുട്ടിയാല്‍ ജയിക്കാന്‍ മാത്രമുള്ളതായിരുന്നില്ല അവരുടെവേരോട്ടവും സ്വാധീനവുമെല്ലാം. എങ്കിലും ഇവരെയെല്ലാം നിയമത്തിന്‍റെമുന്നില്‍ കൊണ്ടുവന്നിട്ടുതന്നെ കാര്യം എന്ന ദൃഢ നിശ്ചയത്തോടെ കിട്ടിയവിവരങ്ങളെല്ലാം ക്രോഢീകരിച്ചു പ്രസിദ്ധ പത്രങ്ങളിലെല്ലാംപ്രസിദ്ധീകരിച്ചു. യുവ തലമുറയെ വഴിതെറ്റിക്കുന്ന സ്രോതസ്സുകളെ ക്കുറിച്ച് ജനങ്ങളെയും അധികാരി വര്‍ഗ്ഗത്തെയും ശ്രദ്ധയില്‍ പെടുത്താന്‍ അതുവഴി എനിക്ക് കഴിഞ്ഞു. ഇതിനു പുറമേ ഉന്നത പോലീസ് തലത്തില്‍ തക്ക തെളിവുകള്‍ സഹിതം പരാതി വേറെയും നല്‍കി. തുടര്‍ന്നുള്ള രണ്ടുമൂന്നു നാളുകള്‍ നാട്ടില്‍ ഇതു വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് അത് ഒരു പേമാരി വന്നുപോയ പോലെയായി. എല്ലാരും ആ കഥ മറന്നു. ഈ ഞാനടക്കം. പക്ഷെ കക്ഷികൾ മറന്നില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ത്രിതല പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം പാപ്പിനിപ്പറ - പൂക്കോട്ടൂര്‍മലയോര പ്രദേശത്തുകൂടെ ഒരു ദിവസം യാത്രചെയ്ത സമയം പണ്ട് എനിക്ക് മയക്കുമരുന്നിനെയും കള്ള ചാരായത്തെയും കുറിച്ച് രഹസ്യമായി വിവരം തന്ന മലയോരപ്രദേശത്ത് ചായക്കട നടത്തുന്ന മമ്മുക്കയുടെ ചായക്കടക്കു മുന്നില്‍ ഞാന്‍ വണ്ടി നിര്‍ത്തിയിറങ്ങി. അവിടന്നങ്ങോട്ടു കള്ളച്ചാരായം വാറ്റുന്നവരുടേയും വിൽക്കുന്നവരുടേയും ആവാസകേന്ദ്രമാണ്. വോട്ടു ചോദിച്ചുള്ള ഈ പോക്കു ജീവനപായം വരുത്തുമോ എന്നുസ്വകാര്യമായി അറിയുകയായിരുന്നു ഉദ്ദ്യേശ്യം.“ മമ്മുക്കാ ഈ ഏരിയയില്‍ എന്റെ സാധ്യത എങ്ങനെയുണ്ട്?”അപകടമാണെന്നു സൂചനകിട്ടിയാല്‍ മടങ്ങാന്‍ തയ്യാറായിത്തന്നെയാണു ഞാന്‍ വണ്ടിനിര്‍ത്തിയിരുന്നത്.മമ്മുക്ക പറഞ്ഞു .......“വക്കീലേ നിങ്ങൾക്കിവിടെ നൂറില്‍ നൂറു മാര്‍ക്കും കിട്ടും!““അന്നത്തെ ആ പത്ര വാര്‍ത്തയൊക്കെ വളരെ നന്നായി. ഇത്രെയും കാലം ഇവിടെഇങ്ങിനെ ഒരു പരിപാടിയുള്ളത്‌ പുറം ലോകത്തിനു അത്രയ്ക്ക്അറിയില്ലായിരുന്നു. വക്കീലിന്‍റെ പത്ര വാര്‍ത്തക്ക് ശേഷം പലപ്രദേശത്തുനിന്നും ആളുകള്‍ ഇങ്ങോട്ട് വന്ന് ഇപ്പോള്‍ അവര്‍ക്ക് നല്ലബിസ്സിനസ്സാണ്.! കൂടെ എനിക്കും.! “ എന്നിലെ പ്രതികരണ ശേഷി എവിടെ പോയെന്ന് എന്നിക്ക് തന്നെ നിശ്ചയമില്ല....!!!!!!!വെളുക്കാന്‍ തേച്ചത് പാണ്ടായി.., എങ്കിലും ഒന്നു പറയാന്‍ എനിക്കു മടിയില്ല. ആ വാര്‍ഡില്‍ നിന്നായിരുന്നു എനിക്കു ഏറ്റവും ഭൂരിപക്ഷം.!

1 comment:

കരീം മാഷ്‌ said...

ശ്രദ്ധിക്കേണ്ട കാര്യം.
ഇന്നു പല സദുദ്ദേശ സംഗതികളും നെഗറ്റീവ് വാല്യു ആയി മാരുന്നതിപ്രകാരം.